ജീവിത കഥകള്‍ പറയുന്ന ‘ബയോപിക്ക്’ വിഭാഗത്തില്‍ പെട്ട ഒരു ചിത്രത്തില്‍ ആദ്യമായിട്ട് അഭിനയിക്കുകയാണ് ദുല്‍ഖര്‍ സല്‍മാന്‍. തെലുങ്കില്‍ ‘മഹാനടി’ എന്നും തമിഴില്‍ ‘നടികർ തിലകം’ എന്നും പേരിട്ടിരിക്കുന്ന ചിത്രമാണത്. തെന്നിന്ത്യയിലെ തിളങ്ങുന്ന താരമായിരുന്ന നടി സാവിത്രിയുടെ ജീവിതകഥ പറയുന്ന ചിത്രം.

ഇരുപതോളം സിനിമകളില്‍ സാവിത്രിയുടെ നായകനായി അഭിനയിച്ച് പിന്നീട് അവരുടെ ജീവിതത്തിലേയും നായകനായി മാറിയ ജെമിനി ഗണേശനായി ദുല്‍ഖര്‍ സല്‍മാന്‍ വേഷമിടുമ്പോള്‍ സാവിത്രിയായി എത്തുന്നത്‌ മലയാളിയായ കീര്‍ത്തി സുരേഷ്. സംവിധായകന്‍ നാഗ് അശ്വിന്‍.

dq as gemini 2

താന്‍ ആദ്യമായി തെലുങ്കില്‍ സ്വന്തം ശബ്ദത്തില്‍ ‘ഡബ്ബ്’ ചെയ്യുന്നു എന്ന് കുറിച്ച് ദുല്‍ഖര്‍ സല്‍മാന്‍ സോഷ്യല്‍ മീഡിയയില്‍ കുറിക്കുകയും ചെയ്തിരുന്നു.

“എന്‍റെ പരീക്ഷകള്‍ക്ക് പോലും ഞാന്‍ ഇങ്ങനെ പഠിച്ചിട്ടില്ല. എന്‍റെ എല്ലാം കൊടുത്തു ആദ്യമായി തെലുങ്കില്‍ സ്വന്തം ശബ്ദത്തില്‍ ഡബ്ബ് ചെയ്യുകയാണ്” എന്ന് കുറിച്ച ദുല്‍ഖര്‍ #geminiman #whatteguy എന്ന ഹാഷ് ടാഗുകളിലൂടെ താന്‍ അവതരിപ്പിക്കുന്ന കഥാപാത്രത്തിനെക്കുറിച്ചുള്ള ആശ്ചര്യവും പ്രകടിപ്പിച്ചു.

നടി സാവിത്രിയുടെ ജീവിതകഥയാണ് പറയുന്നതെങ്കിലും ജെമിനി ഗണേശന്‍റെ കഥാപാത്രത്തിന് വലിയ പ്രാധാന്യമുണ്ട് ‘മഹാനടി’യില്‍.

തെന്നിന്ത്യന്‍ സിനിമ കണ്ട ഏറ്റവും ‘ഡ്രമാറ്റിക്’ ആയ പ്രണയകഥകളില്‍ ഒന്നാണ് ജെമിനി ഗണേശനും സാവിത്രിയും തമ്മിലുള്ളത്. അവരുടെ കഥ പല ഘട്ടങ്ങളിലായി ചരിത്രം രേഖപ്പെടുത്തിയിട്ടുള്ളത് ഇങ്ങനെയാണ്.

1920 നവംബര്‍ 17ന് തമിഴ്നാട്ടിലെ പുതുകോട്ടയില്‍ ജനിച്ച ഗണപതി സുബ്രമണ്യ ശര്‍മ്മ എന്ന ജെമിനി ഗണേശനും 1936 ജനുവരി 4ന് ആന്ധ്രാപ്രദേശിലെ ഗുണ്ടൂര്‍ ജില്ലയില്‍ ജനിച്ച സാവിത്രിയും ആദ്യമായി കണ്ടുമുട്ടുന്നത് മദിരാശിയിലെ ജെമിനി സ്റ്റുഡിയോയില്‍ വച്ചാണ്. അഭിനയത്തില്‍ തൽപരയായിരുന്ന സാവിത്രിയുടെ ചിത്രങ്ങള്‍ എടുത്തതും ചെറു അഭിമുഖം നടത്തിയതും ജെമിനി സ്റ്റുഡിയോയിലെ കാസ്റ്റിങ് അസിസ്റ്റന്റ്‌ ആയിരുന്ന ഗണേശനായിരുന്നു. അന്നെടുത്ത സാവിത്രിയുടെ ചിത്രങ്ങളുടെ കൂടെ അദ്ദേഹം കുറിച്ചതിങ്ങനെയായിരുന്നുവത്രേ.

“Looks promising if given an opportunity.”, എന്ന്. “അവസരം കിട്ടിയാല്‍ തെളിയാന്‍ സാധ്യതയുള്ള പ്രതിഭ’ എന്ന്.

ഇംഗ്ലീഷില്‍ വായിക്കാം: Savitri and Gemini Ganesan: The story of the Nadigaiyar Thilagam and Kadhal Mannan

gemini ganeshan and savithri

ജെമിനി ഗണേശനും സാവിത്രിയും, ചിത്രം. ഫെയ്സ്ബുക്ക്‌

ഇരുപത്തിയെട്ട് വയസുകാരനായിരുന്ന ഗണേശന്‍ സിനിമയില്‍ ചെറിയ വേഷങ്ങള്‍ ചെയ്തിരുന്ന കാലമായിരുന്നു അത്. 1950 കളുടെ തുടക്കത്തില്‍ ജെമിനി ഗണേശനും സാവിത്രിയും ശ്രദ്ധേമായ വേഷങ്ങള്‍ ചെയ്ത് താരങ്ങളായി മാറി. അതിനോടൊപ്പം പ്രണയബദ്ധരുമായി.

തന്‍റെ 20-ാം വയസ്സില്‍ തന്നെ അലമേലു എന്ന ബാബ്ജിയുമായി വിവാഹിതനായിരുന്നു ജെമിനി ഗണേശന്‍. സാവിത്രിയുമായി പ്രണയത്തില്‍ ആയിരിക്കുമ്പോള്‍ തന്നെ മറ്റൊരു കാമുകിയായ പുഷ്പവല്ലിയും ഗണേശന്‍റെ ജീവിതത്തിലേക്ക് എത്തി.

എന്നാല്‍ ഇതൊന്നും തന്നെ ജെമിനി ഗണേശന്‍-സാവിത്രി പ്രണയത്തെ തെല്ലും ബാധിച്ചില്ല. അപ്പോഴേക്കും തെന്നിന്ത്യയിലെ തിരക്കുള്ള നടിയായി മാറിയിരുന്നു സാവിത്രി. രഹസ്യമായി വിവാഹിതരായ ഇവര്‍ 1956ല്‍ തങ്ങളുടെ വിവാഹം പരസ്യപ്പെടുത്തി. സാവിത്രിയുടെ കുടുംബത്തിന്‍റെ താത്പര്യങ്ങള്‍ക്ക് എതിരായിരുന്നു ജെമിനി ഗണേശനുമായുള്ള അവരുടെ വിവാഹം.

ഒരു പരസ്യത്തില്‍ അഭിനയിച്ച സാവിത്രി അതില്‍ ‘സാവിത്രി ഗണേശന്‍’ എന്ന് ഒപ്പിട്ടത് തുടങ്ങി വിവാദങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കും വഴി തുറന്ന്, വാര്‍ത്തകളില്‍ നിറഞ്ഞു ഇവരുടെ പ്രണയവും വിവാഹവും. രണ്ടു മക്കളുമുണ്ടായി ഈ വിവാഹത്തില്‍ – വിജയ എന്ന മകളും സതീഷ്‌ എന്ന മകനും.

 

മുന്‍കാല ശീലങ്ങളുടെ തുടര്‍ച്ചയെന്നോണം വൈകാതെ മറ്റൊരു പ്രണയബന്ധത്തില്‍ പെട്ടു ജെമിനി ഗണേശന്‍. തന്നെക്കാള്‍ പ്രായത്തില്‍ വളരെക്കുറഞ്ഞ ജൂലിയാന എന്ന പെണ്‍കുട്ടിയെ വിവാഹവും കഴിച്ചു. സ്വകാര്യ ജീവിതത്തില്‍ നേരിട്ട തിരിച്ചടികളും മങ്ങി തുടങ്ങിയ സിനിമാ ജീവിതവും സാവിത്രിയെ കടുത്ത മദ്യപാനിയാക്കി. 46-ാം വയസില്‍ അവര്‍ മരിക്കുകയും ചെയ്തു.

അമ്മയുടെ ജീവിതം സിനിമയാകുന്നതിനെക്കുറിച്ച് സാവിത്രിയുടെ മകള്‍ വിജയ ‘ഡെക്കാന്‍ ക്രോണിക്കിലി’നോട് പറഞ്ഞതിങ്ങനെ.

“പുതിയ തലമുറ അമ്മയെക്കുറിച്ച് അറിയാന്‍ ആഗ്രഹിക്കുന്നു എന്നത് വലിയ സന്തോഷമുണ്ടാക്കിയ കാര്യമാണ്. തന്‍റെ പ്രശ്നങ്ങള്‍ എങ്ങനെ കൈകാര്യം ചെയ്യണം എന്നറിയാത്ത ആളായിരുന്നു അമ്മ. 19 മാസം കോമയില്‍ കിടന്ന ശേഷമാണ് അമ്മ മരിക്കുന്നത്. വലിയ സങ്കടങ്ങളുടെ സമയമായിരുന്നു അത്. ഞങ്ങളുടെ അച്ഛന്‍ മുഴവന്‍ സമയവും കൂടെത്തന്നെയുണ്ടായിരുന്നു. അദ്ദേഹത്തിനും വലിയ മനഃപ്രയാസമായിരുന്നു. അവര്‍ തമ്മിലുള്ള പ്രശ്നങ്ങള്‍ എല്ലാം നിലനില്‍ക്കെത്തന്നെ അമ്മയുടെ കഷ്ടപ്പാട് കണ്ട് അച്ഛന്‍ വല്ലാതെ വേദനിച്ചിരുന്നു.”

Savithri death

സാവിത്രിയുടെ ഭൗതികശരീരത്തിനരികില്‍ ജെമിനി ഗണേശന്‍. ചിത്രം-ഇന്‍സ്റ്റഗ്രാം/golden_south_indian_cinema

സാവിത്രിയുടെ മരണത്തിനു ശേഷവും സിനിമയില്‍ സജീവമായിരുന്ന ജെമിനി ഗണേശന്‍  2005 മാര്‍ച്ച്‌ 22ന് തന്‍റെ 84-ാം വയസിലാണ് മരിക്കുന്നത്.

ബോളിവുഡ് താരം രേഖ, അമേരിക്കയില്‍ കാന്‍സര്‍ രോഗ വിദഗ്‌ധയായ ഡോ.രേവതി സ്വാമിനാഥന്‍, തമിഴ്നാട്ടിലെ പ്രശസ്തയായ ഗൈനക്കോളോജിസ്റ്റ് ഡോ.കമല സെല്‍വരാജ്, പത്രപ്രവര്‍ത്തകയായ നാരായണി ഗണേശന്‍, ഡോ.ജയാ ശ്രീധര്‍ എന്നിവര്‍ ഉള്‍പ്പടെ നാല് വിവാഹങ്ങളിലുമായി ഏഴു മക്കളുണ്ട് ജെമിനി ഗണേശന്.

ജെമിനി ഗണേശനും രേഖയും. ചിത്രം.ഫെയ്സ്ബുക്ക്‌

‘നടികര്‍ തിലകം’, ‘മക്കള്‍ തിലകം’ എന്നും ശിവാജി ഗണേശനും എംജിആറും അറിയപ്പെട്ടിരുന്ന കാലത്ത് ‘നടികര്‍ തിലകം’ എന്നും ‘കാതല്‍ മന്നന്‍’ എന്നും അറിയപ്പെട്ടിരുന്നവരാണ് ജെമിനി ഗണേശനും സാവിത്രിയും. തെന്നിന്ത്യയുടെ ‘ആദ്യ ലേഡി സൂപ്പര്‍ സ്റ്റാര്‍’ എന്നറിയപ്പെട്ടിരുന്ന സാവിത്രിയുടെ ജീവിതം സിനിമയില്‍ രേഖപ്പെടുത്താനുള്ള ശ്രമമായ ‘നടികര്‍ തിലകം’. മെയ്‌ 9ന് തിയേറ്ററുകളില്‍ എത്തും.

ദുല്‍ഖര്‍ സല്‍മാന്‍, കീര്‍ത്തി സുരേഷ് എന്നിവരെക്കൂടാതെ സാമന്ത അക്കിനേനി, അര്‍ജുന്‍ റെഡ്ഡി എന്ന ചിത്രത്തിലൂടെ പ്രശസ്തനായ വിജയ്‌ ദേവരകൊണ്ട എന്നിവരും അഭിനയിക്കുന്നു. ചിത്രത്തില്‍ വിഖ്യാതനായ തെന്നിന്ത്യന്‍ നിര്‍മ്മാതാവ് അക്കിനേനി നാഗേശ്വര റാവുവിന്‍റെ വേഷം ചെയ്യുന്നത് അദ്ദേഹത്തിന്‍റെ കൊച്ചു മകനായ നാഗ ചൈതന്യ അക്കിനേനി ആണെന്ന രസകരമായ ഒരു കാര്യവുമുണ്ട്.

mahanati wrapped keerthy suresh savithri

സാവിത്രിയ്ക്ക് പ്രണാമം അറിപ്പിക്കുന്ന കീര്‍ത്തി സുരേഷ്

വൈജയന്തി മൂവീസിന്‍റെ ബാനറില്‍ നാഗ് അശ്വിന്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.  ഈ ചിത്രത്തിന് വേണ്ടി ആദ്യം സമീപിച്ചിരുന്നത ദുല്‍ഖറിനെയും കീര്‍ത്തിയെയും ആയിരുന്നില്ല.   സാവിത്രിയെ അവതരിപ്പിക്കുന്നതിനായി സംവിധായകന്‍ ആദ്യം സമീപിച്ചിരുന്നത് നിത്യാ മേനോനെ ആയിരുന്നുവത്രേ. എന്നാല്‍ ഈ കഥാപാത്രം ചെയ്യാന്‍ താരം തയ്യാറായില്ല. തുടര്‍ന്ന് സാമന്തയെ സമീപിച്ചു. എന്നാല്‍ സാവിത്രിയെ അവതരിപ്പിക്കാന്‍ സാമന്തയും തയ്യാറായില്ല. പിന്നീടാണ് കീര്‍ത്തി സുരേഷിന് നറുക്കുവീണത്.

അതുപോലെ ജെമിനി ഗണേശന്‍റെ വേഷം ചെയ്യാന്‍ ആദ്യ തമിഴിലെ മുന്‍ നിര നായകന്മാരായ സൂര്യ, അജിത്‌ എന്നിവരെ പരിഗണിച്ചതിന് ശേഷമാണ് ദുല്‍ഖറിലേക്ക് സംവിധായകന്‍ എത്തുന്നത്‌.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ