ചെന്നൈ: മലയാളത്തിലെ യുവതാരങ്ങളെ തമിഴ് സിനിമാ പ്രേമികള്‍ ഇരുകൈയും നീട്ടി സ്വീകരിച്ചിട്ടുണ്ട്. ഇതിന് ഏറ്റവും വലിയ തെളിവാണ് ദുല്‍ഖര്‍ സല്‍മാന്റേയും നിവിന്‍ പോളിയുടേയും ചിത്രങ്ങള്‍ക്ക് തമിഴില്‍ കിട്ടുന്ന സ്വീകാര്യത. ബാംഗ്ലൂര്‍ ഡെയ്സ് എന്ന ചിത്രത്തിനും ദുല്‍ഖറിനും തമിഴ് സിനിമാപ്രേമികള്‍ നല്‍കിയ സ്നേഹം ചെറുതൊന്നുമല്ല. പിന്നീട് ഈ ചിത്രം തമിഴിലേക്ക് മൊഴി മാറ്റിയപ്പോള്‍ ദുല്‍ഖറിന് പകരക്കാരനാവാന്‍ മറ്റാര്‍ക്കും ആവില്ലെന്ന് വാദിച്ചതും തമിഴ് സിനിമാപ്രേമികളാണ് പിന്നീട് ചാര്‍ലി എന്ന ചിത്രത്തേയും ഇവര്‍ നെഞ്ചിലേറ്റി.

പ്രേമം എന്ന ഒറ്റ ചിത്രത്തിലൂടെ തമിഴ് സിനിമാപ്രേമികളുടെ സ്നേഹം പിടിച്ചുപറ്റാന്‍ നിവിന്‍പോളിക്കുമായി. ഇപ്പോഴിതാ ഓണ്‍ലൈന്‍ പോര്‍ട്ടലായ ബിഹൈന്‍ഡ് വുഡ്സ് ഏര്‍പ്പെടുത്തിയ ബിഹൈന്‍ഡ് വുഡ്സ് ഗോള്‍ഡ് മെഡല്‍സ് 2017 പുരസ്കാരങ്ങളും മലയാളത്തിന്റെ ഈ അഭിമാന താരങ്ങള്‍ നേടി. 2016ല്‍ പുറത്തിറങ്ങിയ ചിത്രങ്ങള്‍ക്കാണ് പുരസ്കാരം. ചെന്നൈയില്‍ നടത്തിയ പുരസ്കാരദാന ചടങ്ങില്‍ ഇരുവര്‍ക്കും പുരസ്കാരങ്ങള്‍ സമ്മാനിച്ചു.

ആക്ഷന്‍ ഹീറോ ബിജു , ജേക്കബിന്റെ സ്വര്‍ഗരാജ്യം എന്നീ മലയാളത്തിലെ സൂപ്പര്‍ഹിറ്റ് ചിത്രങ്ങളിലൂടെയാണ് മികച്ച നടനുളള ഗോള്‍ഡ് മെഡല്‍ പുരസ്കാരത്തിന് നിവിന്‍ പോളി അര്‍ഹനായത്. മികച്ച നടനുളള നിരൂപക പുരസ്കാരത്തിനാണ് ദുല്‍ഖര്‍ സല്‍മാന്‍ അര്‍ഹനായത്. കമ്മട്ടിപ്പാടം എന്ന ചിത്രത്തില്‍ കൃഷ്ണന്‍ എന്ന കഥാപാത്രത്തെ അവിസ്മരണീയമാക്കിയതിനാണ് ദുല്‍ഖറിന് പുരസ്കാരം നേടിക്കൊടുത്തത്. ശിവകാര്‍ത്തികേയനാണ് ദുല്‍ഖറിന് പുരസ്കാരം സമ്മാനിച്ചത്.

കലി എന്ന ചിത്രത്തിലെ അഭിനയത്തിന് സായ് പല്ലവിയെ മലയാളത്തിലെ മികച്ച നടിയായി തെരഞ്ഞെടുത്തു. ജേക്കബിന്റെ സ്വര്‍ഗരാജ്യം സംവിധാനം ചെയ്ത വിനീത് ശ്രീനിവാസനാണ് മികച്ച സംവിധായകന്‍.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ