scorecardresearch
Latest News

നീയാണ് ബെസ്റ്റ്; ദുൽഖറിന് കുഞ്ഞിയുടെ പിറന്നാൾ ആശംസ

മലയാളത്തിന്റെ പ്രിയനടൻ ദുൽഖർ സൽമാന് ഇന്ന് പിറന്നാൾ

നീയാണ് ബെസ്റ്റ്; ദുൽഖറിന് കുഞ്ഞിയുടെ പിറന്നാൾ ആശംസ

സിനിമയ്ക്ക് പുറത്ത് ജീവിതത്തിലും നല്ല സൗഹൃദം സൂക്ഷിക്കുന്നവരാണ് ദുൽഖർ സൽമാനും നസ്രിയയും. ഇരുവരുടെയും കുടുംബങ്ങൾ തമ്മിലും നല്ല സൗഹൃദമുണ്ട്. ദുൽഖറിന്റെ ഭാര്യ അമാൽ സൂഫിയയുടെ ആത്മമിത്രമാണ് നസ്രിയ. പിറന്നാൾ ദിനത്തിൽ സ്നേഹത്തോടെ താൻ ബം എന്നു വിളിക്കുന്ന ദുൽഖറിന് ആശംസകൾ നേരുകയാണ് നസ്രിയ. കുഞ്ഞി എന്നാണ് ദുൽഖർ നസ്രിയയ്ക്ക് നൽകിയ വിളിപ്പേര്.

“ഹാപ്പി ബർത്ത്ഡേ ബം….നീയാണ് ബെസ്റ്റ്, എല്ലാറ്റിലും. പാചകം, എന്റർടെയിനിംഗ്… എന്തിന് എന്നെ ഇറിറ്റേറ്റ് ചെയ്യുന്നതിലും കളിയാക്കുന്നതിലും വരെ… എപ്പോഴും കുഞ്ഞിയുടെ കാളുകൾ എടുക്കുന്നു… മുമ്മു ബേബിയുടെ ഏറ്റവും നല്ല അച്ഛൻ… നല്ല മകൻ…. മികച്ച സഹോദരൻ… എന്റെ അമയുടെ മികച്ച ഭർത്താവ്… വാക്കുകൾക്കതീതമായി നിങ്ങളെ സ്നേഹിക്കുന്നു…. മികച്ചൊരു ജന്മദിനമാവട്ടെ, കാരണം നിങ്ങൾ മികച്ചത് മാത്രമാണ് അർഹിക്കുന്നത്,” നസ്രിയ കുറിക്കുന്നു.

താരങ്ങളും സുഹൃത്തുക്കളും ആരാധകരുമടക്കം സമൂഹമാധ്യമങ്ങളിൽ ദുൽഖറിനുള്ള ആശംസകൾ കൊണ്ട് നിറയുകയാണ്. നടൻ മോഹൻലാൽ, പൃഥ്വിരാജ്, ടൊവിനോ തോമസ്, കുഞ്ചാക്കോ ബോബൻ എന്നിവരും ദുൽഖറിന് ആശംസകൾ നേർന്നിട്ടുണ്ട്.

ടൗണിലെ ഏറ്റവും മികച്ച ബർഗർ ഷെഫ് എന്നാണ് പൃഥ്വിരാജ് ആശംസകുറിപ്പിൽ ദുൽഖറിനെ വിശേഷിപ്പിക്കുന്നത്. പാചകപരീക്ഷണങ്ങളിൽ ഏറെ താൽപ്പര്യമുള്ള ആളാണ് ദുൽഖർ. ആ അഭിരുചികൾ അടുത്തറിയുന്ന ആളെന്ന രീതിയിൽ പൃഥ്വിയുടെ ആശംസ ശ്രദ്ധനേടുകയാണ്.

നിർമാതാവും പൃഥ്വിരാജിന്റെ ഭാര്യയുമായ സുപ്രിയയും ദുൽഖറിന് ആശംസയുമായി എത്തിയിട്ടുണ്ട്. ദുൽഖറിനും അമാലിനുമൊപ്പമുള്ള ചിത്രം പങ്കുവച്ചുകൊണ്ടാണ് സുപ്രിയയുടെ ആശംസ.

പൃഥ്വിയേയം നസ്രിയയേയും പോലെ ദുൽഖറിലെ ഷെഫിനെ പ്രകീർത്തിക്കുകയാണ് ചാക്കോച്ചനും ആശംസാകുറിപ്പിൽ.

അൽപ്പം വ്യത്യസ്തമായൊരു വീഡിയോ സന്ദേശവുമായാണ് ദുൽഖറിന്റെ അടുത്ത സുഹൃത്തും നടനുമായ സണ്ണി വെയ്ൻ എത്തുന്നത്. കൂടെ സണ്ണിയുടെ ഭാര്യയും വീഡിയോയിൽ ഉണ്ട്.

“പൊളിഞ്ഞു പാളീസായി മാനത്തേക്കും നോക്കി നിന്ന ജീവിതത്തിന്റെ ഫ്രെയിമിലേക്കാണ് ചെങ്ങായി ചൂളം വിളിച്ചു, കൈത്താങ്ങായി ഓടിക്കയറിയത്,” എന്നാണ് സംവിധായകൻ മിഥുൻ മാനുവൽ തോമസ് കുറിക്കുന്നത്.

ദുൽഖറിന് ആശംസകളറിയിച്ച് നടനും കസിനുമായ മഖ്‌ബൂൽ സൽമാനും ഒരു കുറിപ്പ് സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചിട്ടുണ്ട്. മമ്മൂട്ടിയുടെ സഹോദരപുത്രനാണ് മഖ്‌ബൂൽ. വളരെ രസകരമായ കുറിപ്പിലൂടെയാണ് മഖ്‌ബൂൽ തന്റെ സഹോദരനു ജന്മദിനാശംസകൾ നേർന്നിരിക്കുന്നത്. ‘ നിനക്ക് ജന്മദിനാശംസകൾ, എനിക്കും ജന്മദിനാശംസകൾ, നമുക്കിരുവർക്കും ജന്മദിനാശംസകൾ…ഹാപ്പി ബർത്‌ഡെ ഇക്കാക്ക’ മഖ്‌ബൂൽ ഫെയ്‌സ്‌ബുക്കിൽ കുറിച്ചു. ദുൽഖറിനൊപ്പം നിൽക്കുന്ന കുട്ടിക്കാല ചിത്രം പങ്കുവച്ചാണ് മഖ്‌ബൂലിന്റെ ആശംസ.

താരപുത്രൻ എന്ന മേൽവിലാസത്തിൽ ഒതുങ്ങാതെ തന്റേതായൊരു ശൈലിയിലൂടെ ആരാധകരുടെ ഹൃദയം കവർന്ന താരം. ദുൽഖർ സൽമാന്റെ 34-ാം പിറന്നാളാണ് ഇന്ന്.

2012-ൽ പുറത്തിറങ്ങിയ ‘സെക്കന്റ് ഷോ’ എന്ന ചിത്രത്തിലൂടെയായിരുന്നു ദുൽഖറിന്റെ അരങ്ങേറ്റം. അഞ്ജലി മേനോന്റെ തിരക്കഥയിൽ അൻവർ റഷീദ് സംവിധാനം ചെയ്ത ‘ഉസ്താദ് ഹോട്ടൽ’ആയിരുന്നു രണ്ടാമത്തെ ചിത്രം. ചിത്രത്തിനു ലഭിച്ച ജനപ്രീതി ദുൽഖർ സൽമാൻ എന്ന നടന്റെയും ജനപ്രീതി വർദ്ധിപ്പിച്ചു. പിന്നീട് നിരവധി കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ ഹൃദയം കവർന്ന ദുൽഖറിന് ‘ചാർലി’ എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച നടനുള്ള കേരളസംസ്ഥാന ചലച്ചിത്ര അവാർഡ് ലഭിച്ചു.

മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലായി മുപ്പതോളം സിനിമകളിലാണ് ദുൽഖർ ഇതിനകം അഭിനയിച്ചിരിക്കുന്നത്. പുറത്തിറങ്ങാനിരിക്കുന്ന ‘കുറുപ്പ്’ വലിയ പ്രതീക്ഷകളുള്ള ചിത്രമാണ്.

Read Also: ഉപ്പൂപ്പാന്റെ ക്ലിക്കിൽ പതിഞ്ഞ മാലാഖ; കുഞ്ഞുമറിയത്തിന്റെ ചിത്രം പകർത്തി മമ്മൂട്ടി

‘വായ് മൂടി പേസലാം’​ആയിരുന്നു ദുൽഖറിന്റെ ആദ്യ തമിഴ് ചിത്രം. നസ്രിയ നാസിം നായികയായി അഭിനയിച്ച ഈ ചിത്രം ‘സംസാരം ആരോഗ്യത്തിനു ഹാനികരം’ എന്ന പേരിൽ മലയാളത്തിലേക്കും മൊഴിമാറ്റം ചെയ്തിരുന്നു. ‘ഓകെ കൺമണി’ എന്ന മണിരത്നം ചിത്രമാണ് തമിഴിൽ ഏറെ ശ്രദ്ധിക്കപ്പെട്ട ദുൽഖർ ചിത്രങ്ങളിലൊന്ന്. തെന്നിന്ത്യൻ നടിയായിരുന്ന സാവിത്രിയുടെ ജീവിതം ആസ്പദമാക്കിയൊരുക്കിയ ‘മഹാനടി’ എന്ന ചിത്രത്തിൽ ജെമിനി ഗണേശനെ അവതരിപ്പിച്ച് ദുൽഖർ തെലുങ്ക് സിനിമാലോകത്തിന്റെയും സ്നേഹം കവർന്നു.

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Dulquer salmaan happy birthday wishes

Best of Express