കയ്യടിച്ചും ആർപ്പുവിളിച്ചും ദുൽഖറിനെ വരവേറ്റ് ജനാവലി. ഒരുപക്ഷേ ആദ്യമായിട്ടായിരിക്കും, കേരളത്തിനു പുറത്ത് ഒരു മലയാളനടന് ഇത്രയേറെ സ്വീകാര്യത ലഭിക്കുന്നത്. സീതാരാമത്തിന്റെ മ്യൂസിക് ലോഞ്ചിന് എത്തിയ ദുൽഖറിനെ ഹർഷാരവങ്ങളോടെയാണ് ആരാധകർ സ്വാഗതം ചെയ്തത്.
സീതാരാമത്തിന്റെ മ്യൂസിക് ലോഞ്ചിൽ നിന്നുള്ള ചിത്രങ്ങളും വീഡിയോകളുമാണ് ഇപ്പോൾ വൈറലാവുന്നത്.
മലയാളത്തിനു പുറമെ, തമിഴിലും തെലുങ്കിലും ബോളിവുഡിലുമെല്ലാം ദുൽഖർ ഇതിനകം തന്നെ ശ്രദ്ധ നേടി കഴിഞ്ഞു. ഒരു പാൻ ഇന്ത്യൻ സ്റ്റാർ എന്ന രീതിയിൽ ശ്രദ്ധ നേടുന്ന യുവതാരം കൂടിയാണ് ദുൽഖർ.
ദുൽഖർ സൽമാനും ഹനു രാഘവപുടിയും സ്വപ്ന സിനിമാസും ഒന്നിക്കുന്ന സീതാരാമം 2022 ഓഗസ്റ്റ് അഞ്ചിന് ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ പ്രദർശനത്തിനെത്തും. 1964-ലെ കാശ്മീർ യുദ്ധത്തിന്റെ പശ്ചാത്തലത്തിലുള്ള ഒരു പ്രണയകഥയാണ് ഈ ചിത്രത്തിന്റെ പ്രമേയമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്. ലെഫ്റ്റനന്റ് റാമിന്റെയും സീതാ മഹാലക്ഷ്മിയുടെയും പ്രണയമാണ് ചിത്രം പറയുന്നത്. ദുൽഖർ സൽമാനും മൃണാൾ താക്കൂറുമാണ് ചിത്രത്തിൽ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്നത്.
വൈജയന്തി മൂവീസ് അവതരിപ്പിക്കുന്ന സീതാരാമത്തിൽ രശ്മിക മന്ദാന, ഗൗതം മേനോൻ, പ്രകാശ് രാജ്, തരുൺ ഭാസ്‌ക്കർ, സുമന്ത്, ശത്രു, ഭൂമിക ചൗള, രുക്മിണി വിജയ് കുമാർ, സച്ചിൻ ഖേദേക്കർ, മുരളി ശർമ്മ, വെണ്ണേല കിഷോർ എന്നിവരാണ് മറ്റു അഭിനേതാക്കൾ. മൂന്ന് ഭാഷകളിലായാണ് ചിത്രം റിലീസിനെത്തുക. ദുൽഖർ സൽമാന്റെ രണ്ടാമത്തെ തെലുങ്ക് ചിത്രമെന്ന പ്രത്യേകതയും സീതാ രാമത്തിനുണ്ട്.
Read more: പുതിയ പ്രണയം, ഫൊട്ടോഗ്രാഫിയിൽ പരീക്ഷണങ്ങളുമായി ദുൽഖർ; ചിത്രങ്ങൾ