മുംബൈയുടെ സിനിമ ചരിത്രത്തിലെ പ്രധാന ഏടാണ് മറാത്ത മന്ദിർ എന്ന സിനിമ തിയറ്റർ. സൂപ്പർ ഹിറ്റ് സിനിമയായ ‘ഡിൽവാലേ ഡുൽഹനിയ ലേ ജായേങ്കേ’ എന്ന ചിത്രവുമായി ബന്ധപ്പെട്ടാണ് കുറച്ചുകാലം മുൻപ് വരെ മറാത്ത മന്ദിർ അറിയപ്പെട്ടിരുന്നത്. ഇപ്പോൾ ‘ദൃശ്യം 2’ എന്ന ചിത്രത്തിലൂടെ മറാത്ത മന്ദിർ വീണ്ടും പ്രേഷക ശ്രദ്ധ നേടുന്നു. വളരെ നാളുകൾക്ക് ശേഷമാണ് മറാത്ത മന്ദിറിൽ ഒരു ചിത്രം ഹൗസ്ഫുളായി ഓടുന്നത്.
വഴിമാറിയ ചരിത്രം
‘ദൃശ്യം 2’ ഹൗസ് ഫുളായി ഓടിയപ്പോൾ നീണ്ട 25 വർഷമായി മറാത്ത മന്ദിർ കൊണ്ടുനടന്ന ചരിത്രമാണ് വഴി മാറിയത്. കം… ഫോൾ ഇൻ ലവ് എന്ന ടാഗ് ലൈനോടെ 1995ൽ റിലീസായ ആദിത്യ ചോപ്ര സംവിധാനം ചെയ്ത ‘ദിൽവാലേ ദുൽഹനിയ ലേ ജായേങ്കേ’ (ഡിഡിഎൽജെ) ആണ് 25 വർഷം തുടർച്ചയായി മറാത്ത മന്ദിറിൽ പ്രദർശിപ്പിക്കപ്പെട്ട സിനിമ. ഹൗസ് ഫുളായി ഓടി ദൃശ്യം 2 പുതിയ ചരിത്രം സൃഷ്ടിക്കുന്നു.
കിങ് ഖാൻ ഷാരൂഖ് ഖാനും കാജോളും തകർത്ത് അഭിനയിച്ച ചിത്രമാണ് ഡിഡിഎൽജെ ഏറ്റവും കൂടുതൽ കാലം തിയറ്റിൽ പ്രദർശിപ്പിച്ച ചിത്രമെന്ന റെക്കോർഡും സ്വന്തമാക്കി. ചിത്രത്തിന്റെ ജനപ്രീതിയാണ് വർഷങ്ങളോളം പ്രദർശിപ്പിക്കാനുള്ള കാരണം. ആരാധകർ ഏറെയുള്ള ചിത്രം മുടങ്ങിയത് കോവിഡ് ലോക്ഡൗണിൽ രാജ്യം മുഴുവൻ സ്തംഭിച്ചപ്പോൾ മാത്രമായിരുന്നു.
ഇന്ത്യയിൽ നിന്നും വിദേശത്തു നിന്നും മികച്ച കളക്ഷൻ നേടിയ ചിത്രം ആ വർഷത്തെ ഏറ്റവും മികച്ച ജനപ്രിയ ചിത്രത്തിനുള്ള ദേശീയ അവാർഡും പത്ത് ഫിലിംഫെയർ അവാർഡുകളും സ്വന്തമാക്കി. കാണികൾ കുറവാണെങ്കിൽ പോലും ചിത്രം തിയറ്ററിൽ പ്രദർശിപ്പിക്കും.
കോവിഡ് നിയന്ത്രണങ്ങൾ കാരണം 2020 മാർച്ചിൽ തിയേറ്ററുകൾ അടച്ചു. 2020 നവംബറിൽ തിയറ്ററുകൾ 50 ശതമാനം വരെ തുറക്കാൻ മഹാരാഷ്ട്ര സർക്കാർ അനുമതി നൽകിയതോടെ ചിത്രം വീണ്ടും പ്രദർശനം ആരംഭിച്ചു.
മാറ്റമില്ലാതെ മറാത്ത മന്ദിർ
മുംബൈയിലെ മറാത്ത മന്ദിർ മാർഗിൽ സ്ഥിതി ചെയ്യുന്ന സിനിമാ തിയറ്ററാണ് മറാത്ത മന്ദിർ. 1958 ഒക്ടോബർ 16-ന് തുറന്ന തിയറ്ററിൽ 1200 സീറ്റുകളാണുള്ളത്. 1960കളിലും 1970കളിലും, ആഡംബരമായ ചലച്ചിത്ര ലോഞ്ചുകൾക്ക് പേരുകേട്ട തിയറ്ററാണ് മറാത്ത മന്ദിർ. ഡിഡിഎൽജെ 1009 ആഴ്ചകൾ തുടർച്ചയായി പ്രദർശിപ്പിച്ച് സിനിമപ്രേമികളുടെ മനസ്സിലും തിയറ്റർ തന്റെ സ്ഥാനം ഉറപ്പിച്ചു.
ദൃശ്യം 2
അജയ് ദേവ്ഗൺ, ശ്രിയ ശരൺ, ഇഷിത ദത്ത, തബു എന്നിവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രം ‘ദൃശ്യം 2’ നവംബർ 18 നാണ് തിയേറ്ററുകളിലെത്തിയത്. അഭിഷേക് പത്താൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ, ദൃശ്യം രണ്ടാം ഭാഗത്തിൽ മുരളി ഗോപി അവതരിപ്പിച്ച ഐജി തോമസ് ബാസ്റ്റിനെന്ന കഥാപാത്രത്തെ ഹിന്ദിയിൽ അവതരിപ്പിക്കുന്നത് അക്ഷയ് ഖന്നയാണ്.
അജയ് ദേവ്ഗൺ, അക്ഷയ് ഖന്ന താരങ്ങളുടെ അഭിനയമാണ് പ്രധാന ആകർഷണം. ഹിന്ദിയിൽ വിജയ് സൽഗനോകർ എന്നാണ് നായക കഥാപാത്രത്തിന്റെ പേര്. ആശ ശരത് അവതരിപ്പിച്ച ഗീത പ്രഭാകറായി ഹിന്ദിയിൽ തബു എത്തുന്നു. രജത് കപൂർ ആണ് തബുവിന്റെ ഭർത്താവിന്റെ വേഷത്തില്‍.
മലയാള സിനിമയിലെ എക്കാലത്തെയും വമ്പൻ ഹിറ്റാണ് മോഹൻലാൽ-ജീത്തു ജോസഫ് കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ ‘ദൃശ്യം’. മോഹന്‍ലാല്‍ അവതരിപ്പിച്ച നാലാം ക്ലാസ് വിദ്യാഭ്യാസം മാത്രമുള്ള ജോർജുകുട്ടി എന്ന കഥാപാത്രം തന്റെ കുടുംബത്തെ രക്ഷിക്കുന്നതിനായി ഒരു കുറ്റകൃത്യം ബുദ്ധിപൂർവമായ നീക്കങ്ങളിലൂടെ മറയ്ക്കുന്നതാണ് ചിത്രത്തിന്റെ പ്രമേയം.
സിനിമ ഹിറ്റായതോടെ തമിഴ്, തെലുഗ്, കന്നഡ, ഹിന്ദി ഭാഷകളില്‍ ചിത്രം മൊഴിമാറ്റം ചെയ്തു. പിന്നീട് സിനിമയുടെ രണ്ടാം ഭാഗമായ ‘ദൃശ്യം 2’ റിലീസിനെത്തി. ‘ദൃശ്യം 3’ അണിയറയില്‍ ഒരുങ്ങുന്നതായി ജീത്തു ജോസഫ് തന്നെ അറിയിച്ചിരുന്നു.
2022ലെ ബോളിവുഡ്
ബോളിവുഡ് വളരെ ബുദ്ധിമുട്ട് അനുഭവിച്ച വർഷമാണ് 2022. നാല് ചിത്രങ്ങൾ മാത്രമാണ് ബോക്സ് ഓഫീസിൽ വിജയിച്ചത്. ‘ഭൂൽ ഭുലയ്യ 2’, ‘ദി കശ്മീർ ഫയൽസ്’ എന്നിവയാണ് പ്രദർശനത്തിലൂടെ മാത്രം ലാഭം ഉണ്ടാക്കിയത്.
‘ദൃശ്യം 2’ ബോക്സ് ഓഫീസിൽ മികച്ച പ്രകടനം തുടരുന്നത് ബോളിവുഡിലെ സിനിമാ വ്യവസായത്തിന് ആശ്വാസം പകരുന്നു. റിലീസ് ചെയ്ത് നാല് ദിവസം കൊണ്ട് 75 കോടിയിലധികം കളക്ഷൻ നേടിയ ചിത്രം ഒരാഴ്ചയ്ക്കുള്ളിൽ 100 കോടി ക്ലബ്ബിൽ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഗെയ്റ്റി ഗാലക്സി തിയേറ്ററിൽ 1000 പേരെയും മറാത്ത മന്ദിറിൽ 1200 പേരെയും ഉൾക്കൊള്ളാൻ കഴിയുമെന്നും ഞായറാഴ്ച ഷോയുടെ ടിക്കറ്റികൾ എല്ലാ വിറ്റുതീർന്നുവെന്നും അദ്ദേഹം പറഞ്ഞു. തിങ്കളാഴ്ച പോലും, 50 ശതമാനത്തിലധികം ആളുകളുമായി ഷോകൾ നടക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
മുംബൈയിലെ പ്രധാന തിയറ്ററുകളായ മറാത്ത മന്ദിർ, ഗെയ്റ്റി ഗാലക്സി എന്നിവിടങ്ങളിൽ വർഷങ്ങൾക്ക് ശേഷം ഹൗസ്ഫുൾ ഷോകൾ നൽകിയത് ‘ദൃശ്യം 2’ ആണെന്ന് ഫിലിം എക്സിബിറ്ററും മുൻ നിർമ്മാതാവുമായ മനോജ് ദേശായി പറഞ്ഞു.
ഫിൽമിഫീവർ എന്ന യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ, “ബോളിവുഡ് സിനിമകൾ മോശം പ്രകടനം കാഴ്ചവെച്ചതിൽ ഞങ്ങൾ അതീവ ദുഖിതരായിരുന്നു. വർഷങ്ങൾക്ക് ശേഷമാണ് ഒരു സിനിമ ഹൗസ്ഫുളായി ഓടുന്നത്.” മനോജ് ദേശായി പറഞ്ഞു.
ഒറിജിനൽ ഉള്ളടക്കത്തിൽ സിനിമ നിർമ്മിക്കാൻ ബോളിവുഡ് തീരുമാനിച്ചാൽ, ‘ദൃശ്യം 2’നേക്കാൾ വലിയ ഹിറ്റുകൾ നൽകാൻ ബോളിവുഡിന് കഴിഞ്ഞേക്കുമെന്ന് അദ്ദേഹം പറഞ്ഞു. എന്നാൽ ബോളിവുഡ് ബുദ്ധിമുട്ടാൻ ആഗ്രഹിക്കുന്നില്ല, നിർമ്മാതാവ് വിതരണക്കാരുടെ മേൽ ഭാരം ചുമത്തും, വിതരണക്കാർ പ്രദർശകർക്ക് മേൽ അവരുടെ ഭാരവും ഏൽപിക്കും. അവർ സുരക്ഷിതരായിരിക്കും, എന്നാൽ ഞങ്ങളാണ് കഷ്ടപ്പെടുന്നതും അദ്ദേഹം പറഞ്ഞു.