തൃശൂർ: മലയാളത്തിന്റെ പ്രിയങ്കരനായ ‘കുഞ്ഞിക്ക’ ദുല്‍ഖർ സൽമാന്റെ ബോളിവുഡ് അരങ്ങേറ്റ ചിത്രം ‘കര്‍വാന്‍’ ലൊക്കേഷന്‍ കേരളത്തിലും. ഇര്‍ഫാന്‍ ഖാനും ദുല്‍ഖറും ഒന്നിക്കുന്ന ചിത്രത്തിന്റെ ലൊക്കേഷനുകളിലൊന്ന് തൃശ്ശൂരാണ്. തൃശ്ശൂര്‍ ജില്ലയിലെ പുത്തന്‍ചിറയില്‍ ഏതാനും ഭാഗങ്ങള്‍ ചിത്രീകരിച്ചു.

ലൊക്കേഷനില്‍ നിന്നുള്ള ദുല്‍ഖറിന്റെയും ഇര്‍ഫാന്റെയും ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. കുര്‍ത്തയാണ് ഇരുവരുടെയും വേഷം. ഊട്ടിയിലും കുറച്ചു ദിവസം ഷൂട്ടിങ് ഉണ്ടായിരുന്നു.

Dulquer

റോണി സ്‌ക്രുവാല നിര്‍മിക്കുന്ന ചിത്രത്തിലൂടെയാണ് ഡിക്യു ബോളിവുഡിൽ അരങ്ങേറ്റം കുറിക്കുന്നത്. മിഥില പല്‍ക്കര്‍ ആണ് ചിത്രത്തിൽ ദുൽഖറിന്റെ നായിക. അക്ഷയ് ഖുറാനയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഹുസൈന്‍ ദലാല്‍. അക്ഷയ് ഖുറാന എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത്.

2015ല്‍ പുറത്തിറങ്ങിയ മണിരത്‌നം ചിത്രമായ ‘ഓകെ കണ്‍മണി’യാണ് ദുല്‍ഖറിനെ തെക്കേ ഇന്ത്യയില്‍ പ്രശസ്തനാക്കുന്നത്. ചിത്രത്തിലെ ദുല്‍ഖറിന്റെ പ്രകടനത്തെ ബോളിവുഡിൽ നിന്നടക്കം നിരവധി പേർ പ്രശംസിച്ചിരുന്നു. ഓകെ കണ്‍മണിയുടെ ഹിന്ദി പതിപ്പ് ആദിത്യ റോയ് കപൂറിനെ നായകനാക്കി കരണ്‍ ജോഹര്‍ നിര്‍മിച്ചിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ