പ്രശസ്ത പാചക വിദഗ്ദനും, ടെലിവിഷന്‍ ഹോസ്റ്റുമായ ആന്റണി ബോര്‍ദൈനിന്റെ മരണത്തില്‍ അനുശോചനമറിയിച്ചു നടന്‍ ദുല്‍ഖര്‍ സല്‍മാന്‍. അദ്ദേഹത്തിന്റെ മരണവാര്‍ത്ത ഒരു ഷോക്ക്‌ ആയിരന്നു എന്ന് ദുല്‍ഖര്‍ സോഷ്യല്‍ മീഡിയയില്‍ പറഞ്ഞു. വാപ്പിച്ചി മമ്മൂട്ടിയോടൊപ്പം ന്യൂയോര്‍ക്ക്‌ നഗരത്തിലെ ആന്റണി ബോര്‍ദൈനിന്റെ ഓഫീസില്‍ ചെന്നിട്ടുണ്ട് എന്നും അദ്ദേഹത്തിന്റെ ടീമിന്റെ ഊഷമളമത ധാരാളമായി കണ്ടിട്ടുണ്ട് എന്നും ദുല്‍ഖര്‍ കുറിച്ചു.

ആന്റണി ബോര്‍ദൈനിന്റെത് ആത്മഹത്യയാണ് എന്നാണ് കരുതപ്പെടുന്നത്. സി എന്‍ എന്നിലെ തന്റെ പുതിയ ഷോ ആയ ‘പാര്‍ട്സ് അണ്‍നോണി’ന്റെ ഷൂട്ടിംഗുമായി ബന്ധപെട്ട് ഫ്രാന്‍സിലെത്തിയ അദ്ദേഹത്തെ സ്ട്രാസ്ബോഗ് നഗരത്തിലെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കാണപ്പെടുകയായിരുന്നു. 61 വയസ്സായിരുന്നു.

മൂന്ന് ദിവസങ്ങള്‍ക്കു മുന്‍പ് ജൂണ്‍ 5നാണ് അമേരിക്ക്‌ന്‍ ഫാഷന്‍ ഡിസൈനര്‍ ആയ കേറ്റ് സ്പേഡ്‌ ആത്മഹത്യ ചെയ്തത്. അതിന്റെ ആഘാതത്തില്‍ നിന്നും പുറത്തു വരുന്നതിന് മുന്‍പ് ഉണ്ടായ ഈ മരണം തനിക്കു വലിയ ദുഃഖമുണ്ടാക്കുന്നു എന്നാണ് ദുല്‍ഖര്‍ എഴുതിയത്. 55 വയസ്സുകാരിയായ കേറ്റ് സ്പേഡിനെ അവരുടെ മാന്‍ഹാട്ടന്‍ വസതിയില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ഇരുവരും തൂങ്ങി മരിച്ചതാണ് എന്നാണ് നിഗമനം. ഇരുവര്‍ക്കും കടുത്ത വിഷാദ രോഗമുണ്ടായിരുന്നുവെന്നും.

പാചകം കൂടാതെ കഥ-കഥേതര വിഭാഗങ്ങളില്‍ ശ്രദ്ധേയമായ പുസ്തകങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട് ആന്റണി ബോര്‍ദൈന്‍. 2000മാണ്ടില്‍ പുറത്തു വന്ന ‘കിച്ചന്‍ കോണ്‍ഫിഡെന്‍ഷ്യല്‍’ എന്ന പുസ്തകം പാചക ലോകത്തിന്റെ പിന്നാമ്പുറ കഥകള്‍ വിളിച്ചോതുന്നവയായിരുന്നു. അതേ പുസ്തകത്തില്‍ താന്‍ ലഹരിയ്ക്കടിമപ്പെട്ടിരുന്ന കാലത്തെക്കുറിച്ചും ആന്റണി ബോര്‍ദൈന്‍ വെളിപ്പെടുത്തിയിരുന്നു.

2002ല്‍ ഫുഡ്‌ നെറ്റ്‌വര്‍ക്കിലെ ‘എ കുക്ക്സ് ടൂര്‍’ എന്ന പ്രോഗ്രാമിലൂടെയാണ് അദ്ദേഹം ടെലിവിഷന്‍ രംഗത്ത്‌ എത്തുന്നത്‌. പിന്നീട് ട്രാവല്‍ ചാനലില്‍ ചേര്‍ന്ന ആന്റണി ബോര്‍ദൈന്‍ എമ്മി ഉള്‍പ്പടെ പല പുരസ്കാരങ്ങള്‍ക്കും അര്‍ഹനായിട്ടുണ്ട്. 2013 മുതല്‍ സി എന്‍ എന്നില്‍ ‘പാര്‍ട്സ് അണ്‍നോണ്‍’ എന്ന സീരീസ് ചെയ്തു വരുന്നു. അതിന്റെ പതിനൊന്നാം പതിപ്പാണ്‌ ഇപ്പോള്‍ നടന്നു വരുന്നത്.

Asia Argento

ആസ്യാ അര്‍ജന്റോ

ഇറ്റാലിയന്‍ നടിയായ ആസ്യാ അര്‍ജെന്‍റോയുമായി പ്രണയ ബന്ധത്തിലായിരുന്നു ആന്റണി ബോര്‍ദൈന്‍ എന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. ഹാര്‍വെ വെയിന്‍സ്റ്റീനെതിരെ ലൈംഗിക ആരോപണങ്ങള്‍ ഉന്നയിച്ച സ്ത്രീകള്‍ ആദ്യത്തെയാളാണ്‌ ആസ്യാ അര്‍ജെന്റോ. അവരുടെ തുറന്നു പറച്ചിലാണ് ലോകമെമ്പാടുമുള്ള ജോലിയിടങ്ങളില്‍ സ്ത്രീകള്‍ നേരിടുന്ന ലൈംഗിക അതിക്രമങ്ങള്‍ക്കെതിരെയുള്ള #MeToo മൂവ്മെന്‍റ് ആയി രൂപം പ്രാപിച്ചത്.

വസ്ത്രങ്ങള്‍, പാദരക്ഷകള്‍, ആഭരണങ്ങള്‍, ബാഗ് മുതലായ മറ്റു ആക്സസറികള്‍ തുടങ്ങിവയില്‍ സ്പെഷ്യലൈസ് ചെയ്തിരുന്ന ഡിസൈനര്‍ ആയിരുന്നു കേറ്റ് സ്പേഡ്‌. വിഖ്യാത ഫാഷന്‍ മാസിക ‘മാഡമോസൈലി’ന്റെ എഡിറ്ററുമായിരുന്നു. 1993ല്‍ ഭര്‍ത്താവ് ആന്‍ഡി സ്പേഡിനൊപ്പം തുടങ്ങിയ കേറ്റ് സ്പേഡ്‌ ഹാന്‍ഡ്‌ബാഗുകള്‍ വളരെ പ്രശസ്തമാണ്. ഇപ്പോള്‍ ലോകമെമ്പാടുമായി മുന്നൂറോളം ശാഖകള്‍ ഉണ്ടതിന്. 2007ല്‍ കേറ്റ് സ്പേഡ്‌ എന്ന ബ്രാന്‍ഡ്‌ വിറ്റതിന് ശേഷം അവരുടെ മകളുടെ പേരില്‍ ‘ഫ്രാന്‍സെസ് വാലന്‍ന്റൈന്‍’ എന്നൊരു ഡിസൈന്‍ ലേബല്‍ ആരംഭിച്ചു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ