മകളുടെ ജനന വാര്‍ത്ത ലോകത്തെ അറിയിച്ചതിന് പിന്നാലെ ദുല്‍ഖര്‍ സല്‍മാന്‍റെ മറ്റൊരു സോഷ്യല്‍ മീഡിയ പോസ്റ്റും ശ്രദ്ധേയമാകുന്നു. ക്രീട് എന്ന അമേരിക്കന്‍ റോക്ക് ബാന്‍ഡിന്റെ ‘With Arms Wide Open’ എന്ന് തുടങ്ങുന്ന ഗാനത്തിന്‍റെ വരികളാണ് ദുല്‍ഖര്‍ മകള്‍ക്ക് വേണ്ടി ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ്‌ ചെയ്തത്.

രണ്ടും കൈകളും നീട്ടി മകളെ സ്വീകരിക്കുമെന്നും അവള്‍ക്ക് ലോകവും സ്നേഹവും കാണിച്ചു കൊടുക്കുമെന്നും ഒരച്ഛന്‍ മകളോട് പറയുന്നതാണ് വരികളുടെ സാരാംശം. തന്‍റെ ഇപ്പോഴത്തെ മാനസികാവസ്ഥ ഇതിലും നന്നായി പ്രതിഫലിക്കുന്ന മറ്റൊരു വരികളും കണ്ടെത്താനാവില്ല എന്ന അടിക്കുറിപ്പോടു കൂടിയാണ് പോസ്റ്റ്‌.

ക്രീട് ബാന്‍ഡിന്‍റെ മുഖ്യ ഗായകനായ സ്കോട്ട് സ്റ്റാപ് ആണ് ഈ ഗാനത്തിന്‍റെ രചയിതാവ്. അച്ഛനാകാന്‍ പോകുന്ന വാര്‍ത്ത കേട്ടപ്പോഴാണ് സ്കോട്ട് ഈ വരികള്‍ എഴുതിയത്. ചെറുപ്പക്കാരനായ ഒരു യുവാവ്, അച്ഛനും രക്ഷകര്‍ത്താവുമായി പരിണമിക്കുന്നതിന്റെ സന്തോഷം കലര്‍ന്ന ആശങ്കകളാണ് ഗാനത്തില്‍ പരാമര്‍ശിക്കുന്നത്.

മികച്ച റോക്ക് ഗാനത്തിനുള്ള ഗ്രാമി അവാര്‍ഡ് ലഭിച്ച ഈ ഗാനം വര്‍ഷങ്ങളോളം ഹിറ്റ്‌ പട്ടികയില്‍ ഒന്നാം സ്ഥാനത്ത് തുടര്‍ന്നു. ഗാനത്തെക്കുറിച്ച് സ്കോട്ട് ഒരിക്കല്‍ പറഞ്ഞതിങ്ങനെ,

മമ്മൂട്ടി അമാലിനൊപ്പം

‘നമ്മുടെ കുട്ടികള്‍ നമ്മെക്കാളും ഉയരത്തിലെത്തണം എന്നല്ലേ നമ്മള്‍ ഇപ്പോഴും ആഗ്രഹിക്കുന്നത്? ജീവിതയാത്രയില്‍ നമ്മള്‍ കടന്നു പോയ അനുഭവങ്ങളെക്കാളും മികച്ച അനുഭവങ്ങള്‍ ഉണ്ടാകണമെന്നും. അങ്ങനെ ആലോചിച്ചാല്‍ മനസ്സിലാകും, ഈ ഗാനത്തിന് തലമുറകളുടെ സ്വീകാര്യത എങ്ങനെയുണ്ടായി എന്ന്. മാതാപിതാക്കള്‍ക്ക് കുട്ടികളോടുള്ള വികാരം യൂണിവേര്‍സല്‍ ആണെന്നും കൂടി തെളിയിക്കുന്നുണ്ട് ഈ ഗാനം’

ഇതിനിടെ തന്‍റെ കുഞ്ഞിന്റേത് എന്ന പേരില്‍ സോഷ്യല്‍ മീഡിയയില്‍ വ്യാജ ചിത്രങ്ങള്‍ പ്രചരിപ്പിക്കരുതെന്നും, തങ്ങളുടെ സ്വകാര്യതയെ മാനിക്കണം എന്നും ഇന്നലെ മറ്റൊരു പോസ്റ്റില്‍ ദുല്‍ഖര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

30 വയസ്സുകാരന്‍ ദുല്‍ഖര്‍ സല്‍മാനും ഭാര്യ അമാല്‍ സുഫിയക്കും മെയ്‌ അഞ്ചാം തീയതിയാണ് ഒരു പെണ്‍കുഞ്ഞ് ജനിച്ചത്‌. സിഐഎ എന്ന തന്‍റെ പുതിയ ചിത്രത്തിന്‍റെ റിലീസ് ദിവസം തന്നെ മകള്‍ പിറന്നത്‌ ഇരട്ടി സന്തോഷമെന്നും, തന്‍റെ ജീവിതത്തിലെ ഏറ്റവും വലിയ സ്വപ്നമാണ് ഇന്ന് പൂവണിഞ്ഞത് എന്നും കുറിച്ചാണ് താന്‍ അച്ഛനായ വിവരം ദുല്‍ഖര്‍ ലോകത്തെ അറിയിച്ചത്.

ദുല്‍ഖറിന്‍റെ അച്ഛനമ്മമാര്‍ മമ്മൂട്ടിയും സുല്‍ഫത്തുമുള്‍പ്പെടെ എല്ലാ കുടുംബാംഗങ്ങളും കുഞ്ഞിന്‍റെ ജനന സമയത്ത് ചെന്നൈയിലെ മദര്‍ ഹുഡ് ആശുപത്രിയില്‍ എത്തിയിരുന്നു. സിനിമാ രംഗത്ത് നിന്നും ദുല്‍ഖറിന്‍റെ അടുത്ത കൂട്ടുകാരായ വിക്രം പ്രഭു, നസ്രിയ എന്നിവരും കുഞ്ഞിനെ വരവേല്‍ക്കാന്‍ എത്തിയവരുടെ കൂട്ടത്തിലുണ്ട്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ