ബിജോയ് നമ്പ്യാര്‍ സംവിധാനം ചെയ്ത മലയാളം- തമിള്‍ ചിത്രം സോളോയെ സോഷ്യല്‍മീഡിയയില്‍ തരംതാഴ്ത്തി കാണിക്കരുതെന്ന അഭ്യര്‍ത്ഥനയുമായി നടന്‍ ദുല്‍ഖര്‍ സല്‍മാന്‍. ‘സോളോയെ കൊല്ലരുത്, നിങ്ങളോട് ഞാന്‍ യാചിക്കുകയാണ്’, എന്ന് പറഞ്ഞാണ് ദുല്‍ഖര്‍ ഫെയ്സ്ബുക്കില്‍ കുറിപ്പ് തുടങ്ങുന്നത്. സോളോ കണ്ടതിന് ശേഷമാണ് ഇത് പറയുന്നതെന്നും താന്‍ ചിന്തിച്ചതിനേക്കാള്‍ ചിത്രം മികവ് പുലര്‍ത്തിയെന്നും സോളോ താരം പറയുന്നു.

‘ഞാന്‍ ചിത്രം കണ്ടു. ഓരോ സെക്കന്റും എനിക്ക് ഇഷ്ടമായി. അവിടെയും ഇവിടെയും പോരായ്മകള്‍ ഉണ്ടെന്നത് ശരി തന്നെ. രണ്ട് ഭാഷകളില്‍ എടുത്തത് കൊണ്ട് തന്നെ അതിന്റേതായ പ്രശ്നങ്ങളുണ്ട്. ശേഖറിന്റെ കഥയ്ക്ക് നീണ്ട സമയം ആവശ്യവും ആയിരുന്നു. എങ്കിലും ചിത്രം എനിക്ക് വളരെയധികം ഇഷ്ടമായി. എന്റെ സംവിധായകന്‍ ബിജോയ് നമ്പ്യാര്‍ ഒരുക്കിയ പതിപ്പാണ് എനിക്ക് ഇഷ്ടമായത്’, ചിത്രത്തിന്റെ ക്ലൈമാക്സ് തിരുത്തി റിലീസ് ചെയ്തതിനെതിരെ ദുല്‍ഖര്‍ പരോക്ഷമായി സൂചിപ്പിച്ചു.

‘സോളോ പോലൊരു ചിത്രമാണ് ഏതൊരു അഭിനേതാവിന്റേയും സ്വപ്നം. ചിത്രത്തിന്റെ കഥ കേട്ടപ്പോള്‍ തന്നെ എനിക്ക് ഇഷ്ടമായിരുന്നു. ചിത്രീകരണത്തിന്റെ ഓരോ നിമിഷങ്ങളും ഞാന്‍ ആസ്വദിച്ചിരുന്നു. ഇപ്പോള്‍ തിയറ്ററില്‍ എത്തിയിരിക്കുന്ന ഈ ചിത്രത്തേയും ഞാന്‍ സ്നേഹിക്കുന്നു. എന്റെ ഹൃദയവും ആത്മാവും ഞാന്‍ ചിത്രത്തിനായി സമര്‍പ്പിച്ചിട്ടുണ്ട്. കുറഞ്ഞ ചെലവില്‍ ഇത്തരമൊരു ചിത്രം ഉണ്ടാക്കാന്‍ ഞങ്ങളുടെ ചോരയും നീരും സമര്‍പ്പിച്ചിട്ടുണ്ട്. ഇത് പോലുളള ചിത്രത്തിനായി ഞാന്‍ ഇനിയും പ്രവര്‍ത്തിക്കും. ഞാന്‍ വിശ്വസിക്കുന്ന, വ്യത്യസ്തമെന്ന് എനിക്ക് തോന്നുന്ന ചിത്രങ്ങള്‍ക്കായി ഞാന്‍ ഇനിയും സ്വയം സമര്‍പ്പിക്കും’, ദുല്‍ഖര്‍ കൂട്ടിച്ചേര്‍ത്തു.

‘ചാര്‍ലിയും ബാംഗ്ലൂര്‍ ഡെയ്സും പോലെ അല്ലല്ലോ സോളോ എന്ന് എന്നോട് ചിലര്‍ പറഞ്ഞു. ഞാന്‍ ഇത് അവഗണിക്കണമായിരുന്നുവെന്നും അവര്‍ പറഞ്ഞു. ഇത്തരം പരീക്ഷണങ്ങള്‍ അനാവശ്യമാണെന്നും പറഞ്ഞു. പക്ഷെ അത്കൊണ്ടാണ് എനിക്ക് ഈ ചിത്രം ഇഷ്ടമായതെന്ന് നിങ്ങള്‍ അറിയണം. എനിക്ക് നിരന്തരം വ്യത്യസ്ത ചിത്രങ്ങള്‍ ചെയ്യണം. 7 ദശലക്ഷം ജനങ്ങളുളള ഇവിടെ വ്യത്യസ്ത കഥകളുണ്ടാവാം. മുന്‍വിധികളില്ലാതെ അതിനെ സമീപിച്ചുകൂടെ നമുക്ക്. എന്റെ ഏറ്റവും പ്രിയ്യപ്പെട്ട കഥാപാത്രമായ രുദ്രയെ കുറിച്ചുളള കളിയാക്കലുകള്‍ കേള്‍ക്കുമ്പോള്‍ എന്റെ ഹൃദയം തകരുകയാണ്. നടന്ന സംഭവങ്ങളെ ആസ്പദമാക്കിയാണ് ഇത് ചിത്രീകരിച്ചത്. നര്‍മ്മത്തിലൂടെ ഇത് പറയാമെന്നാണ് ഞങ്ങള്‍ കരുതിയത്. അത് ഞങ്ങള്‍ ഉദ്ദേശിക്കാതെ നര്‍മ്മകഥയായെന്ന് പറയുന്നതിന്റെ യുക്തി പിടികിട്ടുന്നില്ല’,ദുല്‍ഖര്‍ പറഞ്ഞു.

‘ക്ലൈമാക്സ് ഡാര്‍ക്ക് കോമഡിയിലാണ് ഒരുക്കിയിട്ടുളളത്. ബിജോയ് ഈ കഥ പറയുമ്പോഴും ഷൂട്ട് ചെയ്യുമ്പോഴും ഡബ് ചെയ്യുമ്പോഴും ഒക്കെ ഞങ്ങല്‍ അതിനെ കുറിച്ച് ബോധവാന്മാരാണ്. കതാപാത്രങ്ങള്‍ അത് ഹാസ്യാത്മകമായിട്ടല്ല കൈകാര്യം ചെയ്യുന്നത് എന്നത് ശരി തന്നെയാണ്. ഡാര്‍ക്ക് കോമഡി തന്നെയാണ് ഞങ്ങള്‍ ഉദ്ദേശിച്ചത്. ക്ലൈമാക്സ് മനസ്സിലാകാതെ കൂവി വിളിക്കുകയും നിലവാരം താഴ്ത്തി പ്രചരിക്കുകയും ചെയ്യുന്നത് ചിത്രത്തെ കൊല്ലുന്നതിന് തുല്യമാണ്. അത് ഞങ്ങളുടെ ഹൃദയം തകര്‍ക്കുന്നു. ഞങ്ങളുടെ ഊര്‍ജം ഇല്ലാതാക്കുന്നു. നിങ്ങള്‍ തന്നെ തന്ന ധൈര്യം തകര്‍ക്കുന്നു. അത് കൊണ്ട് നിങ്ങളോട് ഞാന്‍ യാചിക്കുകയാണ്. സോളോയെ കൊല്ലരുത്’, ദുല്‍ഖര്‍ അഭ്യര്‍ത്ഥിച്ചു.

‘ബിജോയ് നമ്പ്യാര്‍ ഒരുക്കിയ പതിപ്പിനൊപ്പമാണ് ഞാന്‍ നിലകൊളളുന്നത്. ചിത്രത്തിന്റെ അണിയറയില്‍ ഇല്ലാത്തവര്‍ ചിത്രത്തില്‍ എന്ത് തിരുത്തല്‍ വരുത്തിയാലും അത് ഈ ചിത്രത്തെ കൊല്ലുന്നതിന് കൂട്ടുനില്‍ക്കലാണ്’, ദുല്‍ഖര്‍ കൂട്ടിച്ചേര്‍ത്തു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ