തന്റെ സ്വകാര്യ ജീവിതത്തെക്കുറിച്ച് സംസാരിക്കാൻ യാതൊരു വിമുഖതയും കാണിക്കാത്ത ആളാണ് ബോളിവുഡ് നടി നീന ഗുപ്ത. ഇപ്പോൾ ഉത്തരാഖണ്ഡിലെ മുക്തേശ്വറിൽ ഒരു അവധിക്കാലം ആഘോഷിക്കുകയാണ് താരം. അതിനിടയിൽ നീന സോഷ്യൽ മീഡിയയിൽ പങ്കുവച്ച ഒരു വീഡിയോയാണ് ഇപ്പോൾ ചർച്ചയാകുന്നത്.
‘സച്ച് കഹൂൻ തോ'(ഉള്ളത് ഉള്ളതു പോലെ പറയുക) എന്ന പേരിലാണ് നീന ഗുപ്ത ഇൻസ്റ്റഗ്രാമിൽ ചില വെളിപ്പെടുത്തലുകൾ നടത്താറുള്ളത്. ഇതിന്റെ ഭാഗമായി താരം തിങ്കളാഴ്ച ഒരു പുതിയ വീഡിയോ പോസ്റ്റ് ചെയ്തു. തന്റെ ജീവിതാനുഭവങ്ങൾ, പ്രത്യേകിച്ച് തന്റെ പ്രണയ ജീവിതവുമായി ബന്ധപ്പെട്ട ചില കാര്യങ്ങളാണ് നീന വീഡിയോയിൽ പറയുന്നത്.
തനിക്ക് ഇക്കുറി ചില സത്യങ്ങൾ വെളിപ്പെടുത്താനുണ്ട് എന്ന് പറഞ്ഞാണ് നീനയുടെ വീഡിയോ ആരംഭിക്കുന്നത്. ഒരിക്കൽ വിവാഹിതനായ ഒരാളുമായി താൻ പ്രണയത്തിലായിരുന്നുവെന്ന് നടി വ്യക്തമാക്കി. നിരവധി തവണ അദ്ദേഹത്തിന്റെ ഭാര്യയെ വിളിച്ച് ഇക്കാര്യങ്ങൾ അറിയിക്കാനുള്ള ത്വര തനിക്കുണ്ടായെന്ന് നീന ഗുപ്ത തന്റെ പോസ്റ്റിൽ വെളിപ്പെടുത്തി. വളരെയധികം വിഷമങ്ങൾക്കും കോലാഹലങ്ങൾക്കും ശേഷം തങ്ങൾ വേർപിരിയാൻ തീരുമാനിക്കുകയായിരുന്നുവെന്നും നീന ഗുപ്ത വെളിപ്പെടുത്തി. “ഉള്ളത് പറയട്ടെ, ഒരിക്കലും വിവാഹിതനായ ഒരാളുമായി ബന്ധം സ്ഥാപിക്കരുത്,” എന്നു പറഞ്ഞുകൊണ്ടാണ് നീന ഗുപ്ത വീഡിയോ അവസാനിപ്പിച്ചത്.
എൺപതുകളിൽ വെസ്റ്റ് ഇൻഡീസ് മുൻ ക്രിക്കറ്റ് താരം വിവിയൻ റിച്ചാർഡ്സുമായുള്ള നീനയുടെ പ്രണയം ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു. ഇരുവരുടേയും മകളാണ് ഡിസൈനർ മസബ ഗുപ്ത. വിവിയൻ റിച്ചാർഡ്സുമായി പിരിഞ്ഞ നീന പിന്നീട് ചാർട്ടേഡ് അക്കൗണ്ടന്റ് വിവേക് മെഹ്റയെ വിവാഹം കഴിച്ചു. വിവിയൻ റിച്ചാർഡ്സ് മിറിയമിനെ വിവാഹം കഴിച്ചു.
ആയുഷ്മാൻ ഖുറാന, ജിതേന്ദ്ര കുമാർ, ഗജ്രാജ് റാവു, മാൻവി ഗഗ്രൂ എന്നിവർ അഭിനയിച്ച ശുഭ് മംഗൾ സ്യാദ സാവ്ധാനാണ് നീന ഗുപ്തയുടേതായി ഒടുവിൽ പുറത്തിറങ്ങിയ ചിത്രം.