യുവത്വത്തിന്റെ ആഘോഷമായിരുന്നു ‘ബാംഗ്ലൂർ ഡേയ്‌സ്’ എന്ന സിനിമ. രക്തബന്ധത്തേക്കാളും ഹൃദയബന്ധം സൂക്ഷിക്കുന്ന ബന്ധുക്കളായ മൂന്നു ബാല്യകാല സുഹൃത്തുക്കൾ- അജുവും ദിവ്യയും കുട്ടനും. അവരുടെ സൗഹൃദത്തിന്റെയും സ്നേഹത്തിന്റെയും കഥപറഞ്ഞ ചിത്രം മലയാളികൾ ഇരുകയ്യും നീട്ടി സ്വീകരിച്ചപ്പോൾ ബോക്സ് ഓഫീസിലും ചിത്രം വിജയം നേടുകയായിരുന്നു. അഞ്ച് വർഷങ്ങൾക്കു മുൻപ് ഒരു മേയ് 30-ാം തിയ്യതിയാണ് ‘ബാംഗ്ലൂർ ഡേയ്‌സ്’ തിയേറ്ററുകളിലെത്തിയത്.
അഞ്ചാം വാർഷികത്തിൽ ‘ബാംഗ്ലൂർ ഡേയ്‌സ്’ അനുഭവങ്ങൾ ഓർക്കുകയാണ് ദുൽഖർ സൽമാൻ. “ബാംഗ്ലൂർ ഡേയ്സിന്റെ അഞ്ചു വർഷങ്ങൾ. അവിസ്മരണീയമായ ചിത്രങ്ങളിലൊന്ന്. മനോഹരമായ ഷൂട്ടിംഗ് അനുഭവം. അജു എനിക്ക് എന്നും സ്പെഷ്യൽ ആയ കഥാപാത്രമാണ്. ആ കഥാപാത്രത്തെ അവതരിപ്പിക്കാനായത് ഭാഗ്യമായി കരുതുന്നു. ചിത്രത്തിന്റെ പിറകിൽ പ്രവർത്തിച്ചവർക്കും ചിത്രം ഇഷ്ടപ്പെട്ടവർക്കും സ്നേഹം,” തന്റെ ഫെയ്സ് ബുക്ക് പോസ്റ്റിൽ ദുൽഖർ സൽമാൻ കുറിക്കുന്നു.
അൻവർ റഷീദും സോഫിയ പോളും ചേർന്ന് നിർമ്മിച്ച, അഞ്ജലി മേനോൻ സംവിധാനം ചെയ്ത ചെയ്ത ചിത്രം ഒരേസമയം പ്രേക്ഷക പ്രശംസയും നിരൂപക പ്രശംസയും നേടിയിരുന്നു. ദുൽഖർ സൽമാൻ, നസ്രിയ, നിവിൻ പോളി, ഫഹദ് ഫാസിൽ, പാർവ്വതി, പാരിസ് ലക്ഷ്മി, നിത്യമേനോൻ, ഇഷ തൽവാർ, പ്രവീണ, വിജയരാഘവൻ, കൽപ്പന, രേഖ തുടങ്ങി വലിയൊരു താരനിര തന്നെ ചിത്രത്തിൽ അണിനിരന്നിരുന്നു.
ബാംഗ്ലൂരിന്റെ പശ്ചാത്തലത്തിൽ പറഞ്ഞ കഥ സുഹൃത്തുക്കളും കസിൻസുമായ മൂന്നു ചെറുപ്പക്കാരുടെ സന്തോഷങ്ങളും സങ്കടങ്ങളും ജീവിതപ്രതിസന്ധികളെയുമെല്ലാം കുറിച്ചാണ് സംസാരിച്ചത്. ദുൽഖറിനും ദിവ്യയ്ക്കും നിവിൻ പോളിയ്ക്കും തുല്യ പ്രാധാന്യം നൽകിയാണ് അഞ്ജലി മേനോൻ ബാംഗ്ലൂർ ഡെയ്സ് ഒരുക്കിയത്. ഈ മൂവ സംഘത്തിന്റെ കഥാപാത്രങ്ങൾക്കൊപ്പം തന്നെ ഫഹദ് ഫാസിൽ, പാർവ്വതി, ഇഷ തൽവാർ, പാരീസ് ലക്ഷ്മി എന്നിവരുടെ കഥാപാത്രങ്ങളും ഏറെ ശ്രദ്ധിക്കപ്പെട്ടു. ചിത്രത്തിൽ മറ്റൊരു ഔട്ട്സ്റ്റാൻഡിംഗ് പെർഫോമൻസ് കാഴ്ച വച്ച താരം കൽപ്പനയായിരുന്നു.
കുട്ടിക്കാല സൗഹൃദം, നൊസ്റ്റാൾജിയ, നഷ്ട പ്രണയം, പാഷനെ പിൻതുടരുന്ന ഒരു യുവാവിന്റെ പോരാട്ടം, ഫിസിക്കലി ചലഞ്ചഡ് ആയ ഒരു പെൺകുട്ടിയുടെ അതിജീവനം തുടങ്ങി നിരവധിയേറെ ഘടകങ്ങൾ ‘ബാംഗ്ലൂർ ഡേയ്സി’ൽ വിഷയമായി. അഭിനേതാക്കളുടെ പ്രകടനത്തിനൊപ്പം തന്നെ സമീർ താഹിറിന്റെ ക്യാമറാ മികവും ഗോപിസുന്ദറിന്റെ മ്യൂസിക്കുമെല്ലാം ചിത്രത്തെ ജനപ്രിയമാക്കിയ ഘടകങ്ങളാണ്. ചിത്രത്തിലെ ഗാനങ്ങളും അന്നേറെ ശ്രദ്ധിക്കപ്പെടുകയും തരംഗമാവുകയും ചെയ്തിരുന്നു.
Read more: ദുൽഖർ നിർമ്മാതാവ്, ഗ്രിഗറി നായകൻ; നായികമാരായി നിഖിലയും അനുപമയും അനു സിതാരയും