നടന് ദുല്‍ഖര്‍ സല്മാന് ഒരുപക്ഷേ സിനിമയോളം തന്നെ സ്നേഹിക്കുന്ന ഒന്നാണ് തന്റെ കാറുകള്‍. അച്ഛന് മമ്മൂട്ടിയെപ്പോലെ തന്നെ കാറുകളും ഡ്രൈവിംഗും ദുല്‍ഖറിന്റെയും പാഷന് ആണ്. പഴയകാല വിന്റ്റെജ് കാറുകള്‍ വാങ്ങുക, പരിപാലിക്കുക എന്നത് തനിക്കേറ്റവും ഇഷ്ടമുള്ള കാര്യമാണ് എന്ന് പല വട്ടം ദുല്‍ഖര്‍ തന്നെ പറഞ്ഞിട്ടുണ്ട്. ഇപ്പോഴിതാ, ദുല്‍ഖറിന്റെ മകള്‍ മറിയവും ഉപ്പയുടേയും ഉപ്പുപ്പയുടേയും വഴിയേ കാര്‍ പ്രേമത്തില്‍ പെട്ടിരിക്കുകയാണ്. ദുല്‍ഖര്‍ സല്മാന് തന്നെയാണ് കുഞ്ഞു മറിയത്തിന്റെ ഈ പുതിയ വിശേഷം സോഷ്യല്‍ മീഡിയയിലൂടെ പങ്കു വച്ചത്. കുഞ്ഞിക്കൈകള്‍ കൊണ്ട് പിന്നില്‍ നിന്നും ഗിയറിലേക്ക് എത്തിപ്പിടിക്കാന്‍ ശ്രമിക്കുന്ന മറിയത്തിന്റെ ചിത്രമാണ് ദുല്‍ഖര്‍ ഷെയര്‍ ചെയ്തിരിക്കുന്നത്.
ഒരു വയസുകാരി മറിയത്തിനു ചുറ്റുമാണ് തങ്ങളുടെ കുടുംബാഗങ്ങളുടെ ജീവിതം എന്നും അവളുടെ വളര്‍ച്ചയുടെ ഓരോ ഘട്ടവും തങ്ങള്‍ക്ക് സന്തോഷം മാത്രം തരുന്നു എന്നും മറിയത്തിന്റെ പിറന്നാള്‍ വേളയില്‍ ദുല്‍ഖര്‍ സല്മാന് പറഞ്ഞിരുന്നു. മറിയത്തിന്റെ കളിപ്പാട്ടങ്ങള്‍, മകളോടൊപ്പം ചിലവിടുന്ന നിമിഷങ്ങള്‍ ഇവയുടെ വിശേഷങ്ങള്‍ ഇടയ്ക്കെല്ലാം ദുല്‍ഖര്‍ തന്റെ ആരാധകരുമായി പങ്കു ഷെയര്‍ ചെയ്യാറുണ്ട്. കാറിനോടുള്ള മറിയത്തിന്റെ ഇഷ്ടം വെളിവാകുന്ന പോസ്റ്റുകളും ഇതിനു മുന്‍പും ദുല്‍ഖര്‍ പങ്കു വച്ചിട്ടുണ്ട്. കുഞ്ഞിക്കാര്‍ ഓടിക്കുന്ന മറിയത്തിന്റെ പോസ്റ്റിനു താഴെ ദുല്‍ഖര്‍ കുറിച്ചത് ഗ്രാമി അവാര്‍ഡ് നേടിയ മികച്ച റാപ്പ് ഗാനത്തിന്റെ വരികളാണ്.
ഹിന്ദി ചിത്രമായ ‘ദി സോയാ ഫാക്ടര്‍’ മലയാളത്തില്‍ ‘ഒരു യമണ്ടന്‍ പ്രേമകഥ’ എന്നിവയാണ് ദുല്‍ഖര്‍ സല്മാന് ഇപ്പോള്‍ അഭിനയിക്കുന്ന ചിത്രങ്ങള്‍. ‘ദി സോയാ ഫാക്ടറില്‍’ ഒരു ക്രിക്കെറ്ററുടെ വേഷത്തിലാണ് ദുല്‍ഖര്‍ എത്തുന്നത്. സോനം കപൂര്‍ നായികയാവുന്ന ചിത്രത്തിലെ ദുല്‍ഖറിന്റെ ലുക്ക് കഴിഞ്ഞ ദിവസം പുറത്തു വന്നിരുന്നു.
Read More: ഇന്ത്യൻ ക്രിക്കറ്റ് ടീം ജഴ്സിയിൽ ദുൽഖർ സൽമാൻ: ‘ദി സോയ ഫാക്ടറി’ലെ കുഞ്ഞിക്ക
അനൂജ ചൗഹാന്റെ ‘സോയ ഫാക്ടർ’ എന്ന സിനിമയിലൂടെയാണ് ദുൽഖർ വീണ്ടും ബോളിവുഡിലെത്തുന്നത്. രജപുത്ര പെൺകുട്ടിയായ സോയ സിങ് ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ പരിചയപ്പെടുന്നതും തുടർന്നുണ്ടാകുന്ന സംഭവങ്ങളുമാണ് ചിത്രത്തിലൂടെ പറയുന്നത്. ദുൽഖറിന്റെ ആദ്യ ചിത്രമായ ‘കാര്‍വാ’ വലിയ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു.