ദുല്‍ഖര്‍ സല്‍മാന്‍ ബോളിവുഡില്‍ അരങ്ങേറ്റം കുറിക്കുന്ന ‘കാര്‍വാ’ എന്ന ചിത്രത്തിന്‍റെ ഷൂട്ടിംഗ് പൂര്‍ത്തിയായതായി റിപ്പോര്‍ട്ട്‌. പായ്ക്ക് അപ്പ്‌ ആയതിന്‍റെ സന്തോഷം പങ്കു വച്ച് അണിയറ പ്രവര്‍ത്തകര്‍ ചിത്രങ്ങളും വീഡിയോകളും പുറത്തു വിട്ടു.

കോമഡിയ്ക്ക് പ്രാധാന്യം നല്‍കുന്ന ഒരു റോഡ്‌ മൂവിയാണ് ‘കാര്‍വാ’ നെന്നാണ് ഇ പ്പോള്‍ അറിയുന്നത്. ദുല്‍ഖറിനൊപ്പം ഇര്‍ഫാന്‍ ഖാനും പ്രധാന വേഷത്തിലുണ്ട്. നായികമാര്‍ മിഥില പാല്ക്കര്‍, കൃതി ഖര്‍ബന്ദ എന്നിവരാണ്. ആകര്‍ഷ് ഖുരാനയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. സൂപ്പര്‍ ഹിറ്റുകളായ ‘യേ ജവാനി ഹേ ദിവാനി’, ‘ടു സ്റ്റേറ്റ്സ്’ എന്നിവയുടെ സംഭാഷണ രചയിതാവാണ് ആകര്‍ഷ്. ‘കാര്‍വാ’ന്‍റെ ഒരു ഷെഡ്യൂള്‍ കേരളത്തിലും ചിത്രീകരിച്ചിരുന്നു.

മണിരത്നത്തിന്‍റെ ‘ഓ കെ കണ്മണി’ കണ്ടത് മുതല്‍ ദുല്‍ഖറിനെ ശ്രദ്ധിച്ചിരുന്നുവെന്നും പിന്നീട് ‘ബാംഗ്ലൂര്‍ ഡെയ്സ്’, ‘കമ്മട്ടിപ്പാടം’ തുടങ്ങിയ ചിത്രങ്ങളും കണ്ടതിന് ശേഷമാണ് തന്‍റെ ആദ്യ സിനിമയ്ക്ക് കാസ്റ്റ് ചെയ്യാന്‍ തീരുമാനിച്ചത് എന്നും ആകര്‍ഷ് പറയുന്നു.

‘കാര്‍വാ’നില്‍ ദുല്‍ഖര്‍ ഒരു ബാംഗ്ലൂര്‍ നിവാസിയെയാണ് അവതരിപ്പിക്കുന്നത്‌. മറ്റു കഥാപാത്രങ്ങള്‍ക്കൊപ്പം ഒരു പ്രത്യേക ജീവിത സന്ധിയില്‍ പെട്ട് പോകുകയാണ് അയാള്‍. മിഥിലയുടെ കഥാപാത്രവുമായി അയാള്‍ പ്രണയത്തിലാകുന്നില്ല എന്നും സംവിധായകന്‍ കൂട്ടി ചേര്‍ത്തു.

ഇര്‍ഫാന്‍ ഖാന്‍, മിഥില പാല്ക്കര്‍, ദുല്‍ഖര്‍ സല്‍മാന്‍, കടപ്പാട് ഇന്‍സ്റ്റാഗ്രാം

സിനിമ പാക്ക് അപ്പ്‌ ആകുന്നതില്‍ അതീവ ദുഖമുണ്ട് എന്ന് കുറച്ചു ദിവസങ്ങള്‍ക്കു മുന്‍പ് തന്നെ മിഥില പറഞ്ഞിരുന്നു. ദുല്‍ഖര്‍, ഇര്‍ഫാന്‍ തുടങ്ങിയ സൂപ്പര്‍ താരങ്ങള്‍ക്കൊപ്പം അഭിനയിച്ചതില്‍ നിന്നും താന്‍ ഏറെ കാര്യങ്ങള്‍ പഠിച്ചു എന്നും അവര്‍ക്കൊപ്പം ചിലവഴിച്ച സമയം വളരെ സന്തോഷകരമായിരുന്നു എന്നും മിഥില പറഞ്ഞു. തനിക്കു ‘വിത്ത്‌ഡ്രോവല്‍’ വരുന്നുണ്ട് എന്നും അവര്‍ സോഷ്യല്‍ മീഡിയയില്‍ പങ്കു വച്ചു.

ഹുസൈന്‍ ദലാല്‍ ആണ് ആകര്‍ഷിനോപ്പം ‘കാര്‍വാ’ ന്‍റെ തിരക്കഥ രചിക്കുന്നത്‌. റോണി സ്ക്രൂവാലയാണ് നിര്‍മ്മാതാവ്. റിലീസ് തീരുമാനാമായില്ല.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ