പത്തൊമ്പതാമത് ഏഷ്യാവിഷന്‍ ഫിലിം പുരസ്കാരങ്ങള്‍ വിതരണം ചെയ്തു. മികച്ച നടനുളള പുരസ്കാരം ദുല്‍ഖര്‍ സല്‍മാന്‍ ഏറ്റുവാങ്ങി. എംടി വാസുദേവന്‍ നായരുമൊത്ത് വേദി പങ്കിടാനായത് ആദരമായി കണക്കാക്കുന്നെന്ന് ദുല്‍ഖര്‍ പ്രതികരിച്ചു. ഓരോ തിരിവിലും ജീവിതം വിസ്മയിപ്പിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. രക്ഷിതാക്കള്‍ക്കാണ് ഇതിന് നന്ദി പറയുന്നതെന്നും ദുല്‍ഖര്‍ കൂട്ടിച്ചേര്‍ത്തു.

തന്നെ എടുത്ത് പൊക്കിയ വൈഷ്ണവ് ഗിരീഷിനും താരം നന്ദി പറഞ്ഞു. സിടിവിയുടെ ‘സരിഗമപ’ എന്ന സംഗീത റിയാലിറ്റി ഷോയിൽ ബോളിവുഡിന്റെ കിങ് ഖാൻ ഷാരൂഖിനെ കൂളായി പൊക്കിയെടുത്തതിലൂടെയാണ് വൈഷ്ണവ് ഗിരീഷ് കൂടുതൽ പ്രശസ്തനായത്. പിന്നീട് ഇങ്ങ് കേരളത്തിൽവച്ച് നടന്ന റിയാലിറ്റി ഷോയില്‍ കുഞ്ചാക്കോ ബോബനെയും വൈഷ്ണവ് പൊക്കിയെടുത്തു. ഷാർജയിൽ നടന്ന ഏഷ്യാവിഷൻ 2017 ന്റെ അവാർഡ്ദാന ചടങ്ങിന്റെ സ്റ്റേജിൽവച്ചാണ് കുഞ്ഞിക്കയെയും വൈഷ്ണവ് എടുത്തു പൊക്കിയത്.

ഭാര്യ അമാലിനൊപ്പമാണ് ദുൽഖർ അവാർഡ്ദാന ചടങ്ങിൽ പങ്കെടുക്കാനെത്തിയത്. വൈഷ്ണവ് കുഞ്ഞിക്കയെ പൊക്കിയെടുക്കുന്നത് കണ്ട് അമാൽ ചിരിക്കുകയും ചെയ്തു. ആദ്യം ഒന്നു മടിച്ചുനിന്നശേഷമാണ് തന്നെ പൊക്കിയെടുക്കാൻ ദുൽഖർ സമ്മതിച്ചത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ