ദുല്‍ഖര്‍ സല്‍മാല്‍ ഒരു ചെറിയ ഇടവേളക്ക് ശേഷം മലയാളത്തില്‍ മടങ്ങിയെത്തുന്ന ചിത്രമാണ് ‘ഒരു യമണ്ടന്‍ പ്രേമകഥ’. ചിത്രത്തിലെ നായികയെ പരിചയപ്പെടുത്തിയിരിക്കുകയാണ് ദുല്‍ഖര്‍ ഇപ്പോള്‍. സംയുക്താ മേനോനാണ് ‘ഒരു യമണ്ടന്‍ പ്രേമകഥ’യിലെ നായിക. ചിത്രത്തില്‍ ജെസ്‌ന എന്ന കഥാപാത്രത്തെയാണ് സംയുക്ത അവതരിപ്പിക്കുന്നത്.’പ്രണയലോലുപ’ എന്നാണ് ജെസ്‌നയെ പോസ്റ്ററില്‍ വിശേഷിപ്പിച്ചിരിക്കുന്നത്.

ഹാസ്യത്തിന് പ്രാധാന്യം നല്‍കിയുളള ചിത്രത്തിലെ ദുല്‍ഖറിന്റെ പ്രകടനത്തിനായുളള കാത്തിരിപ്പിലാണ് ആരാധകര്‍. ചിത്രത്തിന്റെ ടൈറ്റിലില്‍ തന്നെ കൗതുകമുണര്‍ത്തികൊണ്ടാണ് സിനിമ വരുന്നത്. സോളോ എന്ന ബിജോയ് നമ്പ്യാര്‍ ചിത്രത്തിനു ശേഷം ദുല്‍ഖര്‍ മലയാളത്തിലേക്ക് എത്തിയ സിനിമ കൂടിയാണ് ഒരു യമണ്ടന്‍ പ്രേമകഥ. ചിത്രത്തില്‍ വേറിട്ടൊരു ഗെറ്റപ്പിലാണ് ദുല്‍ഖര്‍ സല്‍മാന്‍ എത്തുന്നത്.

ബിസി നൗഫല്‍ സംവിധാനം ചെയ്യുന്ന ചിത്രം ഒരു പക്ക എന്റര്‍ടെയ്നര്‍ തന്നെയായിരിക്കും. കട്ടപ്പനയിലെ ഹൃത്വിക്ക് റോഷന്‍,അമര്‍ അക്ബര്‍ ആന്റണി എന്നീ ചിത്രങ്ങള്‍ക്കു ശേഷം ബിബിന്‍ ജോര്‍ജ്ജ് വിഷ്ണു ഉണ്ണികൃഷ്ണന്‍ ടീം തിരക്കഥയെഴുതിയിരിക്കുന്നു. എഴുത്തിനു പുറമെ ചിത്രത്തില്‍ കഥാപാത്രങ്ങളായി എത്തുന്നുമുണ്ട് ഇരുവരും. നിഖില വിമലും ചിത്രത്തിലുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍.

സലീം കുമാര്‍, സൗബിന്‍ സാഹിര്‍ എന്നിവരെ കൂടാതെ ധര്‍മജന്‍ ബോള്‍ഗാട്ടി, വിഷ്ണു ഉണ്ണികൃഷ്ണന്‍, രമേഷ് പിഷാരടി തുടങ്ങിയവരും പ്രധാന വേഷത്തിലെത്തുന്നുണ്ട്. ഛായാഗ്രഹണം സുജിത് വാസുദേവും എഡിറ്റിങ്ങ് ജോണ്‍ കുട്ടിയും നിര്‍വ്വഹിക്കുന്നു. നാദിര്‍ഷയാണ് ചിത്രത്തിന് സംഗീതമൊരുക്കുന്നത്. ഹാസ്യത്തിന് പ്രാധാന്യം നല്‍കുന്ന ചിത്രം നിര്‍മ്മിക്കുന്നത് ആന്റോ ജോസഫ് ആണ്. ഫോര്‍ട്ട് കൊച്ചിയും മട്ടാഞ്ചേരിയുമാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷനുകള്‍.

Get Malayalam News and latest news update from India and around the world. Stay updated with today's latest Entertainment news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ