ബാഹുബലി താരം പ്രഭാസും മലയാളത്തിലെ യുവ സൂപ്പര്‍താരം ദുല്‍ഖര്‍ സല്‍മാനും ഒന്നിക്കുന്നു. എന്നാല്‍ സിനിമയ്ക്ക് വേണ്ടിയല്ല ഇരുവരും ഒന്നിക്കുന്നത്. മൊബൈല്‍ വമ്പന്മാരായ ജിയോണിയുടെ പരസ്യത്തിലാണ് ഇരുവരും അഭിനയിക്കാന്‍ ഒരുങ്ങുന്നതെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. നിരവധി പരസ്യചിത്രങ്ങളില്‍ ദുല്‍ഖര്‍ അഭിനയിച്ചിട്ടുണ്ടെങ്കിലും വിരളമായി മാത്രമേ പ്രഭാസ് അഭിനയിച്ചിട്ടുളളു.

കേരളത്തില്‍ ജിയോണിയുടെ ബ്രാന്‍ഡ് അംബാസിഡറാണ് ദുല്‍ഖര്‍. കമ്പനിയുടെ ഇന്ത്യന്‍ അംബാസിഡറായി കഴിഞ്ഞ ദിവസമാണ് പ്രഭാസ് കരാറൊപ്പിട്ടത്. നിലവിൽ വിരാട് കോഹ്‌ലി, ആലിയ ഭട്ട്, ശ്രുതി ഹാസൻ, ദിൽജിത്ത് ദോസാഞ്ച് എന്നിവരും ജിയോണിയുമായി കരാർ ഒപ്പിട്ടിരുന്നു. പ്രഭാസുമായുളള കരാർ അറിയിക്കുന്നതിൽ അഭിമാനമുണ്ടെന്ന് ജിയോണി ഒരു പ്രസ്‌താവനയലൂടെ അറിയിച്ചു.

നേരത്തെ വലിയൊരു തുകയുടെ പരസ്യം പ്രഭാസ് വേണ്ടെന്നുവച്ചിരുന്നു. 2011ലാണ് ബാഹുബലി തുടങ്ങിയത്. അതിന് ശേഷം വന്ന പരസ്യ ഓഫറുകൾ പ്രഭാസ് വേണ്ടെന്ന് വെച്ചിരുന്നു. അതിൽ ഒരു പരസ്യ കമ്പനി അവരുടെ ബ്രാൻഡ് അംബാസിഡറാവാനായി 18 കോടി രൂപ പ്രഭാസിന് ഓഫർ ചെയ്‌തിരുന്നു. എന്നാൽ പ്രഭാസ് അത് നിരസിക്കുകയായിരുന്നുവെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു.

ബാഹുബലി ആദ്യഭാഗം പുറത്തിറങ്ങിയപ്പോഴും പ്രഭാസിന് നിരവധി ഓഫറുകൾ ലഭിച്ചിരുന്നു. ബാഹുബലി 2 വിന്റെ ചിത്രീകരണ സമയത്ത് 10 കോടിയുടെ പരസ്യ ഓഫർ പ്രഭാസിന് ലഭിച്ചിരുന്നതായും എന്നാൽ പ്രഭാസ് ഇത് വേണ്ടെന്നു വച്ചതായും സംവിധായകൻ എസ്.എസ്. രാജമൗലി ഒരു അഭിമുഖത്തിൽ വെളിപ്പെടുത്തിയിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ