ദുല്‍ഖര്‍ സല്‍മാനെ ആദ്യം കാണുന്നത് കോഴിക്കോട് ‘ഞാന്‍’ എന്ന സിനിമയുടെ പൂജ സമയത്താണ്. രഞ്ജിത് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ കെ ടി എന്‍ കോട്ടൂര്‍ എന്ന കഥാപാത്രത്തെയാണ് ദുല്‍ഖര്‍ അവതരിപ്പിക്കുന്നത്. കുട്ടിത്തം വിടാത്ത ആ ചെറുപ്പക്കാരന്‍ ഇത്ര സങ്കീര്‍ണ്ണമായ കഥാപാത്രത്തെ എങ്ങനെ കൈകാര്യം ചെയ്യുമെന്നറിയാന്‍ എല്ലാവര്‍ക്കും ആകാംഷയുണ്ടായിരുന്നു.
അതെല്ലാം കാറ്റില്‍ പറത്തി, ചാലു എന്ന് യൂണിറ്റ് അംഗങ്ങള്‍ വിളിച്ചിരുന്ന ആ പയ്യന്‍. ഓരോ ഷോട്ട് കഴിയുമ്പോഴും സംവിധായകന്‍റെയും അണിയറ പ്രവര്‍ത്തകരുടെയും മുഖത്ത് ഒരു ചിരി സമ്മാനിക്കാന്‍ ആ ചെറുപ്പക്കാരന് കഴിഞ്ഞിരുന്നു.
മലയാളത്തിന്‍റെ മഹാനടനൊന്നുമായില്ലെങ്കിലും മലയാളി സ്നേഹിക്കുന്ന ഒരാളാവാന്‍ ഇയാള്‍ക്ക് അധിക സമയം വേണ്ടി വരില്ല എന്ന് അന്നേയുറപ്പിച്ചിരുന്നു. ഒരു മാസം തികഞ്ഞില്ല, ആദ്യ സൂപ്പര്‍ ഹിറ്റ് – ‘ബാംഗ്ലൂര്‍ ഡെയ്‌സ്.’
സിനിമയിലെത്തി അഞ്ചു വര്‍ഷം തികയ്ക്കുന്ന അയാളുടെ ഇന്നത്തെ ഫെയ്സ്ബുക്ക് പോസ്റ്റ് കണ്ടപ്പോള്‍ ഷൂട്ടിങ് ദിവസങ്ങളിലെപ്പോഴോ ദുല്‍ഖര്‍ പറഞ്ഞ ഒരു അനുഭവം ഓർമ വന്നു. ബോംബെയിലെ ബാരി ജോണ്‍ ആക്ടിങ് സ്കൂളില്‍ പഠിക്കാന്‍ പോകുന്നതിന്‍റെ ആദ്യ നാള്‍. കൂട്ടുകാരന്‍റെ വീട്ടില്‍ നിന്നും പുതിയ ഡ്രെസ്സും ഷൂസുമൊക്കെ ധരിച്ചാണ് പുറപ്പെട്ടത്. പോകും വഴി ഹാജി അലി ദര്‍ഗയില്‍ കയറി. പ്രാര്‍ത്ഥന കഴിഞ്ഞു മടങ്ങി വന്നപ്പോള്‍ പുറത്തിട്ടിരുന്ന ഷൂസ് കാണുന്നില്ല. സമയം വൈകുന്നത് കൊണ്ട് ഒരു ടാക്സിയില്‍ കയറി. അന്ന് ഡ്രൈവര്‍ പറഞ്ഞിരുന്നുവത്രെ, ഹാജി അലിയില്‍ ചെരുപ്പ് കളവു പോകുന്നത് എന്തോ നല്ലത് വരാനാണെന്ന്.
Read More: വിക്രം പ്രഭുവെത്തി, പ്രിയപ്പെട്ട ദുല്‍ഖറിനൊപ്പം ഈദ് ബിരിയാണിയടിക്കാന്‍
അവിടെയെത്തിയ ദുല്‍ഖര്‍ ഒരു പരിചിത മുഖം കണ്ടു. നടന്‍ പ്രഭുവിന്‍റെ മകനും ശിവാജി ഗണേശന്‍റെ കൊച്ചു മകനുമായ വിക്രം പ്രഭു. പരിചയപ്പെടുമ്പോള്‍ താനാരാണെന്ന് ദുല്‍ഖര്‍ വിക്രമിനോട് പറഞ്ഞില്ല; വിക്രം തിരിച്ചും. അവരെ ഒന്നിപ്പിക്കാന്‍ സാധ്യതയുള്ള പ്രഗല്‍ഭരായ അച്ഛന്മാരുടെ മേല്‍വിലാസങ്ങൾ വേണ്ടന്ന് വച്ച് പച്ച മനുഷ്യരായി, ഒരേ ലക്ഷ്യത്തിലേക്ക് പോകുന്ന മനസ്സുകളായി, അവര്‍ കൂട്ടു തുടങ്ങി.

അങ്ങനെയിരിക്കെ ഒരു ദിവസം ദുല്‍ഖര്‍ അറിയുന്നു, കൊച്ചിയില്‍ എന്തോ ആവശ്യത്തിനെത്തിയ പ്രഭു തന്‍റെ വീട്ടിലേക്കു അത്താഴം കഴിക്കാന്‍ വരുന്നു എന്ന്. വിക്രമിനെ കണ്ട പാടെ അയാള്‍ പറഞ്ഞു, “നിന്‍റെ അച്ഛന്‍ ഇന്ന് എന്‍റെ വീട്ടിലേക്കു വരും,” എന്ന്.
“അതിന് അച്ഛന്‍ കൊച്ചിക്ക് പോയിരിക്കുകയല്ലേ,” എന്ന് വിക്രം.
“അതേ, കൊച്ചിയിലുള്ള എന്‍റെ വീട്ടിലേക്കു വരും എന്നാണ് പറഞ്ഞത്, അത്താഴം കഴിക്കാന്‍.”
“അയാൾ ഒരു മിനിറ്റ് stunned ആയി. പിന്നൊറ്റ കെട്ടിപ്പിടി.” ദുല്‍ഖറിന്‍റെ വാക്കുകള്‍ അതിന്‍റെ intonation വരെ ഇപ്പോഴും വ്യക്തമായി കേള്‍ക്കാം.
ഓർമയില്‍ നിന്നും മായ്ച്ചു കളയാന്‍ പറ്റാത്ത എന്തോ ഒന്നു ദുല്‍ഖര്‍ എല്ലാ സംഭാഷണങ്ങളിലും ചേര്‍ക്കും. അതുകൊണ്ട് ഓരോ കഥകള്‍ കേള്‍ക്കുമ്പോഴും അയാളോടുള്ള സ്നേഹം കൂടിക്കൂടി വരും.
ദുല്‍ഖറുമായി സഹകരിച്ചിട്ടുള്ള പലരും പറഞ്ഞിട്ടുണ്ട് ഏറി വരുന്ന അയാളോടുള്ള സ്നേഹത്തെക്കുറിച്ച്. അതിന്‍റെ അടിസ്ഥാനം എന്താണ് എന്നതിനെക്കുറിച്ച് പലരുമായും ചര്‍ച്ച ചെയ്തിട്ടുണ്ട്. പലപ്പോഴും അത് ചെന്നെത്തി നില്‍ക്കുക അയാളുടെ അച്ഛനമ്മമാരിലേക്കാണ്. വളര്‍ത്തിയ രീതിയിലേക്ക്, പകര്‍ന്നു കൊടുത്ത മൂല്യങ്ങളിലേക്ക്.
മമ്മൂട്ടിയോ -മോഹന്‍ലാലോ എന്ന ചര്‍ച്ച സിനിമയിലും പുറത്തും എല്ലാ കാലത്തും സജീവമാണ്. രണ്ടു മലയാളി കൂടുന്ന സ്ഥലത്ത് ഐസ് ബ്രേക്ക് ചെയ്യാന്‍ ഉപയോഗിക്കുന്ന ഒരു ടെക്നീക്ക് കൂടിയാണ് പലപ്പോഴും ഇത്.
ഈയടുത്തു ഡല്‍ഹിയില്‍ കേട്ട ഒരു ചര്‍ച്ചയില്‍ ഇങ്ങനെയും ഉണ്ടായിരുന്നു.
“മമ്മൂട്ടിക്കിനിയെന്താ… അത് പോലൊരു മകനില്ലേ” എന്ന്. ദുല്‍ഖറിനോട് ഇത് പറയണം എന്നുണ്ടായിരുന്നു. വേണ്ടാന്നു വച്ചു. ഒരു പക്ഷെ ആ കമന്റ് സന്തോഷപ്പെടുത്തുന്നതിനെക്കാളേറെ ചിലപ്പോൾ അയാളെ ഭയപ്പെടുത്തും എന്ന് തോന്നിയതു കൊണ്ട്.