ഒരിടവേളയ്ക്കു ശേഷം മലയാളികള്‍ ഏറെ ആസ്വദിച്ച ത്രില്ലര്‍ ചിത്രമാണ് ‘ദൃശ്യം’. കുടുംബ പ്രേക്ഷര്‍ക്കു വളരെ റിലേറ്റ് ചെയ്യാന്‍ പറ്റുന്ന രംഗങ്ങള്‍ ചിത്രത്തിലുണ്ടായിരുന്നു എന്നതായിരുന്നു സിനിമയെ വിജയത്തിലേയ്ക്കു നയിച്ച മറ്റൊരു ഘടകം. ദൃശ്യത്തിന്റെ രണ്ടാം ഭാഗവും പുറത്തിറങ്ങി മൂന്നാം ഭാഗത്തിനായി കാത്തിരിക്കുകയാണ് ആരാധകര്‍. ഈ സമയത്ത് ചിത്രത്തിന്റെ ആദ്യ ഭാഗം ഡബ്ബ് ചെയ്യുമ്പോള്‍ ഉണ്ടായ അനുഭവം പങ്കുവച്ചിരിക്കുകയാണ് ഡബ്ബിങ്ങ് താരം ദേവി.
ചിത്രത്തില്‍ മീനയുടെ കഥാപാത്രത്തിനാണ് ദേവി ശബ്ദം നല്‍കിയത്. ‘ ആദ്യ ഭാഗം ഡബ്ബ് ചെയ്യാന്‍ പോയപ്പോള്‍ എല്ലാവരെയും പോലെ ക്ലൈമാക്‌സ് എന്താകുമെന്ന് അറിയാനുളള ആകാംഷയുണ്ടായിരുന്നു. പക്ഷെ ക്ലൈമാക്‌സ് ലീക്കാകാതിരിക്കാന്‍ പോലീസ് സ്റ്റേഷനിലാണ് കുഴിച്ചിട്ടതെന്നു പറയുന്ന സീന്‍ ജീത്തു സര്‍ ഡബ്ബിങ്ങ് കോപ്പിയില്‍ നിന്നു മാറ്റിയിരുന്നു’ ദേവി പറഞ്ഞു. ഓണ്‍ലൈന്‍ ചാനലിനു നല്‍കിയ അഭിമുഖത്തിലാണ് ദേവി അനുഭവം പറഞ്ഞത്.
അനവധി സീരിയലുകള്‍ക്കും സിനിമകള്‍ക്കും വേണ്ടി ദേവി ഡബ്ബ് ചെയ്തിട്ടുണ്ട്.ദൂരദര്‍ശനില്‍ സംപ്രേഷണം ചെയ്ത ‘ ഒരു കുടയും കുഞ്ഞിപെങ്ങളും’ എന്ന സീരിയലിലൂടെയാണ് ദേവി സുപരിചിതയാകുന്നത്. മികച്ച ഡബ്ബിങ്ങ് ആര്‍ട്ടിസ്റ്റിനുളള അനവധി അവാര്‍ഡുകളും ദേവി നേടിയിട്ടുണ്ട്.