ദുൽഖർ സൽമാന് കാറുകളോട് വല്ലാത്ത പ്രിയമാണെന്ന് താരത്തെ അടുത്തറിയാവുന്നവർക്കെല്ലാം അറിയാം. അടുത്തിടെ തന്റെ പുതിയ ഫോക്സ്വാഗൺ പോളോയ്ക്കു വേണ്ടി വാപ്പച്ചിയുടെ ഇഷ്ടനമ്പറായ 369 ദുൽഖർ സ്വന്തമാക്കിയത് വാർത്തയായിരുന്നു. എറണാകുളം ആര്‍ടി ഓഫിസില്‍ നടന്ന നമ്പര്‍ലേലത്തില്‍ വാശിയേറിയ പോരാട്ടത്തിലൂടെയാണ് ഇഷ്ടനമ്പറായ കെ.എല്‍. 07 സി.എല്‍. 369 ദുല്‍ഖര്‍ സ്വന്തമാക്കിയത്.

കാറുകളോടുളള ദുൽഖറിന്റെ കമ്പം ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. ചെറുപ്പം മുതലേ താരത്തിന് കാറുകളോട് വല്ലാത്ത പ്രിയമാണ്. പ്രത്യേകിച്ച് മേഴ്സിഡസിനോട്. കാറുകളോടുളള തന്റെ പ്രണയത്തെക്കുറിച്ച് ദുൽഖർ ഫെയ്സ്ബുക്കിലൂടെ പങ്കുവച്ചിരിക്കുന്നു.

”എന്റെ ഇഷ്ട മേഴ്സിഡസായ W123 Mercedes ന്റെ ചിത്രം പോസ്റ്റ് ചെയ്യാൻ പലരും ആവശ്യപ്പെട്ടു. പക്ഷേ ചിലർ തെറ്റായ രീതിയിൽ അതിനെ ചിത്രീകരിക്കുമോയെന്നു വിചാരിച്ചാണ് ചിത്രം പോസ്റ്റ് ചെയ്യാതിരുന്നത്. ഇപ്പോൾ വളരെ ആവേശത്തോടെയാണ് ഞാൻ ചിത്രങ്ങൾ പോസ്റ്റ് ചെയ്യുന്നത്. ആരും ഇതിനെ മോശമായി വ്യാഖ്യാനിക്കരുതെന്ന് അഭ്യർഥിക്കുന്നു. ഇക്കൂട്ടത്തിലെ ചില സുന്ദരികളെ സൂക്ഷിക്കാൻ എനിക്ക് ഭാഗ്യം ലഭിച്ചിട്ടുണ്ട്. W123 നെ പ്രണയിക്കാൻ തുടങ്ങിയിട്ട് ഏറെ നാളായെന്ന് ഞാനിപ്പോഴും ഓർക്കുന്നു. നിരവധി സിനിമകളുടെ ഭാഗമായിട്ടുണ്ട്W123 Mercedes. അതിൽ എന്റെ ഇഷ്ടപ്പെട്ട ചിത്രങ്ങളിലൊന്നായ സാമ്രാജ്യത്തിലും ഉണ്ട്.

അതുപോലെതന്നെ TME 250 ചെന്നൈയിലെ ഒരു കുടുംബത്തിലാണ് ഉണ്ടായിരുന്നു. 1980 കളിൽ ആ വീട്ടിലെ മുത്തച്ഛനാണ് കാർ ഉപയോഗിച്ചിരുന്നത്. അദ്ദേഹത്തിന്റെ മരണത്തോടെ കാറിന്റെ ഉടമസ്ഥനായ രണ്ടാമൻ വീടിന്റെ ഒരു മൂലയിൽ TME 250 കൊണ്ടിട്ടു. വർഷങ്ങളോളം അയാൾ കാറിനെക്കുറിച്ച് മറന്നുപോയി. ഒരു കവർ മൂടുക പോലും ചെയ്യാതെ വർഷങ്ങളോളം അവൾ അങ്ങനെ കിടന്നു. ഞങ്ങൾ അവളെ കണ്ടെത്തുമ്പോൾ തുരുമ്പ് പിടിച്ച് മോശമായ സ്ഥിതിയിലായിരുന്നു. പിന്നീട് 3 വർഷങ്ങൾക്കുശേഷം അവളെ ഞങ്ങൾ ഉയിർത്തെഴുന്നൽപ്പിച്ചു. ഇന്ന് എന്റെ പ്രിയപ്പെട്ട Mercedes-Benz 250 യുടെ രൂപമെല്ലാം മാറി. അവൾക്ക് പുതുനിറം നൽകി. അവളെ മിടുക്കിയാക്കാൻ കഴിയുന്നതെല്ലാം ചെയ്തു. ഇന്നവൾക്ക് നന്നായി ഓടാൻ കഴിയുന്നുണ്ട്. ഷൂട്ടിങ്ങിന് പോകുമ്പോൾ അവളും ഇപ്പോൾ എന്റെ കൂടെ വരാൻ തുടങ്ങിയതായി” ദുൽഖർ പറയുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ