19 താമത് ജിയോ മാമി ചലച്ചിത്രമേളയിലെ ഹ്രസ്വ ചിത്രങ്ങളുടെ ജൂറിയില്‍ ദുല്‍ഖര്‍ സല്‍മാന്‍. ഡൈമെന്‍ഷന്‍സ് എന്ന് പേരുള്ള വിഭാഗത്തില്‍ ചെറുപ്പക്കാരുടെ ചിത്രങ്ങളാണ് മത്സരിക്കുന്നത്. ചലച്ചിത്രോല്‍സവ വേദിയില്‍ നിന്നും ദുല്‍ഖര്‍ ഇന്ത്യന്‍ എക്സ്പ്രസ്സിനോട് മനസ്സ് തുറന്നു. ഏറ്റവും പുതിയ ചിത്രമായ ‘സോളോ’ യുടെ ക്ലൈമാക്സ്‌ വിവാദം ദൗര്‍ഭാഗ്യമായി എന്ന് ഡി ക്യൂ അഭിപ്രായപ്പെട്ടു.

‘സോളോയുടെ ക്ലൈമാക്സിന് സംഭവിച്ചത് അന്യായമാണ്, സങ്കടകരമാണ്. അത് കൊണ്ട് തന്നെ അതിനെക്കുറിച്ച് തുറന്നു സംസാരിക്കണം എന്ന് തോന്നി. എന്നാല്‍ ഇത് കേട്ട് കേള്‍വി ഇല്ലാത്ത ഒരു കാര്യമൊന്നുമല്ല. മലയാളത്തില്‍ തന്നെ ഇതിനു മുന്‍പും സംഭവിച്ചിട്ടുണ്ട്. എന്‍റെ സിനിമയ്ക്കല്ല ആദ്യമായി ഇത്തരത്തില്‍ ഒരനുഭവം ഉണ്ടാകുന്നതു. പക്ഷെ അങ്ങനെ സംഭവിച്ചാല്‍ എന്ത് ചെയ്യും?’, സംവിധായകന്‍ ബിജോയ്‌ നമ്പ്യാരെ പിന്തുണച്ചു കൊണ്ട് ഡി ക്യൂ പറഞ്ഞു.

കേരളത്തില്‍ റിലീസ് ചെയ്ത സോളോയുടെ ക്ലൈമാക്സ്‌, സംവിധായകന്‍ അറിയാതെ നിര്‍മ്മാതാക്കള്‍ മാറ്റുകയായിരുന്നു. ഇത് ശരിയല്ല എന്നും സംവിധായകന്റെ സിനിമയില്‍ നിന്നും തുടച്ചു മാറ്റരുത് എന്നും കുറിച്ച് ദുല്‍ഖര്‍ രംഗത്ത് വന്നിരുന്നു.

‘നമ്മള്‍ നമ്മുടെ സിനിമകള്‍ക്കൊപ്പം നില്‍ക്കണം എന്ന് വിശ്വസിക്കുന്ന ആളാണ്‌ ഞാന്‍. ഞാന്‍ എന്നും എന്‍റെ സിനിമകളുടെ പക്ഷത്തേ നിന്നിട്ടുള്ളൂ’, ദുല്‍ഖര്‍ കൂട്ടിച്ചേര്‍ത്തു.

‘കലാകാരന്‍റെ കൈയ്യില്‍ നിന്നും സര്‍ഗാത്മകത തട്ടിപ്പറിക്കുന്നത് പോലെയാണത്. പക്ഷെ എനിക്ക് എന്ത് ചെയ്യാന്‍ പറ്റും, സങ്കടപ്പെടുകയല്ലാതെ. അതിന്‍റെ നിയന്ത്രണം എന്‍റെ കൈയ്യില്‍ അല്ലല്ലോ.’, തന്‍റെ നിസ്സഹായത മറച്ചു വയ്ക്കാതെ ഡി ക്യൂ പറഞ്ഞു.

ഒക്ടോബര്‍ 18 വരെയാണ് ജിയോ മാമി ഫിലിം ഫെസ്റിവല്‍.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ