/indian-express-malayalam/media/media_files/uploads/2023/02/dulquer-salmaan-1.jpg)
നടൻ ദുൽഖർ സൽമാന് ദാദ സാഹേബ് ഫാൽക്കെ അവാർഡ്. ആര്‍. ബല്‍കി സംവിധാനം ചെയ്ത 'ചുപ്: റിവഞ്ച് ഓഫ് ദി ആർട്ടിസ്റ്റ്' എന്ന ചിത്രത്തിലെ പ്രകടനമാണ് ദുൽഖറിനെ പുരസ്കാരത്തിന് അർഹനാക്കിയത്. 'ബെസ്റ്റ് ആക്റ്റർ ഇൻ നെഗറ്റീവ് റോൾ' കാറ്റഗറിയിലാണ് ദുൽഖർ പുരസ്കാരം നേടിയിരിക്കുന്നത്. ഇതാദ്യമായാണ് മലയാളത്തിൽ നിന്ന് ഒരു നടന് ഈ അവാർഡ് ലഭിക്കുന്നത്.
മറ്റു പുരസ്കാര ജേതാക്കൾ:
മികച്ച ചിത്രം: ദ കാശ്മീർ ഫയൽസ്
ഫിലിം ഓഫ് ദ ഇയർ: ആർആർആർ
മികച്ച നടൻ: രൺബീർ കപൂർ (ബ്രഹ്മാസ്ത്ര)
മികച്ച നടി: ആലിയ ഭട്ട് (ഗംഗുഭായി കത്തിയവാഡി)
മികച്ച നടൻ, ക്രിട്ടിക്സ് അവാർഡ്: വരുൺ ധവാൻ (ബേഡിയ)
മികച്ച നടി, ക്രിട്ടിക്സ് അവാർഡ്: വിദ്യ ബാലൻ (ജൽസ)
മികച്ച സംവിധായകൻ: ആർ ബൽകി (ചുപ്)
മികച്ച ഛായാഗ്രാഹകൻ: പിഎസ് വിനോദ് (വിക്രം വേദ)
മോസ്റ്റ് പ്രോമിസിംഗ് ആക്റ്റർ: റിഷഭ് ഷെട്ടി (കാന്താര)
സിനിമയ്ക്ക് നൽകിയ സമഗ്ര സംഭാവനകൾ പരിഗണിച്ച് പ്രത്യേക പുരസ്കാരം നടി രേഖയ്ക്കും സമ്മാനിച്ചു.
" ഇത് പ്രത്യേകതയുള്ളതാണ്! ഹിന്ദിയിലെ എന്റെ ആദ്യത്തെ അവാർഡ്. ഒപ്പം നെഗറ്റീവ് റോളിൽ മികച്ച നടനുള്ള എന്റെ ആദ്യ നേട്ടവും. ഈ ബഹുമതിക്ക് ദാദ സാഹബ് ഫാൽക്കെ അവാർഡ് ജൂറിക്കു നന്ദി പറയുന്നു. ശരിക്കും നന്ദി പറയേണ്ടത് ബാൽക്കി സാറിനാണ്. അദ്ദേഹം എന്നെ ഡാനിയായി എങ്ങനെ കണ്ടുവെന്ന് എനിക്കറിയില്ല, പക്ഷേ അദ്ദേഹം കണ്ടു. എന്നിൽ അദ്ദേഹത്തിനുണ്ടായിരുന്ന ബോധ്യവും മാർഗദർശനവുമായിരുന്നു എനിക്ക് എല്ലാം. ചുപ്പിലൂടെ എനിക്ക് മികച്ച അനുഭവം നൽകിയ ബൽകി സാറിനും സഹതാരങ്ങൾക്കും ഹോപ്പ് പ്രൊഡക്ഷനിലെ എല്ലാവർക്കും നന്ദി. ഇത് നിങ്ങൾക്കെല്ലാവർക്കും വേണ്ടിയുള്ളതാണ്," അവാർഡ് ലഭിച്ച സന്തോഷം പങ്കിട്ട് ദുൽഖർ കുറിച്ചു.
സൈക്കോ ത്രില്ലർ ചിത്രമായ ചുപ്പിലെ ഡാനി എന്ന ദുൽഖർ കഥാപാത്രം ഇതിനകം തന്നെ ഏറെ ശ്രദ്ധ നേടിയിട്ടുണ്ട്. നിഗൂഢതകൾ ഏറെയുള്ള ദുൽഖർ കഥാപാത്രം നിരൂപക പ്രശംസയും നേടിയിരുന്നു. ദുൽഖറിന്റെ വേഫേറെർ ഫിലിംസ് ആണ് ചുപ്പ് കേരളത്തിൽ വിതരണത്തിനെത്തിച്ചത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.