പ്രേക്ഷകരുടെ ഏറെ നാളത്തെ കാത്തിരിപ്പിനു വിരാമമിട്ട് ‘കുറുപ്പ്’ നാളെ തിയേറ്ററുകളിൽ എത്തുകയാണ്. രാവിലെ ഏഴു മണി മുതലാണ് കേരളത്തിൽ ചിത്രത്തിന്റെ ഷോ ആരംഭിക്കുന്നത്. ദുബായിൽ ചിത്രത്തിന്റെ പ്രീമിയർ നടന്നുകൊണ്ടിരിക്കുകയാണ് ഇപ്പോൾ. അതിനിടയിൽ, നിർഭാഗ്യവശാൽ കുവൈത്തിൽ ചിത്രത്തിന് വിലക്ക് എന്ന വാർത്തകളാണ് ഇപ്പോൾ പുറത്തുവന്നുകൊണ്ടിരിക്കുന്നത്. കുവൈത്ത് മിനിസ്റ്ററി ഓഫ് ഇൻഫോർമേഷനാണ് ചിത്രത്തിന് വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത്.
കേരളം കണ്ട ഏറ്റവും വലിയ പിടികിട്ടാപുള്ളിയായ സുകുമാര കുറുപ്പായി മലയാളത്തിന്റെ പ്രിയതാരം ദുൽഖർ സൽമാൻ എത്തുമ്പോൾ ആരാധകരും ആവേശത്തിലാണ്. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ എന്നിങ്ങനെ അഞ്ചു ഭാഷകളിലായാണ് ചിത്രം പ്രേക്ഷകരിലേക്കെത്തുക. ദുൽഖർ സൽമാന്റെ അരങ്ങേറ്റചിത്രമായ ‘സെക്കൻഡ് ഷോ’യുടെ സംവിധായകൻ കൂടിയായ ശ്രീനാഥ് രാജേന്ദ്രനാണ് ചിത്രം സംവിധാനം ചെയ്യുന്നത്.
‘മൂത്തോൻ’ എന്ന ചിത്രത്തിലെ നായികയായ ശോഭിത ധുലി പാലയാണ് ‘കുറുപ്പി’ൽ ദുൽഖറിന്റെ നായികയായി വേഷമിടുന്നത്. ഇന്ദ്രജിത്ത് സുകുമാരൻ, സണ്ണി വെയ്ൻ, ഷൈൻ ടോം ചാക്കോ , സുരഭി ലക്ഷ്മി, വിജയരാഘവൻ തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കൾ.
കേരളം, അഹമ്മദാബാദ്, ബോംബെ, ദുബായ്, മാംഗ്ളൂർ, മൈസൂർ എന്നിവിടങ്ങളിലായി ആറു മാസം കൊണ്ടാണ് ചിത്രം പൂർത്തീകരിച്ചത്. 105 ദിവസങ്ങൾ പൂർണമായും ഷൂട്ടിങ്ങിനായി ചിലവഴിച്ചു.
ജിതിൻ കെ ജോസിന്റെ കഥയ്ക്ക് തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത് ഡാനിയേൽ സായൂജ് നായരും കെ എസ് അരവിന്ദും ചേർന്നാണ്. നിമിഷ് രവി ഛായാഗ്രഹണവും സുഷിൻ ശ്യാം സംഗീത സംവിധാനവും നിർവഹിക്കുന്നു. ക്രീയേറ്റീവ് ഡയറക്ടറായി വിനി വിശ്വ ലാലും ‘കുറുപ്പി’ന് പിന്നിലുണ്ട്. ‘കമ്മാരസംഭവ’ത്തിലൂടെ മികച്ച പ്രൊഡക്ഷൻ ഡിസൈനുള്ള ദേശീയ അവാർഡ് കരസ്ഥമാക്കിയ ബംഗ്ലാനാണ് ചിത്രത്തിന്റെ പ്രൊഡക്ഷൻ ഡിസൈനർ. മറ്റൊരു ദേശീയ അവാർഡ് ജേതാവായ വിവേക് ഹർഷനാണ് എഡിറ്റിംഗ് നിർവഹിക്കുന്നത്.