കുറുപ്പിന്റെ വലിയ വിജയത്തിനു ശേഷം ദുൽഖർ സൽമാൻ യാത്രയിലാണ്. ഹിമാചൽ പ്രാദേശിലാണ് താരമിപ്പോൾ. ഹിമാചൽ പ്രദേശിലെ കാഴ്ചകളും അവിടെയുള്ള ആളുകളുടെ ഒപ്പമുള്ള ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ പങ്കുവെച്ചരിക്കുകയാണ് ദുൽഖർ.
കഴിഞ്ഞ ദിവസം പോസ്റ്റ് ചെയ്ത ചിത്രങ്ങൾ കണ്ട് താൻ ദുഃഖത്തിലോ വിഷാദത്തിലോ ആണെന്ന് കരുതിയെങ്കിൽ അങ്ങനെയല്ല എന്ന് പറഞ്ഞു കൊണ്ടാണ് ദുൽഖർ ചിത്രങ്ങൾ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഒരു ചെഷർ ക്യാറ്റിനെ പോലെ താൻ പ്രകാശിക്കുകയാണെന്നാണ് ദുൽഖർ ചിത്രത്തിനു താഴെ കുറിച്ചിരിക്കുന്നത്.
കഴിഞ്ഞ ദിവസം ഹിമാചൽ പ്രദേശിലെ കാസയിലെ സ്പിറ്റി വാലിയിലൂടെ കാറോടിക്കുന്ന വീഡിയോ ദുൽഖർ പങ്കുവെച്ചിരുന്നു. അവിടുത്തെ മലനിരകളുടേയും തടാകങ്ങളുടെയും മൃഗങ്ങളുടെയും മനോഹര കാഴ്ചകളും വീഡിയോയിലുണ്ട്. ബക്കറ്റ് ലിസ്റ്റ് ഡെസ്റ്റിനേഷൻ എന്ന ഹാഷ്ടാഗ് നൽകിയാണ് ദുൽഖർ വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.
‘കുറുപ്പി’ന്റെ വിജയാഘോഷങ്ങൾക്കിടയിലാണ് ദുൽഖറിന്റെ ഹിമാചൽ യാത്ര. കഴിഞ്ഞ ദിവസം ചിത്രം 75 കോടി ക്ലബ്ബിലെത്തിയ സന്തോഷവാർത്ത ദുൽഖർ ആരാധകരെ അറിയിച്ചിരുന്നു.
Also Read: കരിക്കിലെ അർജുന് മംഗല്യം; എൻഗേജ്മെന്റ് ചിത്രങ്ങളുമായി താരം
ദുൽഖർ സൽമാന്റെ ഉടമസ്ഥതയിലുള്ള വേഫറെർ ഫിലിംസും എം സ്റ്റാർ എന്റർടെയ്ൻമെൻറ്സും ചേർന്നാണ് ‘കുറുപ്പ്’ നിർമ്മിച്ചിരിക്കുന്നത്. ഏതാണ്ട് 35 കോടിയോളം മുടക്കിയാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ദുൽഖർ സൽമാന്റെ ആദ്യചിത്രമായ സെക്കൻഡ് ഷോ ഒരുക്കിയ ശ്രീനാഥ് രാജേന്ദ്രൻ തന്നെയാണ് കുറുപ്പും സംവിധാനം ചെയ്തിരിക്കുന്നത്. മൂത്തോൻ എന്ന ചിത്രത്തിലൂടെ മലയാളത്തിലേക്ക് അരങ്ങേറ്റം കുറിച്ച ശോഭിത ധുലിപാലയാണ് ചിത്രത്തിൽ നായിക. ഇന്ദ്രജിത് സുകുമാരൻ, സണ്ണി വെയ്ൻ, ഷൈൻ ടോം ചാക്കോ, വിജയരാഘവൻ, പി. ബാലചന്ദ്രൻ, സുരഭി ലക്ഷ്മി, ശിവജിത് പത്മനാഭൻ തുടങ്ങി വലിയ താരനിര തന്നെ ചിത്രത്തിനുണ്ട്.
ജിതിൻ കെ. ജോസ് കഥ ഒരുക്കിയിരിക്കുന്ന ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത് ഡാനിയേൽ സായൂജ് നായരും കെ.എസ്. അരവിന്ദും ചേർന്നാണ്. നിമിഷ് രവി ഛായാഗ്രഹണവും സുഷിൻ ശ്യാം സംഗീത സംവിധാനവും നിർവഹിക്കുന്നു. ക്രിയേറ്റീവ് ഡയറക്ടറായി വിനി വിശ്വലാലും കുറുപ്പിന് പിന്നിലുണ്ട്. കമ്മാരസംഭവത്തിലൂടെ മികച്ച പ്രൊഡക്ഷൻ ഡിസൈനുള്ള ദേശീയ അവാർഡ് കരസ്ഥമാക്കിയ ബംഗ്ലാനാണ് ചിത്രത്തിന്റെ പ്രൊഡക്ഷൻ ഡിസൈനർ. മറ്റൊരു ദേശീയ അവാർഡ് ജേതാവായ വിവേക് ഹർഷനാണ് എഡിറ്റിങ് നിർവഹിച്ചത്.