ദുല്‍ഖര്‍ സല്‍മാനേയും നിത്യാ മേനോനേയും കേന്ദ്ര കഥാപാത്രങ്ങളാക്കി മണിരത്‌നം സംവിധാനം ചെയ്ത ‘ഓകെ കണ്‍മണി’ എന്ന ചിത്രം പുറത്തിറങ്ങിയിട്ട് നാല് വര്‍ഷം. കൊതിപ്പിക്കുന്ന ദൃശ്യ വിരുന്നൊരുക്കിയ പി.സി ശ്രീറാമും, ഹൃദയത്തില്‍ തൊടുന്ന ഈണങ്ങളുമായെത്തിയ എ.ആര് റഹ്മാനും കൂടിയായിരുന്നു ഈ ചിത്രത്തിന്റെ വിജയം. 2015 ലാണ് ചിത്രം പുറത്തിറങ്ങിയത്.

ട്വിറ്ററിലൂടെ ചിത്രത്തിന്റെ നാലു വര്‍ഷങ്ങള്‍ ഓര്‍ക്കുകയാണ് സംഗീത സംവിധായകന്‍ എ.ആര്‍ റഹ്മാനും ഛായാഗ്രാഹകന്‍ പി.സി ശ്രീറാമും.

മുംബൈയിലെ കമ്പ്യൂട്ടര്‍ ഗെയിമുകള്‍ സൃഷ്ടിക്കുന്ന കമ്പനിയിലെ ഊര്‍ജ്ജസ്വലനായ ആദി (ദുല്‍ഖര്‍) എന്ന യുവാവിന്റെയും സ്വാതന്ത്ര്യത്തോടെ പറന്നു നടക്കുന്ന താര(നിത്യ) എന്ന ആര്‍ക്കിടെക്ടിന്റേയും കഥയാണ് ‘ഓകെ കണ്‍മണി’ പറഞ്ഞത്. സ്റ്റീവ് ജോബ്‌സ് , മാര്‍ക്ക് സക്കര്‍ബര്‍ഗ്ഗ് എന്നിവരെപ്പോലെ കോടീശ്വരനായി അമേരിക്കയില്‍ ജീവിതം ആഘോഷിക്കാന്‍ ആഗ്രഹിക്കുന്ന ആദി തീര്‍ത്തും അവിചാരിതമായാണ് താരയെ കണ്ടുമുട്ടുന്നത്. വിവാഹം എന്ന സമ്പ്രദായത്തോട് എതിര്‍പ്പുള്ള, കരിയറിനെ മറ്റെന്തിനേക്കാളും സ്‌നേഹിക്കുന്ന ഇരുവരും സമൂഹത്തിന്റെ വിലക്കുകളെ മറികടന്ന് ഒന്നിച്ചു ജീവിക്കാന്‍ തീരുമാനിക്കുന്നു. അവരുടെ ജീവിതത്തിലെ കുസൃതികളും സന്തോഷങ്ങളും ദുഃഖങ്ങളുമൊക്കെയാണ് ഓക്കെ കണ്‍മണിയുടെ ഇതിവൃത്തം.

വ്യത്യസ്ത തരം ബന്ധങ്ങളും അവയിലെ സങ്കീര്‍ണതകളും മണിരത്‌നത്തോളം നന്നായി അവതരിപ്പിച്ചിട്ടുള്ള സംവിധായകര്‍ കുറവായിരിക്കും. പ്രണയ ചിത്രങ്ങളുടെ തമ്പുരാനായ മണി രത്‌നം ഈ സിനിമയില്‍ ആധുനിക കാലത്തിന്റെ മാത്രമല്ല, രണ്ടു വൃദ്ധ ദമ്പതികളുടെ പ്രണയവും അവതരിപ്പിക്കുന്നുണ്ട്. ഗണപതി(പ്രകാശ് രാജ്), ഭവാനി(ലീല സാംസണ്‍) എന്നിവരുടെ ബന്ധവും ഏറെ ഹൃദയ സ്പര്‍ശിയായാണ് അദ്ദേഹം അവതരിപ്പിച്ചത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook