ഫെയ്സ്ബുക്കും വാട്സാപ്പുമെല്ലാം മനുഷ്യരുടെ ജീവിതത്തിൽ വലിയ സ്ഥാനം പിടിച്ചതോടെ മെസ്സേജുകൾക്കും ഫോർവേഡുകൾക്കുമൊന്നും യാതൊരു പഞ്ഞവുമില്ലാതായി. പലപ്പോഴും കിട്ടുന്ന മെസ്സേജുകളും വീഡിയോകളും സത്യമാണോ അല്ലയോ എന്നു പോലും അറിയാതെയാണ് ആളുകൾ അത് ഫോർവേഡ് ചെയ്യുന്നത്. എന്നാൽ ഈ കൊറോണ കാലത്ത് ദയവായി ഇത്തരത്തിലുള്ള മെസ്സേജുകൾ ഫോർവേഡ് ചെയ്യരുതെന്നാണ് നടി നദിയ മൊയ്തുവിന് പറയാനുള്ളത്. ഇന്ത്യൻ എക്സ്പ്രസ് മലയാളത്തിന്റെ ഫെയ്സ്ബുക്ക് പേജിൽ ലൈവായി എത്തിയതായിരുന്നു മലയാളികളുടെ പ്രിയ നായിക.
“ഈ സമയത്ത് നമ്മളെല്ലാവരും ഫോണിൽ വളരെയധികം തിരക്കിലാണ്. കിട്ടുന്ന മെസ്സേജുകളും വീഡിയോകളുമെല്ലാം കണ്ണും പൂട്ടി വിശ്വസിക്കുകയും എല്ലാവർക്കും ഫോർവേഡ് ചെയ്യുകയും ചെയ്യരുത്. മൂന്നോ നാലോ കൊല്ലം മുൻപ് വന്ന വീഡിയോകളാണ് പിന്നേയും പിന്നേയും വന്നുകൊണ്ടിരിക്കുന്നത്.
ആളുകൾ വളരെയധികം ആശങ്കയോടെയും ഉത്കണ്ഠയോടെയും കഴിയുന്നൊരു സമയം കൂടിയാണിത്. അതുകൊണ്ട് നമ്മൾ എല്ലാവരേയും ഒന്ന് ബഹുമാനിക്കുക. വേണ്ടാത്ത ഫോർവേഡുകൾ അയക്കരുത്. വേണമെങ്കിൽ ട്രോളുകളും മീമുകളും അയയ്ക്കാം. ഇതുപോലൊരു സമയത്ത് ആളുകളെ ചിരിപ്പിക്കാൻ സാധിക്കുമെങ്കിൽ അത് വളരെ നല്ല കാര്യമാണ്. അല്ലാതെ തെറ്റായ കാര്യങ്ങളും വാർത്തകളും പ്രചരിപ്പിക്കാതിരിക്കുക,” നദിയ മൊയ്തു പറഞ്ഞു.
Read More: എന്തൊരു തുടക്കമായിരുന്നു അത്; നദിയയുടെ ആദ്യ ഇൻസ്റ്റഗ്രാം പോസ്റ്റ് ആദ്യ ചിത്രത്തെ കുറിച്ച്
ഭർത്താവിനും ഇളയ മകൾക്കുമൊപ്പം മുംബൈയിലാണ് ഇപ്പോൾ നദിയ. മൂത്ത മകൾ അമേരിക്കയിൽ ജോലി ചെയ്യുകാണെന്നും തന്റെ പാതി മനസ് അവിടെയാണ് എന്നും നദിയ പറഞ്ഞു.
“മുംബൈയിൽ എന്റെ ഭർത്താവും ഇളയ മകളും ഉണ്ട്. അവൾ അമേരിക്കയിൽ പഠിക്കുകയായിരുന്നു. കോവിഡ് കാരണം അവരുടെ കോളേജും ഹോസ്റ്റലും അടച്ചു. അതുകൊണ്ട് അവളെ ഞങ്ങൾ ഇങ്ങോട്ട് കൊണ്ടു വന്നു. മൂത്ത മകളും യുഎസിൽ ജോലി ചെയ്തു കൊണ്ടിരിക്കുകയാണ്. അവൾക്ക് ഇതുവരെ നാട്ടിലേക്ക് വരാൻ കഴിഞ്ഞിട്ടില്ല. അതുകൊണ്ടു തന്നെ എന്റെ പാതി മനസ് അവിടെയാണുള്ളത്.” തന്റെ മാതാപിതാക്കളും മുംബൈയിൽ തന്നെയാണുള്ളത് എന്നും നദിയ പറഞ്ഞു.
മലയാളത്തിലും തമിഴിലും തിരക്കഥകൾ കേൾക്കുന്നുണ്ടെന്നും ഇഷ്ടപ്പെട്ട ഒരു തിരക്കഥ കിട്ടിയാൽ അഭിനയിക്കുമെന്നും നദിയ വ്യക്തമാക്കി. അത് ഉടൻ സംഭവിക്കുമെന്നും അവർ പറഞ്ഞു.
തന്നെ ഇന്നു കാണുന്ന നദിയയാക്കി മാറ്റിയത് നോക്കെത്താ ദൂരത്ത് കണ്ണും നട്ട് എന്ന ചിത്രത്തിലെ ഗേളി എന്ന കഥാപാത്രമാണെന്നും അതിനാൽ തന്നെ ആ കഥാപാത്രം എക്കാലത്തും തനിക്ക് ഏറ്റവും പ്രിയപ്പെട്ടതാണെന്നും നദിയ മൊയ്തു പറഞ്ഞു.