scorecardresearch
Latest News

ദുൽഖറിന്റെ ഗാരേജിലെ പുതിയ സൂപ്പർസ്റ്റാർ; 3 കോടിയുടെ മൈബാ സ്വന്തമാക്കി താരം

ഇഷ്ടനമ്പറായ 369 ലേലത്തിലൂടെ സ്വന്തമാക്കുകയും ചെയ്തു

Dulquer Salmaan Mercedes-Benz Maybach GLS 600, Mercedes-Benz Maybach GLS 600 cost

സിനിമയോടുള്ള പ്രണയം പോലെ തന്നെ കാർ പ്രേമവും ദുൽഖർ സൽമാന് പാരമ്പര്യമായി കിട്ടിയ ഒന്നാണെന്ന് പറയാം. കാരണം വാഹനങ്ങളോടും ടെക്നോളജിയോടും ഏറെ പ്രണയം കാത്തുസൂക്ഷിക്കുന്ന മമ്മൂട്ടിയുടെ മകനാണ് ദുൽഖർ. വാപ്പച്ചിയുടെ കാർ പ്രണയവും ടെക്നോളജി പ്രണയവുമൊക്കെ കണ്ടുവളർന്ന, വാപ്പച്ചിയെ റോൾ മോഡലായി കാണുന്ന ആ ചെറുപ്പക്കാരനിൽ സ്വാഭാവികമെന്ന പോലെ കാറുകളോടുള്ള പ്രണയം വളരുകയായിരുന്നു. മലയാള സിനിമയിലെ ഏറ്റവും വലിയ വാഹനപ്രേമികളുടെ ലിസ്റ്റെടുത്താൽ അതിൽ ഒന്നും രണ്ടും സ്ഥാനത്തായി ഈ അച്ഛനും മകനും കാണും.

ലക്ഷ്വറി സൂപ്പർ കാറുകൾ, വിന്റേജ് കാറുകൾ എന്നു തുടങ്ങി വലിയൊരു വാഹന കളക്ഷൻ തന്നെ ദുൽഖറിനുണ്ട്. ഇടയ്ക്ക് തന്റെ പ്രിയപ്പെട്ട കാറുകളെ വീഡിയോയിലൂടെ പ്രേക്ഷകർക്ക് പരിചയപ്പെടുത്താനും ദുൽഖർ എത്താറുണ്ട്. ഇപ്പോഴിതാ ദുൽഖറിന്റെ ഗാരേജിലേക്ക് പുതിയൊരു സൂപ്പർസ്റ്റാർ കൂടിയെത്തിയിരിക്കുകയാണ്. മെഴ്‌സിഡീസിന്റെ മൈബാ ജി.എല്‍.എസ് 600 ആണ് ദുൽഖർ സ്വന്തമാക്കിയിരിക്കുന്നത്. മലയാള താരങ്ങളിൽ ആദ്യമായി മൈബാ സ്വന്തമാക്കിയ താരമെന്ന വിശേഷണവും ദുൽഖറിനു സ്വന്തം.

മൂന്നു കോടി രൂപയാണ് ഈ കാറിന്റെ വില. സ്വപ്നവാഹനത്തിനും തന്റെ ഇഷ്ടനമ്പറാണ് ദുൽഖർ നൽകിയിരിക്കുന്നത്. ഇഷ്ടനമ്പറായ 369 ലേലത്തിലൂടെ സ്വന്തമാക്കാനായി 1.85 ലക്ഷം രൂപയോളമാണ് ദുൽഖർ മുടക്കിയതെന്നും റിപ്പോർട്ടുകളുണ്ട്.

മെഴ്‌സിഡീസിന്റെ ബെൻസ് SLS AMG (C197 / R197) എന്ന കാറും ദുൽഖറിന്റെ ഗാരേജിലുണ്ട്. “ഇത് ഫെരാരി 458 നേക്കാൾ ശക്തമാണ്, ലംബോർഗിനിയേക്കാൾ ലൗഡാണ്. ചിന്തിക്കുന്ന മനുഷ്യന്റെ സൂപ്പർകാർ ഇതാണ്,” എന്നാണ് ജെറമി ക്ലാർക്‌സൺ SLS AMG-യെ വിശേഷിപ്പിച്ചത്. ഇപ്പോൾ നിർമ്മിതിയിൽ ഇല്ലാത്ത ഈ കാറിന്റെ വില ഏകദേശം രണ്ടര കോടിയിലേറെ വരും എന്നാണ് കാർ വാലെ എന്ന ഓട്ടോ വെബ്സൈറ്റ് പറയുന്നത്.

കഴിഞ്ഞ ദിവസം, തന്റെ കളക്ഷനിലുള്ള 2002 ഇറങ്ങിയ ബി.എം.ഡബ്ല്യു എം 3 എന്ന കാറിനെയും ദുല്‍ഖര്‍ പരിചയപ്പെടുത്തിയിരുന്നു.

‘ എന്റെ ഗാരേജില്‍ ഏറ്റവും പ്രിയപ്പെട്ട കാറാണിത്. ഇതു സംബന്ധിച്ചു ഒരുപാട് ഓര്‍മ്മകള്‍ എനിക്കുണ്ട്. അതിലൊന്ന് ഈ കാര്‍ ആരോ മോഷ്ടിക്കുന്നതു സ്വപ്‌നം കണ്ടു ഞെട്ടി ഉണര്‍ന്നതാണ്’ ദുല്‍ഖര്‍ പറഞ്ഞു. ഒരുപാട് നാളായി ഇത്തരം ഒരു വീഡിയോ ചെയ്യണമെന്നു വിചാരിക്കുന്നുവെന്നും ഇപ്പോഴാണ് അതിനുളള കൃത്യമായ സമയമെന്നു ദുല്‍ഖര്‍ പറയുന്നു. ഇനിയും ഇങ്ങനെയുളള വീഡിയോ പ്രതീക്ഷിക്കുന്നു എന്നാണ് ആരാധകരുടെ വാക്കുകള്‍.

തെന്നിന്ത്യന്‍ സിനിമാലോകത്ത് ഏറെ ആരാധകരുളള താരമാണ് ദുല്‍ഖര്‍ സല്‍മാന്‍. താര-പുത്ര പദവിയോടെയാണ് അരങ്ങേറ്റം കുറിച്ചതെങ്കിലും പിന്നീട് തന്റേതായ സ്ഥാനം നേടിയെടുക്കാന്‍ ദുല്‍ഖറിനു കഴിഞ്ഞു.ദുല്‍ഖറിന്റെ ഏറ്റവും പുതിയ ചിത്രങ്ങളായ സീതാരാമം,ചുപ് എന്നിവ ഹിറ്റ് ചാര്‍ട്ടില്‍ ഇടം നേടി കഴിഞ്ഞു. ആർ ബൽകി സംവിധാനം ചെയ്ത ‘ചുപ്’ ഒരു ത്രില്ലർ ചിത്രമാണ്. ദുൽഖറിനൊപ്പം സണ്ണി ഡിയോൾ, പൂജ ഭട്ട് എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങൾ. ഒരു സൈക്കോ കഥാപാത്രത്തെയാണ് ചിത്രത്തിൽ ദുൽഖർ അവതരിപ്പിച്ചത്‌.ദുൽഖറിന്റെ അഭിനയം ദേശീയതലത്തിൽ ശ്രദ്ധ നേടുകയും ചെയ്തിരുന്നു.

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Dulquer salmaan bought mercedes benz maybach gls 600