/indian-express-malayalam/media/media_files/uploads/2021/11/Dulquer-Kurupu.jpg)
മമ്മൂട്ടിയുടെ മകൻ എന്ന മേൽവിലാസത്തിൽ അല്ല, സ്വന്തം കഴിവ് കൊണ്ട് വേണം ദുൽഖർ സൽമാൻ മലയാളസിനിമയിൽ തന്റെ സ്ഥാനം കണ്ടെത്തുന്നത് എന്ന് വിശ്വസിക്കുന്ന വ്യക്തിയാണ് നടൻ മമ്മൂട്ടി. അതുകൊണ്ട് തന്നെ, മകന്റെ ചിത്രങ്ങളെ പ്രമോട്ട് ചെയ്യാനോ മകനു വേണ്ടി സംസാരിക്കാനോ ഒന്നും മമ്മൂട്ടി തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകളോ പൊതുവിടങ്ങളോ ഉപയോഗിക്കാറില്ല.
Read more: ദുൽഖറിനെയോ കുറുപ്പിനെയോ വിമർശിച്ചിട്ടില്ല, എന്റെ വാക്കുകളെ വളച്ചൊടിക്കരുത്: പ്രിയദർശൻ
പതിവിനു വിപരീതമായി അടുത്തിടെ കുറുപ്പിന്റെ ട്രെയിലർ മമ്മൂട്ടിയുടെ സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെട്ടപ്പോൾ ആരാധകരൊക്കെ ഒന്ന് അമ്പരന്നു. ഇത് മമ്മൂക്കയുടെ ഫോണിൽ നിന്ന് ദുൽഖർ തന്നെ ചെയ്തതല്ലേ എന്ന് ട്രോളന്മാർ ട്രോളുകളും ഇറക്കി. ഇപ്പോഴിതാ, ട്രോളന്മാർ ഗണിച്ചെടുത്തത് ഒന്നും തെറ്റല്ല, അതു തന്നെയാണ് സത്യമെന്ന് തുറന്നു പറയുകയാണ് ദുൽഖർ. 'കുറുപ്പി'ന്റെ പ്രമോഷനുമായി ബന്ധപ്പെട്ട നൽകിയ അഭിമുഖത്തിനിടയിലാണ് ചിരിയോടെ ദുൽഖർ ഇക്കാര്യം പറഞ്ഞത്.
" പൊതുവെ എല്ലാവരോടും അങ്ങനെ റിക്വസ്റ്റ് ചെയ്യാറില്ല. ഒറ്റയ്ക്ക് തന്നെയെ പ്രമോട്ട് ചെയ്യാറുള്ളൂ. ഇത് പിന്നെ വലിയ സിനിമയാണ്, ഇത്തരമൊരു സാഹചര്യമാണ്, കോവിഡിന് ശേഷം തിയേറ്ററിലെത്തുന്ന ആദ്യസിനിമയാണ്. അതുകൊണ്ട് എല്ലാവരോടും ഞാൻ റിക്വസ്റ്റ് ചെയ്തു, നിങ്ങളെല്ലാവരും ഒന്ന് ഷെയർ ചെയ്യണേ എന്ന്. എന്റെ വീട്ടിലും അതെ, സ്വന്തം വാപ്പച്ചിയോടും. ഈ പടമെങ്കിലും എനിക്ക് വേണ്ടി എന്നു പറഞ്ഞു. ഞാൻ ഫോണെടുക്കുകയാണെന്നെ എന്നു പറഞ്ഞ് ഞാൻ തന്നെയാണ് അത് പോസ്റ്റ് ചെയ്തത്, ആ ട്രോളുകൾ എല്ലാം കറക്റ്റായിരുന്നു," ദുൽഖർ പറഞ്ഞതിങ്ങനെ.
നവംബർ 12നാണ് കുറുപ്പ് തിയേറ്ററുകളിൽ എത്തുന്നത്. കേരളം കണ്ട ഏറ്റവും വലിയ പിടികിട്ടാപുള്ളിയായ സുകുമാര കുറുപ്പിന്റെ ജീവിതം ആസ്പദമാക്കിയുള്ള ചിത്രം ശ്രീനാഥ് രാജേന്ദ്രനാണ് സംവിധാനം ചെയ്യുന്നത്. ദുൽഖർ സൽമാൻ ആണ് ചിത്രത്തിൽ സുകുമാരകുറുപ്പായി വേഷമിടുന്നത്. ദുൽഖറിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ ബഡ്ജറ്റിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ മുടക്കുമുതൽ 35 കോടിയാണ്. ദുൽഖർ സൽമാന്റെ ഉടമസ്ഥതയിലുള്ള വേഫറെർ ഫിലിംസും എം സ്റ്റാർ എന്റർടൈൻമെൻറ്സും ചേർന്നാണ് ചിത്രം നിർമ്മിച്ചത്.
ശോഭിത ധുലി പാലയാണ് ‘കുറുപ്പി’ൽ ദുൽഖറിന്റെ നായികയായി വേഷമിടുന്നത്. ഇന്ദ്രജിത്ത് സുകുമാരൻ, സണ്ണി വെയ്ൻ, ഷൈൻ ടോം ചാക്കോ , സുരഭി ലക്ഷ്മി, വിജയരാഘവൻ തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്.
മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ എന്നിങ്ങനെ അഞ്ചു ഭാഷകളിലായാണ് ചിത്രം പ്രേക്ഷകരിലേക്കെത്തുക. കേരളം, അഹമ്മദാബാദ്, ബോംബെ, ദുബായ്, മാംഗ്ളൂർ, മൈസൂർ എന്നിവിടങ്ങളിലായി ആറു മാസം കൊണ്ടാണ് ചിത്രം പൂർത്തീകരിച്ചത്. അതിൽ 105 ദിവസങ്ങൾ പൂർണമായും ഷൂട്ടിങ്ങിനായി ചിലവഴിച്ചതാണ്.
ജിതിൻ കെ ജോസിന്റെ കഥയ്ക്ക് തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത് ഡാനിയേൽ സായൂജ് നായരും കെ എസ് അരവിന്ദും ചേർന്നാണ്. നിമിഷ് രവിയാണ് ഛായാഗ്രഹണം സുഷിൻ ശ്യാമാണ് സംഗീത സംവിധാനം നിർവഹിക്കുന്നത്. ‘കമ്മാരസംഭവ’ത്തിലൂടെ ദേശീയ അവാർഡ് നേടിയ ബംഗ്ലാനാണ് ചിത്രത്തിന്റെ പ്രൊഡക്ഷൻ ഡിസൈനർ. മറ്റൊരു ദേശീയ അവാർഡ് ജേതാവായ വിവേക് ഹർഷനാണ് എഡിറ്റിംഗ്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)

Follow Us