ഒരിടവേളയ്ക്ക് ശേഷം തിയേറ്ററുകളെ സജീവമാക്കി വിജയകരമായി പ്രദർശനം തുടരുകയാണ് ദുൽഖർ സൽമാൻ ചിത്രം ‘കുറുപ്പ്’. നവംബർ 12നാണ് ചിത്രം തിയേറ്ററുകളിലെത്തിയത്. നാലു ദിവസം കൊണ്ട് 50 കോടി ക്ലബ്ബിൽ ഇടം നേടിയിരിക്കുകയാണ് ചിത്രം. ദുൽഖർ തന്നെയാണ് ഈ സന്തോഷം സോഷ്യൽ മീഡിയയിലൂടെ ആരാധകരുമായി പങ്കുവച്ചത്.
“ഇത് വളരെ വലുതാണ്! എനിക്കിത് ഉൾക്കൊള്ളാൻ പോലും കഴിയുന്നില്ല. ഉറക്കമില്ലാത്ത രാത്രികൾ, അനിശ്ചിതത്വത്തിന്റെയും ആശങ്കയുടെയും എണ്ണമറ്റ നിമിഷങ്ങൾ, അജ്ഞാത പ്രദേശങ്ങളിലൂടെ കടന്നുപോകുന്നതിലുള്ള സമ്മർദ്ദവും പിരിമുറുക്കവും എല്ലാം ഫലം കണ്ടിരിക്കുന്നു. ഞങ്ങൾ തുടങ്ങുമ്പോൾ, ഞങ്ങളുടെ ഏറ്റവും മികച്ചത് നൽകാൻ കഴിയണമെന്നും അത് നിങ്ങൾക്കെല്ലാവർക്കും ഇഷ്ടപ്പെടണമെന്ന് പ്രാർത്ഥിക്കുകയും ചെയ്തിരുന്നു. നിങ്ങളോടെല്ലാം എനിക്കുള്ള നന്ദി എങ്ങനെ വാക്കുകളിൽ വിവരിക്കണമെന്ന് എനിക്കറിയില്ല.”
“ഞങ്ങളെ തുറന്ന കൈകളോടെ സ്വീകരിച്ചതിന് നന്ദി. തിയേറ്ററുകളിലേക്ക് തിരിച്ചെത്തിയതിന് നന്ദി. ഞങ്ങൾക്കിത്രയും സ്നേഹം തന്നതിന് നന്ദി. ഇത് എന്റേതോ എന്റെ ടീമിന്റെയോ ജയം മാത്രമല്ല. ഇത് എല്ലാവരുടെയും വിജയമാണ്. ഇനിയും കൂടുതൽ സിനിമകൾ തിയേറ്ററുകളിൽ എത്തിക്കാം. നമുക്ക് സാധാരണ നിലയിലേക്ക് മടങ്ങാം. എന്റെ ഹൃദയത്തിന്റെ അടിത്തട്ടിൽ നിന്ന് നിങ്ങൾക്ക് ഓരോരുത്തർക്കും ഒരുപാട് സ്നേഹവും നന്ദിയും അയയ്ക്കുന്നു,” ദുൽഖർ കുറിച്ചതിങ്ങനെ.
അമ്പത് ശതമാനം സീറ്റിംഗ് കപ്പാസിറ്റിയിലാണ് തിയേറ്ററുകൾ ഇപ്പോൾ സിനിമകൾ പ്രദർശിപ്പിക്കുന്നത്. എന്നിട്ടും ഒരാഴ്ചയ്ക്ക് അകം തന്നെ ചിത്രം അമ്പത് കോടി ക്ലബിൽ ഇടം നേടിയെന്നത് മലയാളസിനിമാവ്യവസായത്തിന് ആകെത്തന്നെ ഉന്മേഷം പകരുന്ന ഒന്നാണ്. മലയാളത്തിൽ മാത്രമല്ല, തമിഴിലും തെലുങ്കിലുമെല്ലാം റെക്കോർഡ് ഓപ്പണിങ്ങാണ് കുറുപ്പിന് ലഭിച്ചത്.
Read more: കുറുപ്പ് വിജയാഘോഷം, മറിയം സ്റ്റൈൽ; വീഡിയോ
ദുൽഖർ സൽമാന്റെ ഉടമസ്ഥതയിലുള്ള വേഫറെർ ഫിലിംസും എം സ്റ്റാർ എന്റർടെയ്ൻമെൻറ്സും ചേർന്നാണ് ‘കുറുപ്പ്’ നിർമ്മിച്ചിരിക്കുന്നത്. ഏതാണ്ട് 35 കോടിയോളം മുടക്കിയാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ദുൽഖർ സൽമാന്റെ ആദ്യചിത്രമായ സെക്കൻഡ് ഷോ ഒരുക്കിയ ശ്രീനാഥ് രാജേന്ദ്രൻ തന്നെയാണ് കുറുപ്പും സംവിധാനം ചെയ്തിരിക്കുന്നത്. മൂത്തോൻ എന്ന ചിത്രത്തിലൂടെ മലയാളത്തിലേക്ക് അരങ്ങേറ്റം കുറിച്ച ശോഭിത ധുലിപാലയാണ് ചിത്രത്തിൽ നായിക. ഇന്ദ്രജിത് സുകുമാരൻ, സണ്ണി വെയ്ൻ, ഷൈൻ ടോം ചാക്കോ, വിജയരാഘവൻ, പി. ബാലചന്ദ്രൻ, സുരഭി ലക്ഷ്മി, ശിവജിത് പത്മനാഭൻ തുടങ്ങി വലിയ താരനിര തന്നെ ചിത്രത്തിനുണ്ട്.
ജിതിൻ കെ. ജോസ് കഥ ഒരുക്കിയിരിക്കുന്ന ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത് ഡാനിയേൽ സായൂജ് നായരും കെ.എസ്. അരവിന്ദും ചേർന്നാണ്. നിമിഷ് രവി ഛായാഗ്രഹണവും സുഷിൻ ശ്യാം സംഗീത സംവിധാനവും നിർവഹിക്കുന്നു. ക്രിയേറ്റീവ് ഡയറക്ടറായി വിനി വിശ്വലാലും കുറുപ്പിന് പിന്നിലുണ്ട്. കമ്മാരസംഭവത്തിലൂടെ മികച്ച പ്രൊഡക്‌ഷൻ ഡിസൈനുള്ള ദേശീയ അവാർഡ് കരസ്ഥമാക്കിയ ബംഗ്ലാനാണ് ചിത്രത്തിന്റെ പ്രൊഡക്‌ഷൻ ഡിസൈനർ. മറ്റൊരു ദേശീയ അവാർഡ് ജേതാവായ വിവേക് ഹർഷനാണ് എഡിറ്റിങ് നിർവഹിച്ചത്.