ചെന്നൈ: താരങ്ങളോടുളള ആരാധന വ്യക്തമാക്കാന്‍ പലപ്പോഴും ഉപയോഗിക്കുന്ന വാക്കാണ് ‘യുവാക്കളുടെ ഹരം’ എന്നത്. എന്നാല്‍ ഈയൊരു വിശേഷണം ഇല്ലാത്തത് തന്നെയാണ് വിജയ് സേതുപതി എന്ന നടന്റെ സവിശേഷതയും. യുവാക്കളും കുടുംബപ്രേക്ഷകരും ഒന്നടങ്കം ഇഷ്ടപ്പെടുന്ന പ്രകടനരീതിയും പ്രമേയരീതിയുമാണ് സേതുപതി ചിത്രങ്ങളുടെ പ്രത്യേകത.

സേതുപതിയുടെ പുതിയ ചിത്രമായ വിക്രം വേദ ബോക്സോഫീസുകളില്‍ നിന്നും റെക്കോര്‍ഡ് നേട്ടമാണ് സ്വന്തമാക്കുന്നത്. എന്നാല്‍ ഈ ചിത്രം മറ്റ് രണ്ട് ചിത്രങ്ങളുടെ നിര്‍മ്മാതാക്കള്‍ക്കാണ് ശ്വാസം തിരിച്ചു നല്‍കിയത്. പുരിയാത്ത പുതിര്‍, ഇടംപൊരുള്‍ യേവല്‍ എന്നീ രണ്ട് സേതുപതി ചിത്രങ്ങളാണ് റിലീസിന് ഒരുങ്ങുന്നത്.

വര്‍ഷങ്ങളായി വെളിച്ചം കാണാതെ പെട്ടിയില്‍ കിടന്നിരുന്ന ചിത്രങ്ങള്‍ റിലീസ് ചെയ്യുമെന്ന് നിര്‍മ്മാതാക്കള്‍ അറിയിച്ചിട്ടുണ്ട്. സേതുപതി ചിത്രങ്ങളായ കാവന്‍, വിക്രം വേദ എന്നീ ചിത്രങ്ങള്‍ അടിക്കടി വിജയിച്ചതാണ് നിര്‍മ്മാതാക്കള്‍ക്ക് റിലീസിംഗിന് ആത്മവിശ്വാസം നല്‍കിയത്. സേതുപതി ചിത്രങ്ങള്‍ വിതരണക്കാരും തിയറ്ററുകളും ചിത്രങ്ങള്‍ ഏറ്റെടുക്കുമെന്ന് സംശയമില്ല താനും.

‘പുരിയാത്ത പുതിര്‍’ എന്ന ചിത്രത്തിന്റെ നിര്‍മ്മാതാവായ ജെ സതീഷ് കുമാര്‍ ചിത്രം എത്രയും പെട്ടെന്ന് റിലീസ് ചെയ്യുമെന്ന് അറിയിച്ചിട്ടുണ്ട്. ‘മെല്ലിസൈ’ എന്നായിരുന്നു ചിത്രത്തിന് ആദ്യം നിശ്ചയിച്ച പേര്. അതേസമയം തന്നെ ‘ഇടം പൊരുള്‍ യേവല്‍’ റിലീസ് ചെയ്യാനായി ലിംഗുസ്വാമിയും സുഭാഷ് ചന്ദ്ര ബോസും തയ്യാറെടുപ്പുകള്‍ തുടങ്ങിയതായി ചിത്രത്തിന്റെ സംവിധായകനും ദേശീയ പുരസ്കാര ജേതാവായ സീനു രാമസ്വാമി വ്യക്തമാക്കിയിട്ടുണ്ട്.

ഒരുപാട് തവണ റിലീസിങ് ഡേറ്റുകള്‍ മാറിമറിഞ്ഞ് ചിത്രം ഒടുവില്‍ ഇക്കഴിഞ്ഞ ജനുവരി 13ന് പൊങ്കല്‍ റിലീസായി പ്ലാന്‍ ചെയ്തിരുന്നു. നീര്‍പറവൈ, ദര്‍മ്മധുരൈ എന്നീ ഹിറ്റ് ചിത്രങ്ങളുടെ സംവിധായകനാണ് സീനു രാമസ്വാമി.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ