ദുൽഖർ സൽമാൻ നായകനാവുന്ന കുറുപ്പ് സിനിമയുടെ ടൈറ്റിൽ പോസ്റ്റർ പുറത്തിറങ്ങി. ദുൽഖറിന്റെ പിറന്നാൾ ദിനത്തിന് താരത്തിന് സമ്മാനമായാണ് അണിയറ പ്രവർത്തകർ പോസ്റ്റർ പുറത്തുവിട്ടത്. ദുൽഖർ തന്റെ ഫെയ്സ്ബുക്ക് പേജിൽ പോസ്റ്റർ ഷെയർ ചെയ്തിട്ടുണ്ട്.

ദുൽഖറിന്റെ ആദ്യ ചിത്രമായ സെക്കന്റ് ഷോയുടെ സംവിധായകൻ ശ്രീനാഥ് രാജേന്ദ്രനാണ് കുറുപ്പ് സിനിമയുടെ സംവിധായകൻ. വർഷങ്ങളായി കേരളം തിരയുന്ന പിടികിട്ടാപ്പുളളി സുകുമാര കുറുപ്പിന്റെ വേഷത്തിലാണ് ദുൽഖർ ചിത്രത്തിലെത്തുന്നതെന്നാണ് വിവരം. ചിത്രത്തിലെ മറ്റു താരങ്ങളെക്കുറിച്ചുളള വിവരങ്ങളൊന്നും അണിയറ പ്രവർത്തകർ പുറത്തുവിട്ടില്ല.

1984ലാണ് എട്ട് ലക്ഷം രൂപയുടെ ഇൻഷുറൻസ് തുക ലഭിക്കാൻ വേണ്ടി ചാക്കോ എന്ന ഫിലിം റെപ്രസെന്റേറ്റീവിനെ മാവേലിക്കരയിൽ ദേശീയപാതയിൽവച്ച് കാറിലിട്ട് കത്തിച്ച് കൊലപ്പെടുത്തി സുകുമാരക്കുറുപ്പ് മുങ്ങിയത്. പിന്നെ സുകുമാര കുറുപ്പിനെ ആരും കണ്ടിട്ടില്ല.

മലയാളത്തിൽ ‘ഒരു യെമണ്ടൻ പ്രേമകഥ’ സിനിമയിലാണ് ദുൽഖർ ഇപ്പോൾ അഭിനയിക്കുന്നത്. ഇതിനു പുറമേ സലാം ബുഖാരി, മിഥുൻ മാനുവൽ തോമസ്​ ടീമി​​​​​ന്റെ ചിത്രത്തിലും ദുൽഖറാണ് നായകൻ. തമിഴിൽ ‘കണ്ണും കണ്ണും കൊളളയടിത്താൽ’ എന്ന ചിത്രത്തിന്റെ ഷൂട്ടിങ് ഏറെക്കുറെ അവസാന ഘട്ടത്തിലാണ്. ഇതിനു പുറമേ മറ്റൊരു തമിഴ് ബിഗ് ചിത്രത്തിനും ദുൽഖർ ഡേറ്റ് നൽകിയിട്ടുണ്ട്. ഹിന്ദിയിൽ സോനം കപൂർ നായികയാവുന്ന ‘ദി സോയ ഫാക്ടർ’ ചിത്രത്തിലും ദുൽഖറാണ് നായകൻ.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook