ദുല്‍ഖര്‍ സല്‍മാന്‍ ബോളിവുഡില്‍ അരങ്ങേറ്റം കുറിക്കുന്ന ചിത്രമാണ് ‘കര്‍വാൻ’. ആകര്‍ഷ് ഖുറാന സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഇര്‍ഫാന്‍ ഖാന്‍, മിഥില പാല്‍ക്കര്‍ എന്നിവരാണ് ദുല്‍ഖറിനൊപ്പം എത്തുന്നത്. ഹിന്ദി സിനിമ ഏറെ പ്രതീക്ഷയോടെ ഉറ്റുനോക്കുന്ന ഒന്നാണ് ചുരുങ്ങിയ കാലം കൊണ്ട് തന്നെ തെന്നിന്ത്യയില്‍ വ്യക്തിമുദ്ര പതിപ്പിച്ച ദുല്‍ഖര്‍ സല്‍മാന്റെ ബോളിവുഡിലേക്കുള്ള ചുവടു വയ്‌പ്. ഓഗസ്റ്റ് 3നു റിലീസ് ചെയ്യാന്‍ തയ്യാറെടുക്കുന്ന ‘കര്‍വാ’യുടെ ഏറ്റവും പുതിയ പോസ്റ്റര്‍ ഇന്നലെ അണിയറ പ്രവര്‍ത്തകര്‍ റിലീസ് ചെയ്‌തിട്ടുണ്ട്.
ദുല്‍ഖര്‍, ഇര്‍ഫാന്‍, മിഥില എന്നിവര്‍ ഉള്‍പ്പെടുന്ന പോസ്റ്റര്‍ ഇപ്പോള്‍ തന്നെ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരിക്കുകയാണ്. ദുല്‍ഖര്‍ ഓടിക്കുന്ന ഒരു മഞ്ഞ കാറില്‍ ഇര്‍ഫാന്‍ ഖാനും മിതിലയും കൂടെ യാത്ര ചെയ്യുന്ന ഒരു ഫോട്ടോയാണ് പോസ്റ്ററില്‍. ഇര്‍ഫാന്‍ ഒരു കൈ കൊണ്ട് മുകളില്‍ കെട്ടി വച്ചിരിക്കുന്ന ഒരു ശവപ്പെട്ടി പിടിച്ചിട്ടുമുണ്ട്. ‘3 lost souls, 2 dead bodies, a journey of a life time’ എന്നാണ് ചിത്രത്തിന്റെ ടാഗ്‌ലൈന്‍ കൊടുത്തിരിക്കുന്നത്. ഏതോ ജീവിത സന്ധിയില്‍ കണ്ടുമുട്ടിയ മൂന്നു പേര്‍, ഒരു ശവപ്പെട്ടിയും വഹിച്ചു കൊണ്ട് നടത്തുന്ന ഒരു യാത്രയാണ് ചിത്രത്തിന്റെ പ്രമേയം എന്നാണ് പോസ്റ്ററില്‍ നിന്നും മനസ്സിലാക്കാന്‍ കഴിയുന്നത്. ഇതു ഒരു ട്രാവല്‍ ഫിലിം ആണ് എന്ന് നേരത്തെ തന്നെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.
ഇതിനോടൊപ്പം തന്നെ ചര്‍ച്ചയാകുന്നത് ചിത്രത്തില്‍ ദുല്‍ഖര്‍ സല്‍മാന്‍ ഓടിക്കുന്ന മഞ്ഞ ടാറ്റാ നാനോ കാറിന്റെ നമ്പര്‍ പ്ലേറ്റ് ആണ്. കെഎല്‍-01 2326 എന്നാണ് പേപ്പര്‍ കൊണ്ട് എഴുതിയ നമ്പര്‍ പ്ലേറ്റ്. തിരുവനന്തപുരം ജില്ലയിലെ കാറുകള്‍ക്കാണ് കെഎല്‍-01എന്ന് തുടങ്ങുന്ന റജിസ്ട്രേഷന്‍ നമ്പര്‍ ഉണ്ടാവുക. അതുകൊണ്ട് തന്നെ ദുല്‍ഖര്‍ സല്‍മാന്‍ ഈ ചിത്രത്തില്‍ ഒരു മലയാളിയായിട്ടാണോ അഭിനയിക്കുനത് എന്ന സ്വാഭാവികമായ സംശയത്തിലാണ് ആരാധകര്‍. എന്നാല്‍ ദുല്‍ഖര്‍ ഒരു ബാംഗ്ലൂര്‍ നിവാസിയെയാണ് അവതരിപ്പിക്കുന്നത് എന്ന് മുന്‍പൊരു അവസരത്തില്‍ സംവിധായകന്‍ തന്നെ പറഞ്ഞിട്ടുമുണ്ട്. മറ്റു കഥാപാത്രങ്ങള്‍ക്കൊപ്പം ഒരു പ്രത്യേക ജീവിത സന്ധിയില്‍ പെട്ട് പോകുകയാണ് അയാള്‍. മിഥിലയുടെ കഥാപാത്രവുമായി അയാള്‍ പ്രണയത്തിലാകുന്നില്ല എന്നും സംവിധായകന്‍ വെളിപ്പെടുത്തിയിരുന്നു. ഹുസൈന്‍ ദലാല്‍ ആണ് ആകര്‍ഷിനൊപ്പം കർവാന്‍റെ തിരക്കഥ രചിക്കുന്നത്. റോണി സ്ക്രൂവാലയാണ് കാര്‍വാന്റെ നിര്‍മ്മാതാവ്.
കർവാന്റെ ഒരു ഷെഡ്യൂള്‍ കേരളത്തിലും ചിത്രീകരിച്ചിരുന്നു. തൃശൂര്‍ പരിസരത്തായിരുന്നു ഷൂട്ടിങ്. ചിത്രത്തിന്റെ ട്രെയിലർ ഇന്ന് പുറത്തിറങ്ങും. ചിത്രവുമായി ബന്ധപ്പെട്ടുള്ള സോഷ്യല്‍ മീഡിയ പ്രചാരണങ്ങളും സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ ആരംഭിച്ചു കഴിഞ്ഞു.

ഇതിനിടെ, മകന്റെ കന്നി ഹിന്ദി ചിത്രത്തിന്റെ പ്രചരണാര്‍ത്ഥം മമ്മൂട്ടി രംഗത്തെത്തുമെന്ന് ബോളിവുഡ് ബിസിനസ് അനലിസ്റ്റും സിനിമാ നിരൂപകനുമായ തരന്‍ ആദര്‍ശ് സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.
“നടന്‍ മമ്മൂട്ടി, മകന്‍ ദുല്‍ഖര്‍ സല്‍മാന്റെ ഹിന്ദിയിലെ ആദ്യ ചിത്രമായ ‘കര്‍വാൻ’ പ്രൊമോട്ട് ചെയ്യും. ഇര്‍ഫാന്‍ ഖാന്‍, ദുല്‍ഖര്‍ സല്‍മാന്‍, മിഥില പാല്‍ക്കര്‍, എന്നിവര്‍ അഭിനയിക്കുന്നു. ആര്‍എസ്‌വിപി, ഇഷ്‌ക ഫിലംസ് എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്നു. ആകാശ് ഖുറാനയുടെ സംവിധാനം”, എന്നാണ് തരന്‍ ആദര്‍ശ് പറഞ്ഞത്.
Read More: വാപ്പിച്ചി ഇന്നുവരെ അത് ചെയ്‌തിട്ടില്ല, ഇനി ചെയ്യുകയുമില്ല
എന്നാല്‍ കുറച്ചു സമയത്തിനുള്ളില്‍ തന്നെ ദുല്‍ഖര്‍ സല്‍മാന്‍ ഇത് നിഷേധിച്ചു കൊണ്ട് രംഗത്തെത്തി.
“ഈ വാര്‍ത്ത തീര്‍ത്തും തെറ്റാണ് സര്‍! എന്റെ വാപ്പിച്ചി ഇന്നുവരെ എന്നെയോ എന്റെ സിനിമകളെയോ പ്രൊമോട്ട് ചെയ്‌തിട്ടില്ല. ആ നിലപാടില്‍ ഒരു മാറ്റം ഇനി ഉണ്ടാവുകയുമില്ല. ഇത് കെട്ടിച്ചമച്ച വാര്‍ത്തയാണ്”, തരന്‍ ആദര്‍ശിനു മറുപടിയായി ദുല്‍ഖര്‍ ട്വിറ്ററില്‍ പറഞ്ഞു. തുടര്‍ന്ന് തരന്‍ ആദര്‍ശ് ക്ഷമ ചോദിക്കുകയും ഈ വിവരം കുറിച്ച ട്വീറ്റ് പിന്‍വലിക്കുകയും ചെയ്‌തു.

അഭിനേതാവും തിരക്കഥാകൃത്തുമായ അഭിഷേക് ശര്‍മ സംവിധാനം ചെയ്യുന്ന ‘ദി സോയാ ഫാക്‌ടര്‍’ ആണ് ദുല്‍ഖറിന്റെ അടുത്ത ബോളിവുഡ് ചിത്രം. അനുജാ ചൗഹാന്‍ എഴുതിയ നോവലിനെ ആസ്‌പദമാക്കിയാണ് ചിത്രം. 1983ല്‍ ഇന്ത്യ ക്രിക്കറ്റ് ലോകകപ്പ് നേടിയ കാലത്ത് ജനിച്ച സോയ സിങ് എന്ന ഒരു പെണ്‍കുട്ടിയുടെ ജീവിതത്തിലൂടെയാണ് നോവല്‍ വികസിക്കുന്നത്. സോയയുടെ ഭാഗ്യം കൊണ്ടാണ് ടീം കപ്പ് നേടിയത് എന്നായിരുന്നു വിശ്വാസം. അതിനാല്‍ 2010ലെ ലോകകപ്പിനും ‘സോയ ഫാക്‌ടര്‍’ വിനിയോഗിക്കാന്‍ ഇന്ത്യന്‍ ടീം തീരുമാനിക്കുന്നതാണ് കഥ. ചിത്രത്തില്‍ ഒരു ക്രിക്കറ്റ് താരത്തിന്റെ വേഷമാകും ദുല്‍ഖര്‍ അവതരിപ്പിക്കുക എന്നാണ് റിപ്പോര്‍ട്ടുകള്‍.

Read More. ദുല്‍ഖര്‍ സല്‍മാന്‍ ‘ക്യൂട്ട്’ ആണെന്ന് സോനം കപൂര്‍