സത്യൻ അന്തിക്കാടിന്റെ മകൻ അനൂപ് സത്യൻ സംവിധാനം ചെയ്യുന്ന ചിത്രം പല തലമുറകളുടെ സംഗമമാണ്. മമ്മൂട്ടി, സുരേഷ് ഗോപി, ദുൽഖർ സൽമാൻ, കല്യാണി പ്രിയദർശൻ എന്നിവർ മുഖ്യവേഷങ്ങളിലെത്തുന്ന സിനിമയുടെ ചിത്രീകരണം പുരോഗമിക്കുകയാണ്. അതിനിടെ അണിയറപ്രവർത്തകർ പുറത്തുവിട്ടിരിക്കുന്ന ചില ഫൊട്ടോഗ്രാഫുകൾ കാഴ്ചക്കാരിൽ ചിരിയുണർത്തുകയാണ്.
Read More: സല്ലുവെന്ന് വിളിക്കണോ സ്റ്റൈലിഷ് ഡിക്യുവെന്ന് വിളിക്കണോ; ശോഭനയ്ക്ക് സംശയം
ടെറസിനു മുകളിൽ സൊറ പറഞ്ഞ് ചിരിച്ചുല്ലസിച്ചിരിക്കുന്ന ദുൽഖര്‍ സൽമാനും കല്യാണിയുമാണ് ഈ ചിത്രത്തിലുള്ളത്. കല്യാണിയുടെ കൈയിലിരിക്കുന്ന കടലാസിൽ ഒരു പെൺകുട്ടിയുടെ രൂപം വരച്ചിരിക്കുന്നതായും കാണാം. ഈ ചിത്രം ഇൻസ്റ്റഗ്രാമിൽ കല്യാണി പങ്കുവച്ചിട്ടുണ്ട്.
“നിങ്ങൾക്ക് പത്ത് മിനിറ്റിനുള്ളിൽ വിമാനത്താവളത്തിൽ എത്തേണ്ടി വരികയും അപ്പോൾ തന്നെ നിങ്ങളുടെ സംവിധായകന് ഒരു ഷോട്ട് എടുക്കേണ്ടിവരികയും ചെയ്യുമ്പോൾ… അപ്പോളാണ് സെറ്റിൽ മാജിക് സംഭവിക്കുന്നത്,” എന്നായിരുന്നു കല്യാണിയുടെ പോസ്റ്റിന്റെ അടിക്കുറിപ്പ്. ഇതിന് മറുപടിയുമായി അനൂപ് സത്യനും എത്തി. “എനിക്ക് ഈ സീക്വൻസ് ഇഷ്ടമാണ്. കല്യാണിക്കും ഇൻഡിഗോയ്ക്കും നന്ദി,” എന്നാണ് അനൂപ് കുറിച്ചത്.
ദുൽഖർ സൽമാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ എം സ്റ്റാർ ഫിലിംസും വേഫാറര്‍ ഫിലിംസുമാണ് ചിത്രം നിർമിക്കുന്നത്. ലാല്‍ ജോസിനൊപ്പം സഹസംവിധായകനായി പ്രവര്‍ത്തിച്ചിട്ടുള്ള അനൂപ് സത്യൻ ആദ്യമായി സ്വതന്ത്ര സംവിധായകനാകുന്ന ചിത്രം, ചെന്നൈയില്‍ സ്ഥിരതാമസമാക്കിയ രണ്ടു പേരുടെ ജീവിതകഥയാണ് പറയുന്നത്. ചെന്നൈയിലാണ് ചിത്രത്തിൻ്റെ ഷൂട്ടിങ് പുരോഗമിക്കുന്നത്. ചിത്രീകരണം അവസാന ഘട്ടത്തിലാണ്. ഫൺ ഫാമിലി എൻ്റർടെയ്നർ ചിത്രമായാണ് ഇതൊരുക്കുന്നത്.
മുന്‍പ് ഈ സിനിമയുടെ ലൊക്കേഷനില്‍ നിന്നുളള സുരേഷ് ഗോപിയുടെയും ശോഭനയുടെയും ദുൽഖറിൻ്റെയും അടക്കമുള്ള ലൊക്കേഷൻ ചിത്രങ്ങൾ വൈറലായി മാറിയിരുന്നു. ചിത്രത്തിന് ഇതുവരെ പേരിട്ടിട്ടില്ല.
ദുൽഖർ സൽമാൻ്റെ പ്രൊഡക്ഷൻ കമ്പനിയുടെ നേതൃത്വത്തിൽ അണിയറയിൽ മൂന്നു ചിത്രങ്ങളാണ് പുരോഗമിക്കുന്നത്. അതിൽ ഈ മൂന്നാമതായി പ്രഖ്യാപിച്ച ചിത്രമാണ് ഇത് എങ്കിലും ആദ്യം തിയേറ്ററുകളിലെത്താൻ ഒരുങ്ങുന്നത് അനൂപ് സത്യൻ ഒരുക്കുന്ന ഈ ചിത്രമാണ്. ‘കുറുപ്പ്’, ‘മണിയറയിലെ അശോകൻ’ എന്നീ ചിത്രങ്ങളാണ് ദുൽഖർ സൽമാൻ്റെ പ്രൊഡക്ഷൻ കമ്പനി നിർമിക്കുന്ന മറ്റു രണ്ടു ചിത്രങ്ങൾ.
ഉയരെ, ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള എന്നീ ചിത്രങ്ങൾക്ക് ക്യാമറ ചലിപ്പിച്ച മുകേഷ് മുരളീധരനാണ് ഈ ചിത്രത്തിൻ്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. ചിത്രത്തിലെ ഗാനങ്ങൾക്ക് സംഗീതമൊരുക്കുന്നത് അല്‍ഫോണ്‍സ് ജോസഫാണ്. ദിനോ ശങ്കറാണ് ചിത്രത്തിൻ്റെ പ്രൊഡക്ഷന്‍ ഡിസൈൻ നിര്‍വഹിക്കുന്നത്. ടോബി ജോണ്‍ എഡിറ്റിങ്ങും ഉത്തരാ മേനോന് വസ്ത്രാലങ്കാരവും കൈകാര്യം ചെയ്യുന്നു. 2020 ജനുവരി അവസാനത്തോടെ ചിത്രം തിയേറ്ററുകളിലെത്തിക്കാനാണ് അണിയറപ്രവർത്തകരുടെ ലക്ഷ്യം.