“എന്റെ ജീവിതത്തിൽ ഒരേ ഒരു സിനിമ കണ്ടാണ് ഞാൻ കരഞ്ഞു പോയത്, അത് 1986ൽ ഇറങ്ങിയ ‘ടി.പി. ബാലഗോപാലൻ എം.എ’ ആയിരുന്നു. സഹോദരിയ്ക്ക് 50 രൂപ എടുത്തു കൊടുത്ത്, മുണ്ടിന്റെ കോന്തല കൊണ്ട് കണ്ണു തുടയ്ക്കുന്ന ആ നടനിൽ ഒരു അതുല്യ പ്രതിഭയെ കണ്ട് എന്റെ കണ്ണു നിറഞ്ഞു.”

ഡോ. എം വി പിള്ള ലോകപ്രശസ്ത കാൻസർ വിദഗ്ധന്‍റെതാണ് ഈ വാക്കുകള്‍.  മാതൃഭൂമി പുസ്തകോത്സവത്തില്‍ മലയാളത്തിന്റെ പ്രിയ താരം മോഹൻലാലിന്റെ ‘പുഴകടന്ന് പൂക്കളുടെ ഇടയിലേക്ക്’ എന്ന  പുസ്തകത്തിന്റെ പ്രകാശനചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

“ആ സീൻ കണ്ടപ്പോൾ ചങ്ങമ്പുഴയുടെ വരികളാണ് എനിക്ക് ഓർമ വന്നത്, ‘വെള്ളിനക്ഷത്രമേ നിന്നെ നോക്കി തുള്ളിത്തുളുമ്പുകയെന്യേ മാമകചിത്തത്തിലന്നും ഇല്ലാ മാദക വ്യാമോഹമൊന്നും’,” മോഹന്‍ലാലിന്‍റെ കുടുംബസുഹൃത്ത് കൂടിയായ ഡോ. എം വി പിള്ള ഓർത്തു.

കൈനിക്കര കുടുംബത്തിലെ അംഗമായ ഡോ. എം വി പിള്ള, മല്ലികാ സുകുമാരന്റെ സഹോദരനും പൃഥ്വിരാജ്-ഇന്ദ്രജിത് എന്നിവരുടെ അമ്മാവനും കൂടിയാണ്.

മോഹൻലാലിനെ രണ്ടു വയസ്സു മുതൽ കാണുന്ന വ്യക്തിയാണ് താനെന്നും തിരുവനന്തപുരത്തു നിന്നും അഭിനയം തുടങ്ങിയ ഞങ്ങളുടെ ഏറ്റവും പ്രിയപ്പെട്ട ലാലു ലോകമെമ്പാടും അറിയപ്പെടുന്ന പ്രതിഭയായി തീർന്നത് കാണാൻ സാധിച്ചത് തന്റെ ഭാഗ്യമായി കാണുന്നുവെന്നും എംവി പിള്ള പറഞ്ഞു.

“അന്ന് ഞാൻ അമേരിക്കയിൽ ഡോക്ടറായി ജോലി ചെയ്യുകയാണ്. എത്രയോ മരണങ്ങളും രോഗവും പീഡകളും ദുഖഃമുഹൂർത്തങ്ങളും കണ്ട് മനസ്സു കട്ടിയാക്കിയൊരു ഡോക്ടർക്ക് ഈ കരച്ചിൽ അനുവദനീയമാണോ? ഒരു സിനിമയിലെ രംഗം കണ്ട് ഡോക്ടർ കരയുന്നത് ശരിയാണോ? ഇപ്പോഴും ഏറെ ലജ്ജയോടെയും നാണത്തോടും ഞാനത് ഓർക്കുന്നു,” അദ്ദേഹം കൂട്ടിച്ചേർത്തു.

മോഹൻലാലിനെ കേന്ദ്രകഥാപാത്രമാക്കി സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത ചിത്രമായിരുന്നു ‘ടി.പി. ബാലഗോപാലൻ എം.എ’. ഈ ചിത്രത്തിലെ അഭിനയമാണ് മോഹൻലാലിനെ മികച്ച നടനുള്ള കേരളസർക്കാർ പുരസ്കാരത്തിന് ആദ്യമായി അർഹനാക്കിയത്. ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും ഒരുക്കിയത് ശ്രീനിവാസൻ ആയിരുന്നു.

Read more: എങ്കിൽ എന്നോട് പറ ഐ ലവ്യൂന്ന്; സുചിത്രയ്‌ക്കൊപ്പം പ്രണയാർദ്ര നിമിഷങ്ങൾ പങ്കുവച്ച് മോഹൻലാൽ

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook