കഠിനമായ ഒരു സമയത്ത് കൂടി കടന്നു പോവുന്ന നടനും സംവിധായകനുമായ പൃഥ്വിരാജിനു ആശ്വാസവാക്കുകളുമായി സഹപ്രവര്ത്തകന് ദുല്‍ഖര്‍ സല്മാന്. ഏറെ പ്രയാസമേറിയ ഒരു ചിത്രമാണ് പൃഥ്വിരാജ് ഇപ്പോള്‍ അഭിനയിച്ചു കൊണ്ടിരിക്കുന്ന ‘ആട് ജീവിതം’ എന്നും അതിന്റെ കഥാപാത്രം ആവശ്യപ്പെടുന്ന ശാരീരികമാറ്റം വരുത്തിക്കഴിഞ്ഞിട്ടു സിനിമ ചിത്രീകരിക്കാന്‍ കഴിയാതെ പോകുന്നത് ഒരു നടനെ സംബന്ധിച്ച് ഏറ്റവും ദുര്‍ഭാഗ്യകരമായ ഒരു കാര്യമാണ് എന്ന് പറഞ്ഞ ദുല്‍ഖര്‍ സല്മാന്, ഈ സമയത്ത് താന്‍ പൃഥ്വിരാജിനോട് പതിവുമേറെ സംസാരിക്കുന്നുണ്ട് എന്നും കൂട്ടിച്ചേര്‍ത്തു. ഫിലിം കംപാനിയനു നല്കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ദുല്‍ഖര്‍.
“പറ്റുമ്പോഴെല്ലാം പൃഥ്വിരാജുമായി സംസാരിക്കാറുണ്ട്. വളരെ സങ്കടമാണ് അവരുടെ കാര്യം. മൂന്ന് ആഴ്ചയിലേറെയായി ഷൂട്ടിംഗ് മുടങ്ങി അവര്‍ ജോര്‍ദാനില്‍ പെട്ടിരിക്കുകയാണ്. എപ്പോള്‍ മടങ്ങാല്‍ സാധിക്കും എന്നതിനെക്കുറിച്ചും ഒരു വ്യക്തതയില്ല. സംഘത്തിലെ ആര്‍ക്കും അസുഖമൊന്നുമില്ല എങ്കിലും ഇങ്ങനെ കഴിയേണ്ടി വരുന്നത് കഷ്ടമാണ്. ഈ ചിത്രത്തിന് വേണ്ടി പൃഥ്വി ഒരുപാട് കഷ്ടപ്പെട്ടിട്ടുണ്ട്, ഭാരം കുറയാനായി പട്ടിണി കിടന്നിട്ടുണ്ട്. അഞ്ചാറു മാസം എടുത്താണ് ഈ ചിത്രത്തിന് വേണ്ട ഒരു ശാരീരികാവസസ്ഥയിലേക്ക് പൃഥ്വി എത്തിയത്. അങ്ങനെ കഷ്ടപ്പെട്ട് തയ്യാറെടുത്തിട്ട് ചിത്രീകരിക്കാന്‍ സാധിക്കാതെ വരുന്നത് നിര്‍ഭാഗ്യകരമാണ്,” ദുല്‍ഖര്‍ പറഞ്ഞു.
ബ്ലെസ്സി സംവിധാനം ചെയ്യുന്ന ‘ആട് ജീവിതം’ എന്ന സിനിമയുടെ ചിത്രീകരണത്തിനായി ജോര്‍ദാനില്‍ എത്തിയ നടന് പൃഥ്വിരാജ് അടങ്ങുന്ന സംഘം കൊവിഡ്-19 മൂലം ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളില്‍പ്പെട്ടു അവിടെ കുടുങ്ങിയിരിക്കുകയാണ്. ചിത്രീകരണവും മുടങ്ങിയിരിക്കുകയാണ്. ഇവരെ തിരിച്ചു കൊണ്ട് വരാന്‍ പരിശ്രമങ്ങള്‍ നടന്നു എങ്കിലും വിമാനത്താവളങ്ങള്‍ അടച്ചിട്ടിരിക്കുന്നത് കാരണം അത് മുന്നോട്ട് പോയില്ല.
Read Here: ഷൂട്ടിങ് നിന്നു, ജോര്‍ദാനില്‍ നിന്നും എത്രയും പെട്ടെന്ന് മടങ്ങാന്‍ നിര്‍ദേശം: പൃഥ്വിരാജ്

കഷടതയേറിയ ഈ ദിനങ്ങളില്‍ പൃഥ്വിരാജുമായി താന്‍ ഏറെ സംസാരിക്കാറുണ്ട് എന്നും ദുല്‍ഖര്‍ സല്മാന് അഭിമുഖത്തില്‍ വെളിപ്പെടുത്തി.
“ഇടയ്ക്കിടയ്ക്ക് വിളിക്കാറുണ്ട്. ഞാന്‍ പൃഥ്വിയുടെയും പൃഥ്വി എന്റെയും സിനിമകള്‍ കണ്ടു അഭിപ്രായം പറയുന്നുണ്ട്. ഇത്രയും കാലം ഇങ്ങനെ ‘ബോണ്ട്’ ചെയ്യാന്‍ സാധിക്കാതെ പോയത് എന്ത് കൊണ്ട് എന്നറിയില്ല. പക്ഷേ ഇപ്പോള്‍ അത് സംഭവിച്ചതില്‍ സന്തോഷമുണ്ട്. രണ്ടു ദിവസം കൂടുമ്പോഴൊക്കെ വെറുതെ വിളിക്കും, അല്ലെങ്കില്‍ ഒരു മെസ്സേജ് അയയ്ക്കും. ‘ഒരു കാര്‍ വാങ്ങി’ എന്നൊക്കെ പറഞ്ഞാവും ചിലപ്പോള്‍ ഞാന്‍ മെസ്സേജ് അയയ്ക്കുക. വെറുതെ പൃഥ്വിയെ സന്തോഷിപ്പിക്കാന്‍ എന്തെങ്കിലും പറയാന്‍ ശ്രമിക്കും.”
കുടുംബസമേതം കൊച്ചിയിലെ വീട്ടിലാണ് ഇപ്പോള്‍ ദുല്‍ഖര്‍ സല്മാന്. സഹോദരിയുടെ കുടുംബം, ഉമ്മ, വാപ്പച്ചി എന്നിവര്‍ക്കൊപ്പം അപ്രതീക്ഷിതമായി വീണു കിട്ടിയ ‘ഫാമിലി ടൈം’ ആസ്വദിക്കുകയാണ് മലയാളത്തിന്റെ പ്രിയപ്പെട്ട കുഞ്ഞിക്ക. വര്‍ക്ക്ഔട്ട്, മകള്‍ മറിയവുമായി കളിയും സമയം ചെലവിടലും, പാചകം എന്നിങ്ങനെ തിരക്കിലാണ് താരം. ബ്രിന്ദ മാസ്റ്റര്‍ ആദ്യമായി സംവിധാനം ചെയ്യുന്ന തമിഴ് ചിത്രത്തിന്റെ ഷൂട്ടിംഗിനിടയില്‍ ലോക്ക്ഡൌണ്‍ പ്രഖ്യാപിച്ചപ്പോഴാണ് ദുല്‍ഖര്‍ നാട്ടില്‍ എത്തിയത്.