കൊച്ചി: തന്റെ പുതിയ ചിത്രത്തെ ആദിയോടും രാമലീലയോടും താരതമ്യം ചെയ്യരുതെന്ന് സംവിധായകന്‍ അരുണ്‍ ഗോപി. ആദിയ്ക്ക് ശേഷം പ്രണവ് മോഹന്‍ലാല്‍ നായകനാകുന്ന ചിത്രം സംവിധാനം ചെയ്യുന്നത് അരുണ്‍ ഗോപിയാണ്. രാമലീലയ്ക്ക് ശേഷമുള്ള അരുണിന്റെ ചിത്രവുമാണിത്.
തിയ്യറ്ററില്‍ മികച്ച പ്രതികരണം നേടിയ ചിത്രങ്ങളായിരുന്നു ആദിയും രാമലീലയും. എന്നാല്‍ പുതിയ സിനിമയെ ഇത് രണ്ടുമായി താരതമ്യം ചെയ്യരുതെന്ന് വ്യക്തമാക്കിയിരിക്കുയാണ് അരുണ്‍ ഗോപി. ഈ സിനിമയെന്നല്ല ഒരു സിനിമയേയും ഇതുപോലെ മുന്‍ സിനിമകളുമായി താരതമ്യം ചെയ്യരുതെന്നും അദ്ദേഹം പറയുന്നു.
ഒരു സിനിമയ്ക്ക് ആവശ്യമുള്ളത് ആ സിനിമയില്‍ ഉള്‍പ്പെടുത്തും, അത് മറ്റ് സിനിമകളുമായി ബന്ധം ഉണ്ടാകണം എന്നില്ല. രാമലീലയ്ക്കും മുന്‍പേ മനസ്സിലെത്തിയ സിനിമയിലാണ് ഇപ്പോള്‍ പ്രണവിനെ നായകനായി തീരുമാനിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.
രണ്ട് വര്‍ഷം മുമ്പു തന്നെ ഈ ചിത്രം തന്റെ മനസിലുണ്ടായിരുന്നുവെന്നും നായകനായി പുതുമുഖത്തെ കൊണ്ടു വരണമെന്നുമായിരുന്നു ആഗ്രഹമെന്നും പറഞ്ഞ അരുണ്‍ പിന്നീട് ആദി കണ്ടതോടെ പ്രണവിനെ നായകനാക്കാന്‍ തീരുമാനിക്കുകയായിരുന്നുവെന്നും പറയുന്നു.
കഴിഞ്ഞ ദിവസം നിര്‍മ്മാതാവ് ടോമിച്ചന്‍ മുളകുപാടമാണ് ചിത്രം പ്രഖ്യാപിച്ചത്. മുളകുപാടം ഫിലിംസ് നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ പേര് ഇതുവരേയും തീരുമാനിച്ചിട്ടില്ല. അതേസമയം, ചിത്രത്തിന്റെ ചിത്രീകരണം ജൂണ്‍ ആദ്യം തന്നെ ആരംഭിക്കുമെന്നും അരുണ്‍ ഗോപി അറിയിച്ചു. ഒരു ബിഗ് ബജറ്റ് ചിത്രമായിരിക്കും ഇതെന്നും സംവിധായകന്‍ പറയുന്നു.