സമൂഹമാധ്യമങ്ങളിൽ ഏറെ സജീവമാണ് യുവതാരം ദുൽഖർ സൽമാൻ. ദുൽഖറിന്റെ കുറിപ്പുകളും പ്രിയപ്പെട്ടവർക്കുള്ള പിറന്നാൾ ആശംസകളുമെല്ലാം എല്ലായ്‌പ്പോഴും ആരാധകരുടെ ശ്രദ്ധ കവരാറുണ്ട്. ഉള്ളു തൊടുന്ന, ഹൃദയത്തിൽ നിന്നുള്ള വാക്കുകൾ പ്രിയപ്പെട്ടവർക്കായി പങ്കുവച്ചുകൊണ്ടുള്ള ദുൽഖറിന്റെ കുറിപ്പുകൾ പലപ്പോഴും വാർത്തകളിലും ഇടം പിടിക്കാറുണ്ട്. സിനിമ തിരക്കുകളാൽ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ ഹാൻഡിൽ ചെയ്യാൻ സഹായികളെ നിയോഗിക്കുകയാണ് പൊതുവെ താരങ്ങൾ ചെയ്യാറുള്ളത്. എന്നാൽ തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ ഹാൻഡിൽ ചെയ്യുന്നതു താൻ തന്നെയാണെന്നാണ് വ്യക്തമാക്കുകയാണ് ദുൽഖർ സൽമാൻ.
മോണിക്ക എന്ന ആരാധികയുടെ ട്വീറ്റിനു മറുപടി നൽകുകയായിരുന്നു ദുൽഖർ. ” ട്വിറ്ററിലെ ഏറ്റവും സ്വീറ്റായ സെലബ്രിറ്റികളിൽ ഒരാൾ ദുൽഖറാണ്. അദ്ദേഹത്തിന്റെ പല ട്വീറ്റുകളും എനിക്ക് നോട്ടിഫിക്കേഷനായി വരാറുണ്ട്, പലതിലും ആരാധകർക്ക് പിറന്നാൾ ആശംസകൾ നേരുന്ന ദുൽഖറിനെ കാണാറുണ്ട്. അദ്ദേഹം വളരെ ഉദാരമനസ്കനാണ്. തന്റെ ആരാധകരെ വ്യക്തിപരമായി ആശംസിക്കാനായി അദ്ദേഹം സമയം കണ്ടെത്തുന്നു എന്നത് വിശ്വസിക്കാൻ പോലും ബുദ്ധിമുട്ടേറിയ കാര്യമാണ്,” എന്നായിരുന്നു മോണിക്കയുടെ ട്വീറ്റ്. “ഇൻസ്റ്റഗ്രാം മാത്രമാണ് ദുൽഖർ ഉപയോഗിക്കുന്നത്, ട്വിറ്ററൊക്കെ ഹാൻഡിൽ ചെയ്യുന്നത് ദുൽഖറിന്റെ ടീമാണ്,” എന്ന് തിരുത്തികൊണ്ട് മോണിക്കയുടെ ട്വീറ്റിന് താഴെ മുഹമ്മദ് തമീം എന്ന ട്വിറ്റർ ഉപയോക്താവും കമന്റ് ചെയ്തു.

എന്നാൽ അതല്ല വസ്തുതയെന്നും താൻ തന്നെയാണ് ട്വിറ്റർ, ഇൻസ്റ്റഗ്രാം അക്കൗണ്ടുകൾ കൈകാര്യം ചെയ്യുന്നതെന്നും വ്യക്തമാക്കിയിരിക്കുകയാണ് ദുൽഖർ. “ഏയ് അല്ല, ഇതു ഞാൻ തന്നെയാണ്. അതാവും എളുപ്പമെന്നതിനാൽ അങ്ങനെ ഊഹിക്കുന്നതിൽ തെറ്റില്ല. എന്നാൽ എന്റെ ടീം ഫേസ്ബുക്കിൽ മാത്രമാണ് കുറിപ്പുകൾ പോസ്റ്റ് ചെയ്യുന്നത്. അതിലുൾപ്പെടെ, എന്റെ സോഷ്യൽ മീഡിയ ഹാൻഡിലുകളിലൂടെ വരുന്ന ഓരോ വാക്കുകളും എന്റേത് തന്നെയാണ്,” ദുൽഖർ പറയുന്നു.