അഭിനയ ജീവിത്തില്‍ നീണ്ട ഒൻപത് വര്‍ഷങ്ങള്‍ തികയ്ക്കുകയാണ് മലയാളത്തിന്റെ യങ് സൂപ്പര്‍സ്റ്റാര്‍ ദുല്‍ഖര്‍ സല്‍മാന്‍. കണ്ണടച്ച് തുറക്കുന്നതിന് മുമ്പായിരുന്നു ദുല്‍ഖറിന്റെ വളര്‍ച്ച. മലയാളവും തമിഴും കടന്ന് തെലുങ്കിലും ബോളിവുഡിലും ദുല്‍ഖര്‍ തന്റെ സാന്നിധ്യം അറിയിച്ചു. അഭിനയത്തിന്റെ ഒൻപതാം വര്‍ഷത്തിലെത്തി നില്‍ക്കുമ്പോള്‍ തന്റെ ആദ്യ സിനിമ സെക്കൻഡ് ഷോയുടെ ഓർമകൾ പങ്കുവയ്ക്കുകയാണ് ദുൽഖർ.

“ഒന്‍പത് വര്‍ഷം മുമ്പ് ഈ ദിവസം ഞങ്ങളുടെ സെക്കൻഡ് ഷോ എന്ന ചിത്രം തിയേറ്ററുകളിൽ എത്തി. ഞാന്‍ ഉള്‍പ്പെടെ നിരവധി പുതുമുഖങ്ങള്‍ ആ സിനിമയിലൂടെ അരങ്ങേറ്റം കുറിച്ചിരുന്നു. ഇന്ന് ഞാന്‍ പുതിയൊരു ചിത്രം തുടങ്ങുകയാണ്. ഇന്നും അതേ പരിഭ്രമവും പേടിയുമുണ്ട്. പക്ഷെ അതെല്ലാം നല്ല രീതിയില്‍ എടുക്കാന്‍ കാലം എന്നെ പഠിപ്പിച്ചു. ഞാന്‍ എവിടെ നിന്നാണ് തുടങ്ങിയതെന്ന് ഓര്‍ക്കാന്‍ എല്ലാ വര്‍ഷവുമുള്ള നിങ്ങളുടെ ഓര്‍മ്മപ്പെടുത്തല്‍ സഹായിക്കാറുണ്ട്. നിങ്ങളുടെ തുടർച്ചയായ പിന്തുണയ്ക്കും സ്‌നേഹത്തിനും ഒരായിരം നന്ദി. എന്റെ എല്ലാ സഹപ്രവര്‍ത്തകര്‍ക്കും, ഞാന്‍ ഭാഗമായ എല്ലാ സിനിമ മേഖലകള്‍ക്കും നന്ദി. ഈ വര്‍ഷം നല്ല സിനിമകളും, ആരോഗ്യവും ഉണ്ടാകാന്‍ പ്രാര്‍ത്ഥിക്കുന്നു. എല്ലാവര്‍ക്കും ഒരിക്കൽ കൂടി നന്ദി.”

This day 9 years ago our film Second Show released in cinemas. It marked the debut of a whole lot of new comers…

Posted by Dulquer Salmaan on Tuesday, 2 February 2021

2012ലാണ് സെക്കൻഡ് ഷോ റിലീസ് ചെയ്തത്. ശ്രീനാഥ് രാജേന്ദ്രന്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ സണ്ണി വെയ്ന്‍, ഗൗതമി നായര്‍, രോഹിണി, സുധേഷ് ബെറി, ബാബു രാജ് എന്നിവര്‍ പ്രധാന വേഷം ചെയ്തു. ചിത്രത്തില്‍ ഹരി എന്ന കഥാപാത്രത്തെയാണ് ദുൽഖർ അവതരിപ്പിച്ചത്. ദുല്‍ഖറിന്റെ ആദ്യ ചിത്രമായ സെക്കൻഡ് ഷോയുടെ സംവിധായകന്‍ ശ്രീനാഥ് രാജേന്ദ്രന്‍ അദ്ദേഹത്തെ നായകനാക്കി സംവിധാനം ചെയ്യുന്ന കുറുപ്പ് എന്ന ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകർ. ചിത്രം തിയേറ്ററില്‍ തന്നെയാണ് റിലീസ് ചെയ്യുന്നത്.

Read More: സുകുമാരക്കുറുപ്പിനെ മഹത്വവൽക്കരിക്കരുത്: ദുൽഖറിന് നോട്ടീസ് അയച്ച് ചാക്കോയുടെ കുടുംബം

ദുല്‍ഖര്‍ സല്‍മാന്റെ ഉടമസ്ഥതയിലുള്ള വേ ഫാറര്‍ ഫിലിംസും എം സ്റ്റാര്‍ എന്റര്‍ടൈന്‍മെന്റ്‌സും ചേര്‍ന്നാണ് ചിത്രം പ്രദര്‍ശനത്തിന് എത്തിക്കുന്നത്. കേരളം, അഹമ്മദാബാദ്, മുംബൈ, ദുബായ്, മാംഗ്‌ളൂര്‍, മൈസൂര്‍ എന്നിവിടങ്ങളിലായി ആറു മാസമെടുത്താണ് കുറുപ്പ് ചിത്രീകരിച്ചത്. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിലാണ് കുറുപ്പ് പ്രേക്ഷകരിലേക്കെത്തുക. ദുല്‍ഖറിന്റെ കരിയറിലെ ഏറ്റവും വലിയ ബിഗ് ബജറ്റ് ചിത്രമാണ് കുറുപ്പ്.

കേരളം കണ്ട ഏറ്റവും വലിയ പിടിക്കിട്ടാപ്പുള്ളിയായ സുകുമാര കുറുപ്പിന്‍റെ ജീവിതം ആസ്പദമാക്കിയൊരുങ്ങുന്ന ചിത്രമാണ് കുറുപ്പ്. കേരള പൊലീസിന്റെ അന്വേഷണ ചരിത്രത്തിലെ ഏറ്റവും ദുരൂഹമായ കേസുകളിൽ ഒന്നായിരുന്നു ചാക്കോ കൊലപാതകം. 1984-ൽ തന്നോട് രൂപസാദൃശ്യമുള്ള ചാക്കോയെ കൊലപ്പെടുത്തിയ സുകുമാര കുറുപ്പ് ശവശരീരം ആസൂത്രിതമായി ചുട്ടുകരിച്ചു. താനാണ് മരിച്ചതെന്ന് തെറ്റിദ്ധരിപ്പിച്ച്, ഗൾഫിൽ ജോലിചെയ്തിരുന്ന കമ്പനിയിൽനിന്നു ഇൻഷുറൻസ് തുകയായ എട്ട് ലക്ഷം രൂപ തട്ടിയെടുക്കുകയായിരുന്നു സുകുമാര കുറുപ്പിന്റെ ലക്ഷ്യം.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook