അങ്ങനെ ആരാധകർ കാത്തിരുന്ന പ്രഖ്യാപനം വന്നിരിക്കുകയാണ്. ദുൽഖർ സൽമാൻ നായകനാകുന്ന കുറുപ്പ് നവംബർ 12ന് തിയേറ്ററുകളിൽ എത്തുന്നു. ദുൽഖർ തന്നെയാണ് സോഷ്യൽ മീഡിയയിലൂടെ ചിത്രം റീലിസിനെത്തുന്ന സന്തോഷ വാർത്ത ആരാധകരെ അറിയിച്ചത്.
കൂട്ടിലായിരുന്ന ‘കുറുപ്പ്’ തിയേറ്ററുകളിലേക്ക് എത്തുന്നുവെന്ന് പറഞ്ഞു കൊണ്ടാണ് ദുൽഖർ റിലീസ് തീയതി പ്രഖ്യാപിച്ചത്. വർഷങ്ങളുടെ പരിശ്രമം കോവിഡ് കാരണം വെളിച്ചം കാണുമോ എന്ന് വരെ സംശയിച്ചിരുന്നെങ്കിലും ആരാധകരുടെ പിന്തുണയും സ്നേഹവും കൊണ്ടാണ് അതെല്ലാം മറികടന്നതെന്നും ദുൽഖർ പറഞ്ഞു.
“അങ്ങനെയങ്ങനെ, ഒടുവിൽ, ഞങ്ങൾ തയ്യാറായി. കുറുപ്പിനെ മോചിപ്പിക്കാൻ. ഇത് വരെ ചെയ്തതിൽ ഏറ്റവും വലിയ ചിത്രം, കുറുപ്പ്, പൂട്ടിയിടപ്പെട്ട അവസ്ഥയിൽ നിന്നും സ്വതന്ത്രനാവുകയാണ്, ലോകമെമ്പാടും ഉള്ള തിയേറ്ററുകളിൽ എത്തുകയാണ്.”
“കുറുപ്പിനോടൊത്തുള്ള യാത്ര, അത് വളരെ വലുതും സങ്കീർണ്ണവുമായിരുന്നു. ആലോചന തന്നെ വർഷങ്ങൾ എടുത്തു. ചിത്രീകരണം ഒരു വർഷത്തോളം നീണ്ടു. മാസങ്ങൾ എടുത്തു പോസ്റ്റ് പ്രൊഡക്ഷൻ നടത്തി. പിന്നെ മഹാമാരികാലമായി. ‘കുറുപ്പ്’ വെളിച്ചം കാണുമോ എന്നൊരു എത്തും പിടിയും ഉണ്ടായിരുന്നില്ല. എന്നാൽ നിങ്ങളുടെ എല്ലാം അകമഴിഞ്ഞ സ്നേഹവും, പിൻതുണയും, തിയേറ്റർ തുറക്കും വരെ കാത്തിരിക്കണം എന്ന നിരന്തരമായാ ആവശ്യപ്പെടലും കൊണ്ട് അതി കഠിനമായ ആ സമയത്തെയും ഞങ്ങൾ അതിജീവിവിച്ചു.”
“ഞാൻ എന്റെ കുടുംബത്തിനോടും സുഹൃത്തുക്കളോടും പല വട്ടം പറഞ്ഞിട്ടുണ്ട് – കുറുപ്പ് എനിക്ക് എന്റെ രണ്ടാമത്തെ കുഞ്ഞിനെപ്പോലെയാണ് എന്ന്. അതിന്റെതായ ഒരു ജീവിതവും വിധിയുമുള്ള, ജൈവമായ ഒന്ന്. അതിനെ ഏറ്റവും മികച്ചതാക്കാനായി എന്ത് ചെയ്യാനും ഞാൻ തയ്യാറായിരുന്നു. ശാരീരികമായും മാനസികമായും, ഞാൻ പൂർണമായി അർപ്പിച്ച ഒരു ചിത്രം. ഞാൻ, ഞാൻ എന്ന് കുറെയായി പറയുന്നു. ഇതിന്റെ അണിയറപ്രവർത്തകരുടെ കഴിവും കഠിന പ്രയത്നവുമാണ് ആ ചിത്രത്തെ ഇങ്ങനെയാക്കിയത്. പക്ഷേ എനിക്ക് ഈ സിനിമയുമായുള്ള സവിശേഷമായാ ബന്ധത്തെക്കുറിച്ച്, ഹൃദയത്തിൽ തൊട്ടു സംസാരിക്കാൻ ഞാൻ ആഗ്രഹിക്കുന്നു.”
“ആ സിനിമയോട് നീതി പുലർത്താൻ, സ്നേഹവും പരിലാളനയും നൽകാൻ… ഒരു ആശയത്തിൽ നിന്നും വളർന്നു ഉയർന്നു എന്റെ കണ്മുന്നിൽ നിൽക്കുന്ന ഒന്നാകാൻ… അകത്തും പുറത്തും വലിയ യുദ്ധങ്ങൾ നടത്തിയിട്ടുണ്ട് ഞങ്ങൾ.”
“നേരത്തെ പറഞ്ഞത് പോലെ, കുറുപ്പിന് അതിന്റേതായ ഒരു വിധിയുണ്ട്. എനിക്കറിയാമായിരുന്നു… കൃത്യ സമയമാകുമ്പോൾ, തയ്യാറാണ് എന്ന് ബോധ്യം വരുമ്പോൾ മാത്രമായിരിക്കും പുറത്ത് വരുന്നത് എന്ന്”
“കുറിപ്പിനെ സ്വാതന്ത്രനാക്കാൻ സമയമായി. നിങ്ങൾ അതിനു ചിറകുകൾ നല്കുമെന്നു ഞാൻ പ്രാർത്ഥിക്കുന്നു. വലിയ ഉയരങ്ങളിലേക്ക് അത് എത്തുമെന്നും…” ദുൽഖർ കുറിച്ചു.
കേരളം കണ്ട ഏറ്റവും വലിയ പിടികിട്ടാപുള്ളിയായ സുകുമാര കുറുപ്പിന്റെ ജീവിതം ആസ്പദമാക്കിയുള്ള ചിത്രം ശ്രീനാഥ് രാജേന്ദ്രനാണ് സംവിധാനം ചെയ്യുന്നത്. ദുൽഖർ സൽമാൻ ആണ് ചിത്രത്തിൽ സുകുമാരകുറുപ്പായി വേഷമിടുന്നത്. ദുൽഖറിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ ബഡ്ജറ്റിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ മുടക്കുമുതൽ 35 കോടിയാണ്. ദുൽഖർ സൽമാന്റെ ഉടമസ്ഥതയിലുള്ള വേഫറെർ ഫിലിംസും എം സ്റ്റാർ എന്റർടൈൻമെൻറ്സും ചേർന്നാണ് ചിത്രം നിർമ്മിച്ചത്.
Also Read: നിവിന്റെ ‘കനകം കാമിനി കലഹം’; റിലീസ് നവംബർ 12ന്
ഓടിടി പ്ലാറ്റ് ഫോമിലാവും സിനിമ പ്രദർശിപ്പിക്കുക എന്ന് നേരത്തെ വാർത്തകളിലുണ്ടായിരുന്നു. എന്നാൽ തിയേറ്ററുകൾ വീണ്ടും തുറന്നുപ്രവർത്തിക്കാൻ തീരുമാനമായതിന്റെ പശ്ചാത്തലത്തിൽ ചിത്രം തിയേറ്ററിൽ തന്നെ റിലീസ് ചെയ്യാൻ അണിയറപ്രവർത്തകർ തീരുമാനിക്കുകയായിരുന്നു.
ശോഭിത ധുലി പാലയാണ് ‘കുറുപ്പി’ൽ ദുൽഖറിന്റെ നായികയായി വേഷമിടുന്നത്. ഇന്ദ്രജിത്ത് സുകുമാരൻ, സണ്ണി വെയ്ൻ, ഷൈൻ ടോം ചാക്കോ , സുരഭി ലക്ഷ്മി, വിജയരാഘവൻ തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്.
മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ എന്നിങ്ങനെ അഞ്ചു ഭാഷകളിലായാണ് ചിത്രം പ്രേക്ഷകരിലേക്കെത്തുക. കേരളം, അഹമ്മദാബാദ്, ബോംബെ, ദുബായ്, മാംഗ്ളൂർ, മൈസൂർ എന്നിവിടങ്ങളിലായി ആറു മാസം കൊണ്ടാണ് ചിത്രം പൂർത്തീകരിച്ചത്. അതിൽ 105 ദിവസങ്ങൾ പൂർണമായും ഷൂട്ടിങ്ങിനായി ചിലവഴിച്ചതാണ്.
ജിതിൻ കെ ജോസിന്റെ കഥയ്ക്ക് തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത് ഡാനിയേൽ സായൂജ് നായരും കെ എസ് അരവിന്ദും ചേർന്നാണ്. നിമിഷ് രവിയാണ് ഛായാഗ്രഹണം സുഷിൻ ശ്യാമാണ് സംഗീത സംവിധാനം നിർവഹിക്കുന്നത്. ‘കമ്മാരസംഭവ’ത്തിലൂടെ ദേശീയ അവാർഡ് നേടിയ ബംഗ്ലാനാണ് ചിത്രത്തിന്റെ പ്രൊഡക്ഷൻ ഡിസൈനർ. മറ്റൊരു ദേശീയ അവാർഡ് ജേതാവായ വിവേക് ഹർഷനാണ് എഡിറ്റിംഗ്.