മലയാളത്തിലെ യുവതാരം ദുല്‍ഖര്‍ സല്‍മാന്‍റെ അടുത്ത ചിത്രം ‘മഹാനതി’ മെയ് 9ന് റിലീസ് ചെയ്യുമെന്ന് നിര്‍മ്മാതാക്കള്‍. തമിഴ്-തെലുങ്ക് -കന്നഡ ഭാഷകളില്‍ ഒരുമിച്ചു റിലീസ് ചെയ്യുന്ന ചിത്രത്തില്‍ നടന്‍ ജെമിനി ഗണേശന്‍റെ വേഷമാണ് ദുല്‍ഖര്‍ അവതരിപ്പിക്കുന്നത്. തെന്നിന്ത്യന്‍ താര റാണി സാവിത്രിയുടെ ജീവിത കഥ പറയുന്ന ‘മഹാനതി’യില്‍ സാവിത്രിയായി എത്തുന്നത് കീര്‍ത്തി സുരേഷാണ്. ഇരുവരും ജോഡികളായുള്ള ചിത്രത്തിന്‍റെ പോസ്റ്ററുകള്‍ക്ക് തന്നെ വലിയ സ്വീകരണമാണ് ലഭിച്ചത്.
“മികച്ച അഭിനേത്രിയുടെ ജീവിതത്തിലെ തീവ്ര പ്രണയകഥ, മെയ് 9ന് തിരശീലയില്‍ തെളിയും” എന്നാണ് നിര്‍മ്മാതാക്കളായ വൈജയന്തി മൂവീസ് സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചത്. ‘നടികര്‍ തിലകം’ എന്നാണ് തമിഴ് പതിപ്പിന് പേരിട്ടിരിക്കുന്നത്. ശിവാജി ഗണേശനാണ് ‘നടികര്‍ തിലകം’ (നടന്മാരില്‍ മുന്‍ നിരയില്‍ ഉള്ളയാള്‍) എന്നറിയപ്പെട്ടിരുന്നത്, സ്ത്രീകളില്‍ സാവിത്രി ‘നടികര്‍ തിലകം’ (നടികളില്‍ മുന്‍ നിരയില്‍ ഉള്ളയാള്‍) എന്നും. ‘കാതല്‍ മന്നന്‍’ (പ്രണയത്തിന്‍റെ രാജാവ്) എന്നാണ് ജെമിനി ഗണേശന്‍ അറിയപ്പെടിരുന്നത്.
തീവ്രമായ ഒരു അനുരാഗ പര്‍വ്വത്തിനു ശേഷം സാവിത്രിയും ജെമിനി ഗണേശനും വിവാഹിതരായി. സാവിത്രിയുമായുള്ള വിവാഹസമയത്ത് ജെമിനി ഗണേശന് രണ്ടു ഭാര്യമാരുണ്ടായിരുന്നു. സാവിത്രിയുമായുള്ള വിവാഹ ബന്ധം നിലനില്‍ക്കെത്തന്നെ അദ്ദേഹം വീണ്ടുമൊരു വിവാഹം കൂടി കഴിച്ചിരുന്നു.

ദുല്‍ഖര്‍ സല്‍മാന്‍, കീര്‍ത്തി സുരേഷ് എന്നിവരെക്കൂടാതെ സാമന്ത അക്കിനേനി, അര്‍ജുന്‍ റെഡ്ഡി എന്ന ചിത്രത്തിലൂടെ പ്രശസ്തനായ വിജയ് ദേവരകൊണ്ട എന്നിവരും അഭിനയിക്കുന്നു. ചിത്രത്തില്‍ വിഖ്യാതനായ തെന്നിന്ത്യന്‍ നിര്‍മ്മാതാവ് അക്കിനേനി നാഗേശ്വര റാവുവിന്‍റെ വേഷം ചെയ്യുന്നത് അദ്ദേഹത്തിന്‍റെ കൊച്ചു മകനായ നാഗ ചൈതന്യ അക്കിനേനി ആണെന്നുന്ന രസകരമായ ഒരു കാര്യവുമുണ്ട്.
വൈജയന്തി മൂവീസിന്‍റെ ബാനറില്‍ നാഗ് അശ്വിന്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ദുല്‍ഖറും കീര്‍ത്തിയും ആയിരുന്നില്ല ഈ ചിത്രത്തിന് വേണ്ടി ആദ്യം സമീപിക്കപ്പെട്ടവര്‍ എന്നതൊരു രസകരമായ കാര്യമാണ്. സാവിത്രിയെ അവതരിപ്പിക്കുന്നതിനായി സംവിധായകന്‍ ആദ്യം സമീപിച്ചിരുന്നത് നിത്യാ മേനോനെ ആയിരുന്നുവത്രേ. എന്നാല്‍ ഈ കഥാപാത്രം ചെയ്യാന്‍ താരം തയ്യാറായില്ല. തുടര്‍ന്ന് സാമന്തയെ സമീപിച്ചു. എന്നാല്‍ സാവിത്രിയെ അവതരിപ്പിക്കാന്‍ സാമന്തയും തയ്യാറായില്ല. പിന്നീടാണ് കീര്‍ത്തി സുരേഷിന് നറുക്കുവീണത്.
അതുപോലെ ജെമിനി ഗണേശന്‍റെ വേഷം ചെയ്യാന്‍ ആദ്യ തമിഴിലെ മുന്‍ നിര നായകന്മാരായ സൂര്യ, അജിത് എന്നിവരെ പരിഗണിച്ചതിന് ശേഷമാണ് ദുല്‍ഖറിലേക്ക് സംവിധായകന്‍ എത്തുന്നത്.