ദുല്‍ഖര്‍ സല്മാന് ആദ്യമായി നിര്‍മിക്കുന്ന സിനിമയാണ് വരനെ ആവശ്യമുണ്ട്. സിനിമയുടെ ഏറ്റവും പുതിയ പോസ്റ്റര്‍ ദുല്‍ഖര്‍ സല്മാന് തന്റെ ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ പങ്കുവച്ചു. നിങ്ങളുടെ മുഖത്ത് ഒരു പുഞ്ചിരി സമ്മാനിക്കുന്ന സിനിമയായിരിക്കും ‘വരനെ ആവശ്യമുണ്ട്’ എന്നാണ് ദുല്‍ഖര്‍ പറയുന്നത്.
പുതിയ പോസ്റ്ററില്‍ ദുല്‍ഖറും കല്യാണി പ്രിയദര്ശനുമാണുള്ളത്. ആദ്യമായി പ്രൊഡ്യൂസറുടെ വേഷമണിയുന്നതിന്റെ സന്തോഷവും ദുല്‍ഖര്‍ ഈ പോസ്റ്റില്‍ പങ്കുവച്ചിട്ടുണ്ട്. ‘ഐ ആം എ പ്രൊഡ്യൂസര്‍’ എന്ന ഹാഷ് ടാഗോടെയാണ് ദുല്‍ഖര്‍ പുതിയ പോസ്റ്റര്‍ പങ്കുവച്ചിരിക്കുന്നത്. ദുല്‍ഖറിന്റെ വേഫെയര്‍ ഫിലിംസാണ് സിനിമ നിര്‍മിച്ചിരിക്കുന്നത്.
അതേസമയം, ദുല്‍ഖറിന്റെ ഫെയ്സ്ബുക്ക് പോസ്റ്റിലെ അക്ഷരത്തെറ്റ് കണ്ടുപിടിച്ചിരിക്കുകയാണ് ഒരു വിഭാഗം ആരാധകര്‍. ‘I AM A Producer’ എന്നതിനു പകരം ദുല്‍ഖറിന്റെ പോസ്റ്റില്‍ ‘I AM A Perducer’ എന്നാണ് കിടക്കുന്നത്. ഇതിനെ കുറിച്ച് രസകരമായ കമന്റുകളാണ് ആരാധകര്‍ പാസാക്കിയിരിക്കുന്നത്. എന്തായാലും ദുല്‍ഖര്‍ ആദ്യമായി നിര്‍മിക്കുന്ന സിനിമയ്ക്കുവേണ്ടിയാണ് ആരാധകര്‍ എല്ലാവരും കാത്തിരിക്കുന്നത്. പ്രശസ്ത സംവിധാകൻ സത്യൻ അന്തിക്കാടിന്റെ മകൻ അനൂപ് സത്യനാണ് വരനെ ആവശ്യമുണ്ട് സംവിധാനം ചെയ്തിരിക്കുന്നത്.
ദുൽഖറിനും കല്യാണിക്കും പുറമേ സുരേഷ് ഗോപി, ശോഭന എന്നിവരും സിനിമയിൽ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഒരിടവേളയ്ക്ക് ശേഷമാണ് ഇരുവരും വീണ്ടും ഒന്നിക്കുന്നത്. വിനീത് ശ്രീനിവാസന് സംവിധാനം ചെയ്ത് ‘തിര’യിലാണ് ഒടുവിൽ ശോഭന അഭിനയിച്ചത്. സുരേഷ് ഗോപിയ്ക്ക് ഒപ്പം ശോഭന അഭിനയിച്ച അവസാനചിത്രം 2005 ല്‍ റിലീസ് ചെയ്ത ജയരാജ് ചിത്രം ‘മകള്‍ക്ക്’ ആയിരുന്നു. ശോഭനയ്ക്കും സുരേഷ് ഗോപിയ്ക്കുമൊപ്പം യുവതലമുറയിലെ ശ്രദ്ധേയ താരങ്ങളായ ദുൽഖറും കല്യാണിയും കൂടി ഒന്നിക്കുമ്പോൾ പ്രേക്ഷകരെ സംബന്ധിച്ചും പ്രതീക്ഷകൾ ഏറെയാണ്.
ചെന്നൈയിൽ ജീവിക്കുന്ന ഒരു കുടുംബത്തിന്റെ കഥയാണ് ചിത്രം പറയുന്നത്. “ശോഭനയും കല്യാണിയും അമ്മയും മകളുമായാണ് സിനിമയിൽ അഭിനയിക്കുന്നത്. അവരുടെ ജീവിതത്തിലേക്ക് കടന്നു വരുന്ന രണ്ടു പുരുഷന്മാരുടെ കഥാപാത്രങ്ങളാണ് ദുൽഖറും സുരേഷ് ഗോപിയും അവതരിപ്പിക്കുന്നത്,” ചിത്രത്തിന്റെ പ്രമേയത്തെ കുറിച്ച് സംവിധായകൻ അനൂപ് പറയുന്നതിങ്ങനെ.