കേരളം കണ്ട ഏറ്റവും വലിയ പിടികിട്ടാപുള്ളിയായ സുകുമാര കുറുപ്പിന്‍റെ ജീവിതം ആസ്പദമാക്കി ശ്രീനാഥ് രാജേന്ദ്രൻ സംവിധാനം ചെയ്ത ‘കുറുപ്പ്’ നവംബർ 12ന് തിയേറ്ററിൽ എത്തും. ദുൽഖർ സൽമാൻ ആണ് ചിത്രത്തിൽ സുകുമാരകുറുപ്പായി വേഷമിടുന്നത്. ദുൽഖറിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ ബഡ്ജറ്റിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ മുടക്കുമുതൽ 35 കോടിയാണ്. ദുൽഖർ സൽമാന്റെ ഉടമസ്ഥതയിലുള്ള വേഫറെർ ഫിലിംസും എം സ്റ്റാർ എന്റർടൈൻമെൻറ്സും ചേർന്നാണ് ചിത്രം നിർമ്മിച്ചത്.
ഓടിടി പ്ലാറ്റ് ഫോമിലാവും സിനിമ പ്രദർശിപ്പിക്കുക എന്ന് നേരത്തെ വാർത്തകളിലുണ്ടായിരുന്നു. എന്നാൽ തിയേറ്ററുകൾ വീണ്ടും തുറന്നുപ്രവർത്തിക്കാൻ തീരുമാനമായതിന്റെ പശ്ചാത്തലത്തിൽ ചിത്രം തിയേറ്ററിൽ തന്നെ റിലീസ് ചെയ്യാൻ അണിയറപ്രവർത്തകർ തീരുമാനിക്കുകയായിരുന്നു. സോഷ്യൽ മീഡിയയിലൂടെ ദുൽഖർ തന്നെയാണ് ചിത്രത്തിന്റെ റിലീസ് തീയതി അറിയിച്ചത്.
കൂട്ടിലായിരുന്ന കുറുപ്പ് തിയേറ്ററുകളിലേക്ക് എത്തുന്നുവെന്ന് പറഞ്ഞു കൊണ്ടാണ് ദുൽഖർ റിലീസ് തീയതി പ്രഖ്യാപിച്ചത്. വർഷങ്ങളുടെ പരിശ്രമം കോവിഡ് കാരണം വെളിച്ചം കാണുമോ എന്ന് വരെ സംശയിച്ചിരുന്നെങ്കിലും നിങ്ങളുടെ പിന്തുണയും സ്നേഹവും കൊണ്ടാണ് അതെല്ലാം മറികടന്നതെന്നും ദുൽഖർ കുറിച്ചു.

മൂത്തോൻ എന്ന ചിത്രത്തിലെ നായികയായ ശോഭിത ധുലി പാലയാണ് ‘കുറുപ്പി’ൽ ദുൽഖറിന്റെ നായികയായി വേഷമിടുന്നത്. ഇന്ദ്രജിത്ത് സുകുമാരൻ, സണ്ണി വെയ്ൻ, ഷൈൻ ടോം ചാക്കോ , സുരഭി ലക്ഷ്മി, വിജയരാഘവൻ തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കൾ.
മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ എന്നിങ്ങനെ അഞ്ചു ഭാഷകളിലായാണ് ചിത്രം പ്രേക്ഷകരിലേക്കെത്തുക. ദുൽഖർ സൽമാന്റെ അരങ്ങേറ്റചിത്രമായ ‘സെക്കൻഡ് ഷോ’യുടെ സംവിധായകൻ കൂടിയാണ് ശ്രീനാഥ് രാജേന്ദ്രൻ.
കേരളം, അഹമ്മദാബാദ്, ബോംബെ, ദുബായ്, മാംഗ്ളൂർ, മൈസൂർ എന്നിവിടങ്ങളിലായി ആറു മാസം കൊണ്ടാണ് ചിത്രം പൂർത്തീകരിച്ചത്. 105 ദിവസങ്ങൾ പൂർണമായും ഷൂട്ടിങ്ങിനായി ചിലവഴിച്ചു.
ജിതിൻ കെ ജോസിന്റെ കഥയ്ക്ക് തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത് ഡാനിയേൽ സായൂജ് നായരും കെ എസ് അരവിന്ദും ചേർന്നാണ്. നിമിഷ് രവി ഛായാഗ്രഹണവും സുഷിൻ ശ്യാം സംഗീത സംവിധാനവും നിർവഹിക്കുന്നു. ക്രീയേറ്റീവ് ഡയറക്ടറായി വിനി വിശ്വ ലാലും ‘കുറുപ്പി’ന് പിന്നിലുണ്ട്. ‘കമ്മാരസംഭവ’ത്തിലൂടെ മികച്ച പ്രൊഡക്ഷൻ ഡിസൈനുള്ള ദേശീയ അവാർഡ് കരസ്ഥമാക്കിയ ബംഗ്ലാനാണ് ചിത്രത്തിന്റെ പ്രൊഡക്ഷൻ ഡിസൈനർ. മറ്റൊരു ദേശീയ അവാർഡ് ജേതാവായ വിവേക് ഹർഷനാണ് എഡിറ്റിംഗ് നിർവഹിക്കുന്നത്.