ദുല്‍ഖര്‍ സല്‍മാന്‍ നായകനായ തെലുങ്ക്-തമിഴ് പീരിയഡ് ചിത്രം ‘നടികര്‍ തിലകം’ (തെലുങ്കില്‍ ‘മഹാനടി’) മെയ്‌ 9ന് റിലീസിനൊരുങ്ങുകയാണ്. മുന്‍ കാല താരങ്ങള്‍ ജെമിനി ഗണേശന്‍, സാവിത്രി എന്നിവരുടെ പ്രണയ ജീവിതങ്ങള്‍ പറയുന്ന ചിത്രം സംവിധാനം ചെയ്യുന്നത് നാഗ് അശ്വിനാണ്. സാവിത്രിയുടെ കഥയ്ക്ക്‌ പ്രാമുഖ്യം നല്‍കുന്ന ചിത്രത്തില്‍ സാവിത്രിയായി എത്തുന്നത്‌ കീര്‍ത്തി സുരേഷാണ്. ചിത്രത്തിലെ ആദ്യ ഗാനം (സിംഗിള്‍) ഇന്നലെ റിലീസ് ചെയ്തു. ദുല്‍ഖറും കീര്‍ത്തിയും ചേര്‍ന്നുള്ള ‘മൂഗ മനസുലു’ എന്ന് തുടങ്ങുന്ന ഗാനത്തിന്‍റെ തെലുങ്ക്‌ ആലപിച്ചിരിക്കുന്നത് ശ്രേയാ ഘോഷാല്‍, അനുരാഗ് കുല്‍ക്കര്‍ണ്ണി എന്നിവര്‍ ചേര്‍ന്നാണ്.

“ഞാന്‍ ഈ പാട്ടുമായി പ്രണയത്തിലാണ്. ഒരു നിത്യഹരിത ഗാനമായി എന്നും ഇതെന്‍റെയുള്ളില്‍ ഉണ്ടാവുമെന്ന് മനസ് പറയുന്നു. ഈ വീഡിയോ കാണുമ്പോള്‍ നിങ്ങള്‍ ഓരോരുത്തര്‍ക്കും മനസിലാകും, ഇതിനു പിന്നില്‍ എന്ത് മാത്രം അധ്വാനമുണ്ടെന്ന്.”, പാട്ട് പങ്കു വച്ച് കൊണ്ട് ദുല്‍ഖര്‍ കുറിച്ചു.

മിക്കി ജെ മേയര്‍ സംഗീത സംവിധാനം നിര്‍വ്വഹിച്ച ഗാനത്തെക്കുറിച്ച് ശ്രേയാ ഘോഷാല്‍ പറഞ്ഞതിങ്ങനെ.

“ഇത് പാടുമ്പോള്‍ ഞാന്‍ മറ്റൊരു ലോകത്ത് എത്തിയത് പോലെ തോന്നി. ശരിക്കും മാന്ത്രികതയുള്ള ഒരു ഗാനം. മിക്കി ജെ മേയറുടെ ഗംഭീര വര്‍ക്ക്‌ ആണിത്”, ശ്രേയ ട്വിറ്ററില്‍ എഴുതി.

വായിക്കാം: നാല് ഭാര്യമാര്‍, ഏഴു മക്കള്‍, അനേകം പ്രണയങ്ങള്‍: ദുല്‍ഖര്‍ സല്‍മാനെ ‘ക്ഷ’ വരപ്പിക്കുന്ന ജെമിനി ഗണേശന്‍

“നിങ്ങളുടെ ശബ്ദം കൊണ്ട് നിങ്ങളതിനെ കൂടുതല്‍ ഭാവതരളവും ദിവ്യവുമാക്കി ശ്രേയാ” എന്നാണ് ദുല്‍ഖര്‍ ശ്രേയയുടെ പോസ്റ്റിനു താഴെ കുറിച്ചിരിക്കുന്നത്.

“സ്ക്രീനില്‍ നിങ്ങള്‍ പകരുന്ന മാജിക്ക് കാണാന്‍ ഞാന്‍ കാത്തിരിക്കുന്നു, എല്ലാ ആശംസകളും” എന്ന് ശ്രേയയും മറുപടി പറഞ്ഞു.

ദുല്‍ഖര്‍ സല്‍മാന്‍, കീര്‍ത്തി സുരേഷ് എന്നിവരെക്കൂടാതെ സാമന്ത അക്കിനേനി, അര്‍ജുന്‍ റെഡ്ഡി എന്ന ചിത്രത്തിലൂടെ പ്രശസ്തനായ വിജയ്‌ ദേവരകൊണ്ട എന്നിവരും അഭിനയിക്കുന്നു. ചിത്രത്തില്‍ വിഖ്യാതനായ തെന്നിന്ത്യന്‍ നിര്‍മ്മാതാവ് അക്കിനേനി നാഗേശ്വര റാവുവിന്‍റെ വേഷം ചെയ്യുന്നത് അദ്ദേഹത്തിന്‍റെ കൊച്ചു മകനായ നാഗ ചൈതന്യ അക്കിനേനി ആണെന്ന രസകരമായ ഒരു കാര്യവുമുണ്ട്.

 

ഈ ചിത്രത്തിന് വേണ്ടി ആദ്യം സമീപിച്ചിരുന്നത ദുല്‍ഖറിനെയും കീര്‍ത്തിയെയും ആയിരുന്നില്ല. സാവിത്രിയെ അവതരിപ്പിക്കുന്നതിനായി സംവിധായകന്‍ ആദ്യം സമീപിച്ചിരുന്നത് നിത്യാ മേനോനെ ആയിരുന്നുവത്രേ. എന്നാല്‍ ഈ കഥാപാത്രം ചെയ്യാന്‍ താരം തയ്യാറായില്ല. തുടര്‍ന്ന് സാമന്തയെ സമീപിച്ചു. എന്നാല്‍ സാവിത്രിയെ അവതരിപ്പിക്കാന്‍ സാമന്തയും തയ്യാറായില്ല. പിന്നീടാണ് കീര്‍ത്തി സുരേഷിന് നറുക്കുവീണത്.

അതുപോലെ ജെമിനി ഗണേശന്‍റെ വേഷം ചെയ്യാന്‍ ആദ്യ തമിഴിലെ മുന്‍ നിര നായകന്മാരായ സൂര്യ, അജിത്‌ എന്നിവരെ പരിഗണിച്ചതിന് ശേഷമാണ് ദുല്‍ഖറിലേക്ക് സംവിധായകന്‍ എത്തുന്നത്‌.

ചിത്രം: ഫേസ്ബുക്ക്‌

Get Malayalam News and latest news update from India and around the world. Stay updated with today's latest Entertainment news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ