തമിഴ്, തെലുങ്ക്‌, ഹിന്ദി സിനിമാ ലോകങ്ങള്‍ പ്രതീക്ഷയോടെ ഉറ്റുനോക്കുന്ന താരമായി മാറിക്കഴിഞ്ഞു ദുല്‍ഖര്‍ സല്‍മാന്‍. ഏറ്റവുമൊടുവില്‍ റിലീസ് ചെയ്ത ‘മഹാനടി’യില്‍ ദുല്‍ഖര്‍ അവതരിപ്പിച്ച മുന്‍കാല നായകന്‍ ജെമിനി ഗണേശന്‍റെ കഥാപാത്രത്തെ പുകഴ്ത്താത്തവരായി തെന്നിന്ത്യന്‍ സിനിമാ ലോകത്ത് തന്നെ ആരുമില്ല എന്ന് പറയാം. ഹിന്ദിയിലും തമിഴിലുമായി രണ്ടു ചിത്രങ്ങള്‍ ഇനിയും പുറത്തു വരാനിരിക്കെ, താരതമ്യേന ചെറിയ ഇന്‍ഡസ്ട്രിയായ മലയാളത്തില്‍ നിന്നും ദുല്‍ഖര്‍ അകന്നു പോകുമോ എന്ന ആശങ്കയിലാണ് താരത്തിന്‍റെ ആരാധകര്‍.

വായിക്കാം: ദുല്‍ഖര്‍ സല്‍മാനെ ‘ക്ഷ’ വരപ്പിക്കുന്ന ജെമിനി ഗണേശന്‍

ആശങ്കയ്ക്ക് ആശ്വാസമായി ദുല്‍ഖറിന്‍റെ മറുപടി എത്തിയിട്ടുണ്ട്. മലയാള മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ദുല്‍ഖര്‍ ഇങ്ങനെ പറയുന്നു.

“മലയാളം വിട്ട് ഞാന്‍ എങ്ങോട്ടും ഓടിപ്പോയിട്ടില്ല. അന്യഭാഷയില്‍ അഭിനയിച്ച ചിത്രങ്ങള്‍ക്കെല്ലാം മലയാളത്തിലെ അത്ര തന്നെ ദിവസങ്ങളേ നല്‍കിയിട്ടുള്ളൂ. പുതിയ സിനിമ ഉടനെ തുടങ്ങും.”

Dulquer Salmaan during the promotions of 'Mahanati'

ഹിന്ദിയില്‍ ‘കാര്‍വാന്‍’ തമിഴില്‍ ‘കണ്ണും കണ്ണും കൊള്ളയടിത്താല്‍’ എന്നീ റിലീസിനൊരുങ്ങുന്ന ചിത്രങ്ങള്‍ കൂടാതെ ‘സോയാ ഫാക്ടര്‍’ എന്ന ഹിന്ദി സിനിമയും ചെയ്യുന്നതായി ദുല്‍ഖര്‍ സല്‍മാന്‍ മനോരമയോട് പറഞ്ഞു.

മലയാളത്തിലെ പ്രൊജക്റ്റ്‌ എന്താണ് എന്നതിനെക്കുറിച്ച് കൂടുതല്‍ വിവരങ്ങളൊന്നും ദുല്‍ഖര്‍ വെളിവാക്കിയിട്ടില്ല. എങ്കിലും നേരത്തെയുള്ള റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് വിഷ്ണു ഉണ്ണികൃഷ്ണന്‍-ബിബിന്‍ ജോര്‍ജ് എന്നിവര്‍ എഴുതുന്ന ചിത്രത്തിലാവും ദുല്‍ഖര്‍ സല്‍മാന്‍ ഇനിയടുത്ത് അഭിനയിക്കുക. സംവിധായകന്‍ ബി.സി.നൗഫല്‍.

 

ദുല്‍ഖര്‍ നായകാനായ ‘മഹാനടി’ മികച്ചൊരു ദൃശ്യാവിഷ്കാരമാണ് എന്നാണ് കണ്ടവരുടെ അഭിപ്രായം. നിരൂപക പ്രശംസയ്ക്കൊപ്പം ചിത്രം കൈനിറയെ പണവും വാരിയതായാണ് വിവരം. ആദ്യ ദിനം അമേരിക്കയില്‍ റിലീസ് ചെയ്ത 142 തിയേറ്ററുകളില്‍ നിന്നായി 3,00,984 ഡോളര്‍ ചിത്രം വാരിയതായാണ് റിപ്പോര്‍ട്ട്.

മെയ് ഒമ്പതിനാണ് തെലുങ്ക് പതിപ്പ് റിലീസ് ചെയ്തത്. മറ്റ് പതിപ്പുകള്‍ മെയ് 11 നാണ് റിലീസ് ചെയ്തത്. ഇന്ത്യന്‍ സിനിമയുടെ തന്നെ അഭിമാന താരമായി മാറിയ അഭിനേത്രികളിലൊരാളാണ് സാവിത്രി. സാവിത്രിയുടെ ജീവിതകഥ പറയുന്ന ചിത്രത്തില്‍ ജെമിനി ഗണേശന്‍റെ വേഷത്തിലാണ് ദുല്‍ഖര്‍ എത്തിയത്. ചിത്രം റിലീസ് ചെയ്തതിന് പിന്നാലെ രാജമൗലി അടക്കമുളളവര്‍ ചിത്രത്തെ കുറിച്ച് പുകഴ്ത്തി രംഗത്തെത്തി.

മഹാനടിയെക്കുറിച്ച് എല്ലായിടത്തുനിന്നും നല്ല അഭിപ്രായങ്ങളാണ് കേള്‍ക്കുന്നതെന്ന് മോഹന്‍ലാല്‍ തന്‍റെ ഫെയ്‌സ്ബുക്കില്‍ കുറിച്ചു. ‘എന്‍റെ കുടുംബാംഗങ്ങളെ പോലെ ഞാന്‍ സ്നേഹിക്കുന്ന പ്രിയപ്പെട്ട ദുല്‍ഖറിനും കീര്‍ത്തിക്കും ആശംസകള്‍’ അറിയിച്ച മോഹന്‍ലാല്‍ എത്രയും പെട്ടന്ന് താന്‍ ചിത്രം കാണുമെന്നും കുറിച്ചു.

പോസ്റ്റിന് നന്ദി പറഞ്ഞുകൊണ്ട് ദുൽഖറും രംഗത്തെത്തി.”എല്ലാ സ്നേഹത്തിനും പിന്തുണയ്ക്കും നന്ദി, പ്രിയപ്പെട്ട ലാലേട്ടാ,” എന്ന് ദുൽഖർ കുറിച്ചു.

 

സെക്കന്റ് ഷോ എന്ന ചിത്രത്തിലൂടെ സിനിമാ ലോകത്തെത്തിയതാണ് മമ്മൂട്ടിയുടെ മകന്‍ ദുല്‍ഖര്‍ സല്‍മാന്‍. ആദ്യമൊക്കെ വാപ്പച്ചിയുടെ നിഴല്‍പ്പറ്റിയാണ് ദുല്‍ഖര്‍ നടക്കുന്നത് എന്ന പ്രചാരണം ഉണ്ടായിരുന്നെങ്കിലും തുടര്‍ന്നുള്ള ചിത്രങ്ങളില്‍ അതെല്ലാം ഡിക്യു പൊളിച്ചെഴുതി. ഞാന്‍, കമ്മട്ടിപ്പാടം തുടങ്ങിയ ചിത്രങ്ങളില്‍ വ്യത്യസ്തമായ കഥാപാത്രങ്ങളെ അവതരിപ്പിച്ച ദുല്‍ഖര്‍ ചാര്‍ലി എന്ന ചിത്രത്തിലൂടെ സംസ്ഥാന പുരസ്‌കാരവും നേടി.

ദുല്‍ഖര്‍ സല്‍മാന്റെ വരവ് ശരിക്കും അറിയിച്ച ചിത്രം ഉസ്താദ് ഹോട്ടലാണ്. അഞ്ജലി മേനോന്റെ തിരക്കഥയില്‍ അന്‍വര്‍ റഷീദ് സംവിധാനം ചെയ്ത ചിത്രം മലയാള സിനിമയ്ക്ക് ഒരു പുതുവഴി വെട്ടുകയും ചെയ്തു. പിന്നീട് തനത് ശൈലിയിലൂടെ ആറ് വര്‍ഷത്തോളമായി മലയാളികളെ വിസ്മയിപ്പിക്കുകയാണ് ഡിക്യു എന്ന മലയാളത്തിന്റെ കുഞ്ഞിക്ക.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ