ദുല്‍ഖര്‍ സല്‍മാന്റെ നിര്‍മ്മാണ കമ്പനിയായ വേഫെയ്റര്‍ ഫിലംസിന്റെ ഏറ്റവും പുതിയ ചിത്രമാണ് ‘അടി.’ ഷൈൻ ടോം ചാക്കോ, ധ്രുവ്, അഹാന കൃഷ്ണ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്‌ പോസ്റ്റര്‍ ഇന്നലെ റിലീസ് ചെയ്തു. വിവാഹവേഷത്തില്‍ നില്‍ക്കുന്ന അഹാനയുടെയും ഷൈനിന്റെയും ഒരു കാറികേച്ചറാണ് ഫസ്റ്റ് ലുക്കില്‍.

ദുല്‍ഖര്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കു വച്ച ചിത്രത്തിന് താഴെ ‘അടി’ ടീമിന് ആശംസകള്‍ നേര്‍ന്നു കൊണ്ട് നടന്‍ പൃഥ്വിരാജിന്റെ ഭാര്യയും നിര്‍മ്മാതാവുമായ സുപ്രിയാ മേനോന്‍ ഇങ്ങനെ കുറിച്ചു. ‘ഇത് കൊള്ളാമല്ലോ, രസകരമായിരിക്കും എന്ന് തോന്നുന്നു. ദുല്‍ഖറിനും ടീമിനും ഗുഡ് ലക്ക്.’

നായിക അഹാനയാകട്ടെ, ‘എന്റെ ഹൃദയം നിറഞ്ഞു,’ എന്നാണു ഡിക്യുവിന്റെ പോസ്റ്റിനു താഴെ കുറിച്ചത്. കോവിഡ്‌ പോസിറ്റീവ് ആയതിനെത്തുടര്‍ന്ന് ഇപ്പോള്‍ ഐസൊലേഷനിലാണ് അഹാന.

 

View this post on Instagram

 

A post shared by Dulquer Salmaan (@dqsalmaan)

‘വരനെ ആവശ്യമുണ്ട്,’ ‘മണിയറയിലെ അശോകൻ’, ‘കുറുപ്പ്,’ എന്നീ ചിത്രങ്ങൾക്ക് ശേഷം ദുൽഖർ നിര്‍മ്മിക്കുന്ന ചിത്രമാണ് ‘അടി.’ ‘ലില്ലി,’ ‘അന്വേഷണം’ എന്നീ ചിത്രങ്ങൾ ഒരുക്കിയ പ്രശോഭ് വിജയനാണ് ‘അടി’ സംവിധാനം ചെയ്യുന്നത്. ഷെയ്ന്‍ നിഗം ചിത്രം ‘ഇഷ്‌കി’ന്റെ തിരക്കഥാകൃത്ത് രതീഷ് രവിയാണ് ‘അടി’യ്ക്ക് തിരക്കഥ ഒരുക്കുന്നത്.

ബിറ്റോ ഡേവിസ്, ശ്രീകാന്ത് ദാസൻ എന്നിവരും അഭിനയിക്കുന്ന ചിത്രത്തിന്റെ സംഗീതം ഗോവിന്ദ് വസന്ത, ഛായാഗ്രഹണം ഫായിസ് സിദ്ധിഖ്, എഡിറ്റിംഗ് നൗഫല്‍, കോസ്റ്റ്യൂം സ്റ്റെഫി സേവ്യര്‍, ആർട്ട് സുഭാഷ് കരുണ്‍, മേക്കപ്പ് രഞ്ജിത് ആർ എന്നിവര്‍ നിർവഹിച്ചിരിക്കുന്നു. ആലുവയിലും പരിസര പ്രദേശങ്ങളിലുമായി അൻപത് ദിവസങ്ങൾ കൊണ്ടാണ് ‘അടി’യുടെ ചിത്രീകരണം പൂർത്തിയാക്കിയത്.

Read Here: ദുല്‍ഖറും അമാലും അഹാനയ്ക്ക് നല്‍കിയ സമ്മാനം

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook