ആറു വര്‍ഷമായി ദുല്‍ഖര്‍ സല്‍മാന്‍ സിനിമയില്‍ വന്നിട്ട്. സിനിമയിലേക്ക് വരുമ്പോള്‍ അയാള്‍ക്ക്‌ കൈമുതലായി ഉണ്ടായിരുന്നത് ‘മമ്മൂട്ടിയുടെ മകന്‍’ എന്ന മേല്‍വിലാസം മാത്രം. അതിന്‍റെ പ്രതീക്ഷകളുടെയും ചുമതലകളുടേയും ഭാരക്കൂടുതല്‍ കൊണ്ടാണോ എന്നറിയില്ല, ഒരിക്കല്‍ പോലും അയാളാ മേല്‍വിലാസം ഉപയോഗിച്ച് കണ്ടില്ല. സ്വപ്രയത്നം ഒന്ന് കൊണ്ട് മാത്രം സിനിമയുടെ പടവുകള്‍ ചവുട്ടിക്കയറി, വാപ്പിച്ചിയോളമില്ലെങ്കിലും വാപ്പിച്ചിയ്ക്കഭിമാനാവോളം നല്‍കിയ മകനായി, മലയാളത്തിലെ മാത്രമല്ല, തെന്നിന്ത്യയിലെയും ബോളിവുഡിലേയും ‘മച്ച് വാണ്ടഡ്‌ സ്റ്റാര്‍’ ആയി വളര്‍ന്ന ദുല്‍ഖര്‍ സല്‍മാന്‍.

കഴിഞ്ഞ ആറു വര്‍ഷത്തെ ദുല്‍ഖറിന്‍റെ സിനിമാ ജീവിതത്തിലെ പ്രധാനപ്പെട്ട ഏടുകള്‍ ഇവയൊക്കെയാണ്. 2012 ല്‍ ‘സെക്കന്റ്‌ ഷോ’ എന്ന ചിത്രത്തിലൂടെ തുടക്കം. ശ്രീനാഥ് രാജേന്ദ്രന്‍ സംവിധാനം ചെയ്ത ഒരു കൂട്ടം ചെറുപ്പക്കാരുടെ ഈ സംരംഭത്തില്‍ ലാലു എന്ന കഥാപാത്രത്തെത്. ചെറിയ തുടക്കമെങ്കിലും വലിയ സിനിമകളാണ് ദുല്‍ഖറിനെ കാത്തിരുന്നത്.

കരിയറിലെ ആദ്യ ബ്രേക്ക്‌ എന്ന് പറയാവുന്നത് അന്‍വര്‍ റഷീദ് സംവിധാനം ചെയ്ത ‘ഉസ്താദ് ഹോട്ടല്‍’ എന്ന ചിത്രമാണ്. ദുബായില്‍ ജനിച്ചു വളര്‍ന്ന ഫൈസി എന്ന ഷെഫ്‌ നാട്ടിലേക്ക് വരുന്നതും തന്‍റെ ഉപ്പുപ്പാ നടത്തുന്ന ‘ഉസ്താദ്‌ ഹോട്ടലി’ലൂടെ ജീവിതം തിരിച്ചരിയുന്നതുമാണ് ഇതിവൃത്തം. സൂപ്പര്‍ ഹിറ്റ്‌ ആയിരുന്നു എന്ന് മാത്രമല്ല, ജനപ്രിയ ചിത്രത്തിനുള്ള പുരസ്കാരം ഉള്‍പ്പെടെ മൂന്ന് ദേശീയ പുരസ്കാരങ്ങള്‍ ചിത്രം നേടി.

2014 ല്‍ വായ്‌ മൂടി പേസവും എന്ന തമിഴ് മലയാള ചിത്രത്തിലൂടെ തമിഴിലേക്ക്. ബാലാജി മോഹന്‍ സംവിധാനം ചെയ്ത ചിത്രം മലയാളത്തില്‍ വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടില്ലെങ്കിലും തമിഴില്‍ വിജയം കൈവരിച്ചു. നസ്രിയയായിരുന്നു ചിത്രത്തിലെ നായിക. ഈ വര്‍ഷം തന്നെയാണ് ‘ബാംഗ്ലൂര്‍ ഡേയ്സ് എന്ന അഞ്ജലി മേനോന്‍ സൂപ്പര്‍ ഹിറ്റ്‌ ചിത്രത്തില്‍ അര്‍ജുന്‍ എന്ന ബൈക്കറുടെ വേഷം ചെയ്യുന്നത്. തന്‍റെ കരിയറിലെ ഏറ്റവും സങ്കീര്‍ണ്ണമായ കഥാപാത്രം കെ ടി എന്‍ കോട്ടൂറിനെ രഞ്ജിത്തിന്‍റെ ‘ഞാന്‍’ ഈന്‍ സിനിമയില്‍ അവതരിപ്പിച്ചതും ഈ വര്‍ഷമാണ്.

ദുല്‍ഖറിന്റെ ഇത് വരെയുള്ള സിനിമാ ജീവിതത്തിലെ സുവര്‍ണ്ണ വര്‍ഷങ്ങള്‍ എന്ന് വിളിക്കപ്പെടാവുന്നതാണ് 2015, 2016 എന്നെ വര്‍ഷങ്ങള്‍. മണിരത്നം സംവിധാനം ചെയ്ത ‘ഓ കെ കണ്മണി’, മാര്‍ട്ടിന്‍ പ്രക്കാട്ടിന്‍റെ ‘ചാര്‍ളി’, സമീര്‍ താഹിറിന്‍റെ ‘കലി’, രാജീവ്‌ രവിയുടെ ‘കമ്മട്ടിപ്പാടം’ എന്നിങ്ങനെ എണ്ണം പറഞ്ഞ ചിത്രങ്ങള്‍. ഓരോന്നിലും ഓരോ തരത്തിലുള്ള അഭിനയമികവുമായി ഈ ചിത്രങ്ങളെല്ലാം തന്നെ സ്വന്തമാക്കി ദുല്‍ഖര്‍.

2017ലെ ദുല്‍ഖര്‍ ചിത്രങ്ങള്‍ സത്യന്‍ അന്തിക്കാടിന്‍റെ ‘ജോമോന്‍റെ സുവിശേഷങ്ങള്‍’, അമല്‍ നീരദിന്റെ ‘കോംറേഡ്‌ ഇന്‍ അമേരിക്ക’, സൗബിന്‍ ഷാഹിരിന്റെ ‘പറവ’, ബിജോയ്‌ നമ്പ്യാരുടെ ‘സോളോ’ എന്നിവയാണ്. ഈ വര്‍ഷം ദുല്‍ഖറിനെ തേടി വന്ന സൗഭാഗ്യം സിനിമയിലല്ല, സ്വകാര്യ ജീവിതത്തിലാണ്. മകള്‍ മിറിയം അമീറ സല്‍മാന്‍ ജനിച്ച വര്‍ഷം.

2018 ല്‍ അണിയറയില്‍ ഒരുങ്ങുന്ന ചിത്രങ്ങള്‍ ഇവയൊക്കെയാണ് – ജെമിനി ഗനെഷനായി ദുല്‍ഖര്‍ എത്തുന്ന ‘മഹാനതി’, ഹിന്ദി അരങ്ങേറ്റം കുറിക്കുന്ന ‘കാര്‍വാ’, തമിഴ് ചിത്രം ‘കണ്ണും കണ്ണും കൊള്ളയടിത്താല്‍’ എന്നിവ. ഈ കൊല്ലവും ദുല്‍ഖര്‍ ആരാധാകരെ നിരാശപ്പെടുത്തില്ല തീര്‍ച്ച.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook