“ശ്രീദേവിയ്ക്ക് അന്ത്യാഞ്ജലി അര്‍പ്പിച്ച് സിനിമാ ലോകം മുഴുവന്‍ അവിടെയുണ്ട്. ദുഃഖത്തില്‍, ചിലര്‍ പൊട്ടിക്കരച്ചിലിന്‍റെ വക്കില്‍. അത്രയ്ക്കായിരുന്നു സിനിമയിലെ ശ്രീദേവിയുടെ പ്രഭാവം. ചുവന്ന സാരിയില്‍ സുന്ദരിയായി, ശാന്തമായി മരണത്തെ പുല്‍കി, അവള്‍ കിടക്കുന്നു.

നമ്മെ വിട്ടു പിരിഞ്ഞ ആത്മാവിനോടുള്ള ബഹുമാനാര്‍ത്ഥം അവിടെ നിറയുന്ന പ്രശാന്തത, ഏറ്റവും സ്നേഹബഹുമാനങ്ങളോടെ അവിടെ അവളുടെ അവസാന യാത്രയ്ക്കുള്ള എല്ലാ ഒരുക്കങ്ങളും നടക്കുന്നു. വിട പ്രിയ കൂട്ടുകാരീ…”

ശ്രീദേവിയ്ക്ക് അന്ത്യോപചാരമര്‍പ്പിക്കാന്‍ എത്തുന്ന ഹേമമാലിനിയും മകള്‍ ഇഷാ ഡിയോളും

ശ്രീദേവിയുടെ വിയോഗ വാര്‍ത്ത അറിഞ്ഞത് മുതല്‍ തന്നെ ട്വിറ്ററിലൂടെ തന്‍റെ അനുശോചനങ്ങള്‍ അറിയിച്ചു കൊണ്ടിരുന്ന ഒരാളാണ് ഹേമമാലിനി.

“ശ്രീദേവിയുടെ അപ്രതീക്ഷിത വിയോഗം വല്ലാതെ ഞെട്ടലുണ്ടാക്കുന്നു. തീര്‍ത്തും സന്തോഷവതിയായ ഒരു വ്യക്തി, മികച്ച നടി, എന്നിങ്ങനെയുള്ള ഒരാള്‍ ഇപ്പോള്‍ ഇല്ല എന്ന് വിശ്വസിക്കാന്‍ വയ്യ. അവര്‍ ഒഴിച്ചിട്ട സ്ഥാനം മറ്റാര്‍ക്കും കൈയ്യടക്കാന്‍ ആവില്ല. അവര്‍ക്ക് പകരം വയ്ക്കാന്‍ നമുക്ക് ആളില്ല. ബോണി എന്‍റെ സുഹൃത്താണ്‌. അവരുടെ പെണ്‍മക്കളെ ചെറുപ്പം മുതലേ കണ്ടിട്ടുണ്ട്. എന്‍റെ പ്രാര്‍ഥനകള്‍ ആ കുടുംബത്തോടൊപ്പം,” മരണ ദിവസം അവര്‍ കുറിച്ചതിങ്ങനെ.

ദേശീയ പതാകയില്‍ പൊതിഞ്ഞ ശ്രീദേവിയുടെ ഭൗതിക ശരീരം

പിന്നീടുള്ള ദിവസങ്ങളില്‍ ശ്രീദേവിയുടെ മരണ കാരണത്തെ ചൊല്ലി നടന്ന ചര്‍ച്ചകളെ അപലപിച്ചു കൊണ്ടും ഖണ്ഡിച്ചു കൊണ്ടും ഹേമമാലിനി രംഗത്ത് വന്നിരുന്നു.

മുംബൈയില്‍ ഇപ്പോള്‍ പൊതു ദര്‍ശനത്തിനു വച്ചിരിക്കുന്ന അന്തരിച്ച ചലച്ചിത്ര താരം ശ്രീദേവിയ്ക്ക് അന്ത്യോപചാരം അര്‍പ്പിച്ചു മടങ്ങിയ അവരുടെ സുഹൃത്തും സഹപ്രവര്‍ത്തകയുമായ ഹേമമാലിനി ട്വിറ്ററിൽ കുറിച്ചതാണ് ഈ വാക്കുകള്‍. ഇന്ന് രാവിലെ മുതല്‍ നടക്കുന്ന പ്രാര്‍ഥനാ യോഗത്തില്‍ ബോളിവുഡില്‍ നിന്നുള്ള പ്രമുഖ താരങ്ങള്‍ എല്ലാം തന്നെ പങ്കെടുത്തു. ശ്രീദേവിയുടെ അപ്രതീക്ഷിത വിയോഗത്തില്‍ പലരും വികാരാധീനരായി.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook