/indian-express-malayalam/media/media_files/2025/11/19/dr-geevarghese-mar-coorilos-mammootty-2025-11-19-15-59-42.jpg)
മമ്മൂട്ടിയുടെ നടനമികവിനെ പ്രശംസിച്ച് യാക്കോബായ സഭാ നിരണം ഭദ്രാസനാധിപൻ ഡോ. ഗീവർഗീസ് മാർ കൂറിലോസ് പങ്കുവച്ച ഫേസ്ബുക്ക് പോസ്റ്റ് വൈറലാവുന്നു. രാഷ്ട്രീയ നിലപാടുകൾകൊണ്ടും മത സ്വത്വം കൊണ്ടും മമ്മൂട്ടിയെ പോലെ ഇത്രമേൽ അവഗണിക്കപ്പെട്ട മറ്റൊരു നടനും ഇന്ത്യൻ സിനിമയിൽ ഉണ്ടാവില്ലെന്നാണ് ഫേസ്ബുക്ക് കുറിപ്പിൽ ഡോ. ഗീവർഗീസ് മാർ കൂറിലോസ് പറയുന്നത്.
ഡോ. ഗീവർഗീസ് മാർ കൂറിലോസിന്റെ ഫേസ് ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:
നിങ്ങൾ ഇത് എന്ത് ഭാവിച്ചാ മമ്മൂക്ക?
കുറച്ചു ദിവസം മുൻപ് കുവൈറ്റിൽ നിന്നും നാട്ടിലേക്കുള്ള മടക്ക യാത്രയിലാണ് കുവൈറ്റ് എയർവേസ് ഫ്ലൈറ്റിൽ 'ഭ്രമയുഗം' മൂവി കണ്ടത്. അപ്പോൾ മനസ്സിൽ ചോദിച്ച ചോദ്യമാണ് മുകളിൽ കുറിച്ചത്.
ഇന്ത്യൻ സിനിമയിൽ മെത്തേഡ് ആക്റ്റിംഗിൽ മമ്മൂട്ടി അവസാന വാക്കാണ്. പരകായ പ്രവേശം അതിന്റെ ഔന്നത്യം പ്രാപിക്കുന്നു ഈ മഹാ നടനിൽ. ഒരു കഥാപാത്രമായി മാറാൻ അദ്ദേഹം ചെയ്യുന്ന ഗൃഹപാഠം! ഇന്ത്യൻ സിനിമയുടെ ഡാനിയൽ ഡേ- ലൂയിസ് എന്നോ റോബർട്ട് ഡി നിറോ എന്നോ വിളിക്കാവുന്ന ഉയരത്തിലാണ് അദ്ദേഹത്തിന്റെ പകർന്നാട്ടം. എബ്രഹാം ലിങ്കനെ അവതരിപ്പിച്ച ഡാനിയൽ ഡേ- ലൂയിസ് ഷൂട്ടിംഗ് തീരുന്നതു വരെയും ആ കഥാപത്രത്തിൽ നിന്നും പുറത്തു കടന്നിട്ടില്ല എന്ന് വായിച്ചിട്ടുണ്ട്. മമ്മൂട്ടി അംബേദ്കർ ചെയ്തപ്പോൾ നടത്തിയ ഗവേഷണം, ഇംഗ്ലീഷ് ഭാഷ ആക്സെന്റ് പരിശീലനം എല്ലാം നടനം എത്ര ഗൗരവമായിട്ടാണ് എടുക്കുന്നത് എന്നതിന്റെ സൂചകങ്ങളാണ്. ടാക്സി ഡ്രൈവറായി അഭിനയിക്കാൻ ജീവിതത്തിൽ ഡി നിറോ ടാക്സി ഡ്രൈവറായതു പോലെ!
Also Read: അന്ന് മമ്മൂട്ടി, ഇന്ന് മഞ്ജുവാര്യർ; അന്നുമിന്നും സാരഥി അസീസ്
ആകാരഭംഗിയും ശബ്ദ സൗകുമാര്യവും അപാര ശബ്ദ വിന്യസവും ഇത്രമേൽ സമന്വയിച്ചിരിക്കുന്ന മറ്റൊരു നടനെ നമുക്ക് സങ്കൽപ്പിക്കാൻ കഴിയില്ല. ഭാഷയുടെ വൈവിധ്യങ്ങളും ഇത്രമേൽ വഴങ്ങുന്ന മറ്റൊരു നടനും ഇല്ല. സൂക്ഷ്മ അഭിനയം മമ്മൂട്ടിയിൽ പൂർണത കൈവരിക്കുന്നു. ശരീര ഭാഗങ്ങളുടെ ചലനങ്ങൾ ഇത്രയും ഭാവഗംഭീരമായി അവതരിപ്പിക്കാൻ മമ്മൂട്ടിക്കുള്ള കഴിവ് അപാരമാണ്. അമരത്തിലെയും ഉദ്യാനപാലകനിലെയും അദ്ദേഹത്തിന്റെ നടപ്പ്, ഭ്രമയുഗത്തിലെയും ഭൂതകണ്ണാടിയിലെയും നോട്ടം ഒക്കെ ഈ ഭാവഭിനയ പൂർണതയുടെ അടയാളങ്ങളാണ്.
Also Read: നയൻതാരയ്ക്ക് 10 കോടിയുടെ റോൾസ് റോയ്‌സ് സമ്മാനിച്ച് വിഘ്നേഷ്
കണ്ണുകൾ കൊണ്ട് മാത്രം പേടിപ്പിക്കാനും കരയിപ്പിക്കാനും ചിരിപ്പിക്കാനും (കാഴ്ച്ച ) കഴിയുന്ന അപൂർവം നടന്മാരിൽ ഒരാൾ! ഒരു വടക്കൻ വീരഗാഥ, അമരം, വാത്സല്യം, കാഴ്ച, മൃഗയ, വിധേയൻ, ഭൂതകണ്ണാടി, മതിലുകൾ, പാലേരി മാണിക്യം, പൊന്തൻ മാട, പ്രാഞ്ചിയേട്ടൻ, അരയന്നങ്ങളുടെ വീട്, യാത്ര, ന്യൂ ഡൽഹി, നിറക്കൂട്ട് അങ്ങനെ എത്ര എത്ര ചിത്രങ്ങളിൽ കൂടി മമ്മൂട്ടി നമ്മെ വിസ്മയിപ്പിച്ചിട്ടുണ്ട്. ഇനിയും അഭിനയിക്കാനുള്ള അടങ്ങാത്ത ആർത്തി അദ്ദേഹത്തെ അദ്ദേഹത്തിന്റെ തന്നെ ഭാഷയിൽ “ഇനിയും മൂർച്ച കൂട്ടാൻ പാകത്തിൽ തേച്ചു മിനുക്കാൻ ” കഴിവുള്ള സംവിധായകരുടെ കൈകളിൽ എത്തിക്കട്ടെ.
Also Read: 23 വർഷത്തെ സിനിമാജീവിതം; പൃഥ്വിരാജിന്റെ ആകെ ആസ്തി എത്രയെന്നറിയാമോ?
ഒരു പക്ഷെ തന്റെ രാഷ്ട്രീയ നിലപാടുകൾ കൊണ്ടും മതസ്വത്വം കൊണ്ടും ഇത്രമേൽ അവഗണിക്കപ്പെട്ട മറ്റൊരു നടനും ഇന്ത്യൻ സിനിമയിൽ ഉണ്ടാവില്ല. പേരൻപ്, നന്പകൽ നേരത്തു, കാതൽ... അങ്ങനെ പോകുന്നു ഈ മാറ്റിനിർത്തലിന്റെ രാഷ്ട്രീയ ഉദാഹരനങ്ങൾ.
എഴുപതുകളിലും പുതു തലമുറയെ വെല്ലുവിളിച്ചു കൊണ്ട് നാട്യകലയിൽ പുതിയ ഉയരങ്ങൾ കീഴടക്കുന്ന മമ്മൂട്ടിയെ ഇളം തലമുറ പാഠപുസ്തകമാക്കണം.
അത് കൊണ്ട് മമ്മൂട്ടിയും മോഹൻലാലും മാറി നിൽക്കുകയല്ല വേണ്ടത്, മറിച്ചു വരും തലമുറ അവരോട് ഏറ്റുമുട്ടി വിജയിക്കട്ടെ.
നമ്മുടെ എല്ലാം പ്രാർത്ഥന സഫലമായി മമ്മൂട്ടി രോഗത്തെ തോൽപിച്ചു വീണ്ടും തിരിച്ചു വന്നിരിക്കുന്നു. നാട്യ കലയിൽ സപര്യ തുടരാൻ... തുടർന്നും മമ്മൂട്ടി നമ്മെ വിസ്മയിപ്പിക്കട്ടെ.
ഒരു ആഗ്രഹം കൂടി പങ്കു വയ്ക്കുന്നു, കേരള സമൂഹത്തെ മാറ്റി മറിച്ച മഹാത്മാ അയ്യങ്കാളി എന്ന ചരിത്ര പുരുഷനെ മമ്മൂട്ടി അഭ്രപാളികളിൽ അവതരിപ്പിച്ചു കാണണം എന്ന ആഗ്രഹം.
ഒരു മമ്മൂട്ടി ഫാന്‍.
Also Read: 450 കോടി ആസ്തി, 100 ഏക്കർ ഫാം; ധർമേന്ദ്രയുടെ സാമ്രാജ്യത്തിൽ നിന്നുള്ള ​കാഴ്ചകൾ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)

Follow Us