യുവതാരം ദുല്‍ഖര്‍ സല്‍മാന്റെ ബോളിവുഡിലെ അരങ്ങേറ്റ സിനിമയാണ് കര്‍വാന്‍. ആകാശ് ഖുറാന സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ദുല്‍ഖറിനോളം പ്രാധാന്യമുളള വേഷം ഇര്‍ഫാന്‍ ഖാനും ചെയ്യുന്നുണ്ട്. സിനിമയുടെ ചിത്രീകരണത്തിനിടെ നടന്ന രസകരമായ സംഭവമാണ് സംവിധായകന്‍ ഇപ്പോള്‍ വെളിപ്പെടുത്തിയിരിക്കുന്നത്.

ഊട്ടിയിലെ ലൊക്കേഷനില്‍ വച്ചാണ് സംഭവം നടന്നത്. ഇരു താരങ്ങളുടേയും ചുറ്റിലും 300 പെണ്‍കുട്ടികളാണ് കൂടി നിന്നതെന്ന് ഖുറാന പറഞ്ഞു. ‘എല്ലാവരും കരുതിയത് പെണ്‍കുട്ടികള്‍ വന്നത് ദുല്‍ഖറിനെ കാണാന്‍ വേണ്ടി ആയിരിക്കുമെന്നാണ്. എന്നാല്‍ അവര്‍ ദുല്‍ഖറിന് വേണ്ടി ആര്‍ത്തുവിളിച്ചപ്പോള്‍ ഇര്‍ഫാന്‍ ഖാന് വേണ്ടി ഗര്‍ജ്ജിക്കുകയും ചെയ്തു’, ഖുറാന പറഞ്ഞു.

കേരളത്തില്‍ ചിത്രീകരണം ഉണ്ടായപ്പോഴും സമാനമായ അവസ്ഥയായിരുന്നെന്നും അദ്ദേഹം പറഞ്ഞു. അന്ന് ഒരു ഘട്ടത്തില്‍ ചിത്രീകരണം നിര്‍ത്തി വയ്ക്കേണ്ടിയും വന്നു. ചിത്രത്തിന്റെ ഏതാനും ഭാഗങ്ങള്‍ തൃശ്ശൂര്‍ ജില്ലയിലെ പുത്തന്‍ ചിറയില്‍ ആണ് മാസങ്ങള്‍ക്ക് മുമ്പ് ചിത്രീകരിച്ചത്.

ലൊക്കേഷനില്‍ നിന്നുള്ള ദുല്‍ഖറിന്റെയും ഇര്‍ഫാന്റെയും ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. അന്ന് കുര്‍ത്തയായിരുന്നു ഇരുവരുടെയും വേഷം. റോണി സ്ക്രൂവാലയാണ് ചിത്രം നിര്‍മിക്കുന്നത്. ചിത്രത്തിന്റെ ഏതാനും ഭാഗങ്ങള്‍ കഴിഞ്ഞ ദിവസം ഊട്ടിയിലും കൊച്ചിയിലും ചിത്രീകരിച്ചിരുന്നു. മൂന്നു വ്യത്യസ്ത വ്യക്തികളുടെ ജീവിതയാത്രയില്‍ റോഡ് ട്രിപ്പിനിടെ പരിചയപ്പെടുന്ന കഥയാണ് കര്‍വാന്‍.

ദുല്‍ഖറിനെ കൂടാതെ മിഥിലയും ബോളിവുഡില്‍ ആദ്യമായാണ് നായികാകഥാപാത്രമായെത്തുന്നത്. തിയേറ്റര്‍ രംഗത്തെ പ്രശസ്തനായ ആളാണ് ആകാശ് ഖുറാന. മുമ്പ് യേ ജവാനി ഹേ ദിവാനി, 2 സ്റ്റേറ്റ്‌സ് തുടങ്ങിയ സിനിമകള്‍ക്ക് സംഭാഷണമൊരുക്കിയിട്ടുണ്ട്. ദുല്‍ഖര്‍ ചിത്രത്തില്‍ ബെംഗളൂരുവില്‍ നിന്നുമെത്തുന്ന ആളായാണെത്തുന്നത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ