ഒരേ സിനിമയില്‍ രണ്ടു കഥാപാത്രങ്ങള്‍ക്ക് ശബ്ദം നല്‍കുക. അതും സഹോദരിമാരായ രണ്ടു കഥാപാത്രങ്ങള്‍ക്ക്. എന്നാല്‍ ആ ശബ്ദത്തിനുടമ ഒരാള്‍ തന്നെ എന്ന് കേള്‍ക്കുന്നവര്‍ക്ക് ഒരിക്കല്‍ പോലും തോന്നാതിരിക്കുക. അതായിരിരുന്നു ആനന്ദവല്ലിയുടെ മാജിക്ക്.

ഭരതം എന്ന ചിത്രത്തില്‍ ലക്ഷ്മിയുടേയും ഉര്‍വശിയുടേയും കഥാപാത്രങ്ങള്‍ക്ക് ശബ്ദം നല്‍കിയത് അന്തരിച്ച ഡബ്ബിങ് ആര്‍ട്ടിസ്റ്റ് ആനന്ദവല്ലിയായിരുന്നു. ആദ്യം ലക്ഷ്മിക്കു മാത്രമായിരിരുന്നു ആനന്ദവല്ലി ശബ്ദം നല്‍കിയത്. എന്നാല്‍ പിന്നീട് ഉര്‍വ്വശിയുടെ കഥാപാത്രത്തിന് ഉര്‍വ്വശിയുടെ സ്വന്തം ശബ്ദം മാച്ച് ആകുന്നില്ലെന്ന് കണ്ട് ആനന്ദവല്ലിയെക്കൊണ്ടു തന്നെ ഡബ്ബ് ചെയ്യിക്കുകയായിരുന്നു. ഈ അനുഭവം എഴുതിയത് പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ സിദ്ദു പനയ്ക്കലാണ്.

അന്തരിച്ച ഡബ്ബിങ് ആർട്ടിസ്റ്റ് ആനന്ദവല്ലിയെക്കുറിച്ച് ഓർക്കുകയാണ് സഹപ്രവർത്തകരായ അലിയാറും ഭാഗ്യലക്ഷ്മിയും. സഹപ്രവര്‍ത്തകര്‍ക്കെല്ലാം ഏറെയുണ്ട് ആനന്ദവല്ലി എന്ന കലാകാരിയെ കുറിച്ച് പറയാന്‍.

Read more: ഡബ്ബിങ് ആർട്ടിസ്റ്റ് ആനന്ദവല്ലി അന്തരിച്ചു

“ആനന്ദവല്ലിയെ പോലെ ഇത്രയേറെ വൈവിധ്യമാർന്ന ശബ്ദത്തിനുടമയായ ഡബ്ബിങ് ആർട്ടിസ്റ്റ് മലയാളസിനിമയിൽ ഇതുവരെ വേറെ ഉണ്ടായിട്ടില്ല,” ഒരേ സിനിമയിൽ ഒമ്പത് പേർക്കുവരെ ശബ്ദം നൽകിയിരുന്ന ആനന്ദവല്ലിയെന്ന വൈവിധ്യമാർന്ന ശബ്ദത്തിനുടമയായ കലാകാരിയെ ഓർക്കുകയാണ് ആനന്ദവല്ലിയുടെ സഹപ്രവർത്തകയും അടുത്ത സുഹൃത്തും പ്രശസ്ത ഡബ്ബിങ് ആർട്ടിസ്റ്റുമായ ഭാഗ്യലക്ഷ്മി.

“ഒരു വർഷത്തോളമായി അസുഖബാധിതയായിരുന്നെങ്കിലും ജോലിയിൽ സജീവമായിരുന്നു ആനന്ദവല്ലി. എന്റെ സുഹൃത്തും സന്തതസഹചാരിയുമായിരുന്നു. അസുഖകാലത്തും ആനന്ദവല്ലിയുടെ കൂടെയുണ്ടാവാൻ പറ്റിയതിൽ ആത്മസംതൃപ്തിയുണ്ട്. ഇത്രയേറെ വൈവിധ്യമുള്ളൊരു ഡബ്ബിങ് ആർട്ടിസ്റ്റ് മലയാളസിനിമയിൽ ഇതുവരെ വേറെ ഉണ്ടായിട്ടില്ല. ഇനിയുണ്ടാകുകയുമില്ല.

Read More: പ്രിയപ്പെട്ടവരെയെല്ലാം മരണം തട്ടിയെടുത്തിട്ടും ആനന്ദവല്ലി തളരാതെ പിടിച്ചുനിന്നു: മേനക

ഒരേ സിനിമയിൽ ഒമ്പതു പേർക്കുവരെ ആനന്ദവല്ലി ശബ്ദം നൽകിയിരുന്നു. ചെറിയ കുഞ്ഞിനു മുതൽ എൺപതുകാരിക്ക് വരെ ഒരേ സമയം ശബ്ദം നൽകിയ കലാകാരിയാണ് ആനന്ദവല്ലി. എന്തു സംശയം ചോദിച്ചാലും അതു പറഞ്ഞു മനസ്സിലാക്കി പഠിപ്പിച്ചുതരും,” ഭാഗ്യലക്ഷ്മി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

Read: ഡബ്ബിങ് ആര്‍ട്ടിസ്റ്റ് ആനന്ദവല്ലിയുടെ നിര്യാണത്തില്‍ മുഖ്യമന്ത്രി അനുശോചനമറിയിച്ചു

ഡയലോഗ് റെൻഡറിങ്ങിൽ അസാമാന്യപാടവമുള്ള ശബ്ദകലാകാരിയായിരുന്നു ആനന്ദവല്ലിയെന്നാണ് മുതിർന്ന ഡബ്ബിങ് ആർട്ടിസ്റ്റായ അലിയാർ അനുശോചിച്ചത്. “എനിക്ക് വ്യക്തിപരമായി ഏറെ ബന്ധമുണ്ടായിരുന്ന ആളാണ് ആനന്ദവല്ലി. കഥാപ്രസംഗമായിരുന്നു ആനന്ദവല്ലിയുടെ ആദ്യമേഖല. പിന്നെ അമേച്വർ നാടകങ്ങളിൽ ശ്രദ്ധേയമായി. പ്രൊഫഷണൽ നാടകങ്ങളിലും ആനന്ദവല്ലി അഭിനയിച്ചിട്ടുണ്ട്. കെപിഎസ്‌സിയിലും കോട്ടയം ചെല്ലപ്പന്റെ നാടകസമിതിയുടെ നാടകങ്ങളിലുമെല്ലാം പ്രധാന നടിയായി അവർ അഭിനയിച്ചിട്ടുണ്ട്. ഡയലോഗ് റെന്ററിങ്ങിൽ അസാമാന്യമായ പാടവം ഉണ്ടായിരുന്നു. അധികം വിദ്യാഭ്യാസം ഒന്നുമില്ലാതിരുന്നിട്ടു കൂടി, ഇംഗ്ലീഷ് ഡയലോഗുകൾ ഒക്കെ പഠിച്ചെടുത്ത് മനോഹരമായി അവതരിപ്പിക്കുമായിരുന്നു,” അലിയാർ ഓർക്കുന്നു.

മൂവായിരത്തിൽ അധികം സിനിമകളിൽ പ്രവർത്തിച്ച ആനന്ദവല്ലി നാലു പതിറ്റാണ്ടിലേറെയായി കലാലോകത്തെ സജീവ സാന്നിധ്യമായിരുന്നു. നാടകങ്ങൾക്കു പുറമെ സിനിമയിലും സീരിയലുകളിലുമെല്ലാം ആനന്ദവല്ലി അഭിനയിച്ചിരുന്നു. വൈവിധ്യമാർന്ന ശബ്ദം കൊണ്ട് ശ്രദ്ധേയയായ ആനന്ദവല്ലിക്ക് ‘ആധാര’ത്തിൽ ഗീതയ്ക്ക് ശബ്ദം നൽകിയതിന് സംസ്ഥാന പുരസ്കാരവും ലഭിച്ചിരുന്നു.

വെളളിയാഴ്ച തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ദീർഘനാളായി ചികിത്സയിലായിരുന്നു. നിരവധി മലയാള സിനിമകൾക്ക് ഡബ്ബിങ് നൽകിയിട്ടുണ്ട്. മികച്ച ഡബ്ബിങ് ആർട്ടിസ്റ്റിനുളള സംസ്ഥാന ചലച്ചിത്ര പുരസ്കാരമടക്കം നിരവധി അവാർഡുകൾ നേടിയിട്ടുണ്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook