‘കണ്ണും കണ്ണും കൊളളയടിത്താൽ’ സിനിമയ്ക്കുശേഷം ദുൽഖർ സൽമാൻ നായകനാവുന്ന തമിഴ് സിനിമയുടെ ചിത്രീകരണം തുടങ്ങി. ‘ഹേ സിനാമിക’ എന്നാണ് ചിത്രത്തിന്റെ പേര്. അദിതി റാവുവും കാജൾ അഗർവാളുമാണ് ചിത്രത്തിലെ നായികമാർ.

Read Also: അന്നും ഇന്നും എന്നും; ഫഹദിനും സഹോദരിമാർക്കുമൊപ്പം ഹർഹാൻ ഫാസിൽ

മണിരത്നം സംവിധാനം ചെയ്ത ‘ഓകെ കൺമണി’ എന്ന സിനിമയിലെ ഒരു ഗാനത്തിൽനിന്നുളളതാണ് പുതിയ ചിത്രത്തിന്റെ പേര്. ഓകെ കൺമണിയിലെ നായകൻ ദുൽഖറായിരുന്നു. കോളിവുഡ് കൊറിയോഗ്രാഫർ ബ്രിന്ദ ഗോപാൽ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ഹേ സിനാമിക’. വാരണം ആയിരം, മാൻ കരാട്ടെ, കടൽ, തെരി തുടങ്ങിയ ഹിറ്റ് ചിത്രങ്ങൾക്കൊപ്പം ബ്രിന്ദ പ്രവർത്തിച്ചിട്ടുണ്ട്. ’96’ ലെ സൂപ്പർഹിറ്റ് ഗാനങ്ങൾക്ക് ഈണം പകർന്ന ഗോവിന്ദ് വസന്ത് ആണ് ‘ഹേ സിനാമിക’യ്ക്ക് സംഗീതം നൽകുന്നത്.

മിസ്കിന്റെ സൈക്കോ ചിത്രത്തിനുശേഷം അദിതി അഭിനയിക്കുന്ന സിനിമയാണ് ഹേ സിനാമിക. കോമാളി ആയിരുന്നു കാജൾ അഗർവാളിന്റേതായി അവസാനം പുറത്തിറങ്ങിയ ചിത്രം. കമൽഹാസന്റെ ‘ഇന്ത്യൻ 2’ വിലാണ് കാജൾ ഇപ്പോൾ അഭിനയിക്കുന്നത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook